കൂട്ടുകാര്‍ക്കൊപ്പം ഹുസൈന് ഹാപ്പി! സ്കൂളില്‍ കാണാനെത്തി എംഎല്‍എ
പെരിന്തല്‍മണ്ണ: ഉപജീവനത്തിനായി പെരിന്തല്‍മണ്ണ നഗരത്തില്‍ ചായ വിറ്റുനടന്ന അസം സ്വദേശിയായ ഏഴാം ക്ലാസുകാരന് ഹുസൈനെ കാണാന്‍ എംഎല്‍എ നജീബ് കാന്തപുരം സ്കൂളിലെത്തി. ഹുസൈന് ഇപ്പോള്‍ പൂര്‍ണ സന്തോഷവാനാണെന്നും കൂട്ടുകാര്‍ക്കൊപ്പം പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും എംഎല്‍എ തന്റെ ഫേസ്ബുക്ക് റീലിലൂടെ പങ്കുവെച്ചു.
കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ഉപ്പ അപകടത്തില്‍ മരിച്ചതോടെയാണ് അസുഖബാധിതയായ ഉമ്മയുടെ ചികിത്സയ്ക്കും കുടുംബം പുലര്‍ത്തുന്നതിനുമായി പെരിന്തല്‍മണ്ണ ബോയ്സ് സ്കൂളിലെ വിദ്യാര്‍ത്ഥിയായ ഹുസൈന് ചായ വില്‍പ്പനക്കിറങ്ങിയത്. പകല്‍ സ്കൂളില്‍ പോവുകയും ഉച്ചയ്ക്ക് ശേഷം പെരിന്തല്‍മണ്ണ അങ്ങാടിയില്‍ ചായ വില്‍ക്കുകയും ചെയ്യുന്ന ഈ മിടുക്കന് സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയതോടെയാണ് സഹായവുമായി എംഎല്‍എ എത്തിയത്.
ഹുസൈന് പഠിക്കുന്ന പെരിന്തല്‍മണ്ണ ബോയ്സ് സ്കൂളിലെത്തിയാണ് നജീബ് കാന്തപുരം എംഎല്‍എ കുട്ടിയെ കണ്ടത്. കുട്ടികള്‍ക്കൊപ്പം സന്തോഷത്തോടെ ഇരിക്കുന്ന ഹുസൈന്റെ ചിത്രങ്ങള്‍ എംഎല്‍എ പങ്കുവെച്ചു.
”ഇന്ന് ഹുസൈന്റെ സ്കൂളില്‍ പോയി. അവന്റെ ക്ലാസ്സ് ടീച്ചറോടും ഹെഡ്മാസ്റ്ററോടും വിവരങ്ങള്‍ തിരക്കി. മിടുക്കനായ ഹുസൈന് അവര്‍ക്കെല്ലാം പ്രിയപ്പെട്ടവനാണ്. ഹുസൈന്റെ കൂട്ടുകാരായ കുട്ടികളുമായും സംസാരിച്ചു. ഉപ്പ മരിച്ചുപോയ ആ കുട്ടിക്ക് ഇപ്പോള്‍ വേണ്ടത് സാമ്പത്തിക പിന്തുണയെക്കാള്‍ വൈകാരികപിന്തുണയും പാരന്റിങ്ങുമാണ്. അതാണ് ഞങ്ങള്‍ കൊടുക്കുന്നത്.”എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു.
ഇനി കുടുംബഭാരം ചുമന്ന് ചായ വില്‍ക്കേണ്ട, പഠനത്തില്‍ മാത്രം ശ്രദ്ധ നല്കിയാല് മതിയെന്ന് എംഎല്‍എ ഉറപ്പുനല്‍കിയിട്ടുണ്ട്.
രണ്ടു മാസം കൊണ്ട് മലയാളം പഠിച്ച ഈ അസം സ്വദേശിക്ക് ഇനി സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ താല്പര്യമില്ലെന്നും കേരളമാണ് ഏറെ ഇഷ്ടമെന്നും പറഞ്ഞത് നേരത്തെ വൈറലായിരുന്നു.