പാകിസ്താന്‍റെ ഉറക്കംകെടുത്താന്‍ ഇന്ത്യയുടെ ‘ത്രിശൂല്‍ 2025’; അതിര്‍ത്തിയില്‍ കര-വ്യോമ-നാവിക സേനകളുടെ സംയുക്ത സൈനികാഭ്യാസം
അഹമ്മദാബാദ്: ഇന്ത്യയുടെ മൂന്ന് സേനകളും അണിനിരക്കുന്ന വന്‍ സംയുക്ത സൈനികാഭ്യാസത്തിന് തുടക്കം. പാകിസ്താനും ചൈനയ്ക്കും ഉള്‍പ്പെടെ ശക്തമായ മുന്നറിയിപ്പുമായാണ് ‘ത്രിശൂല്‍ 2025’ എന്ന പേരില്‍ കര-നാവിക-വ്യോമ സേനകളുടെ സംയുക്ത സൈനികാഭ്യാസം നടക്കുന്നത്. ഗുജറാത്തിലെ കച്ച് മേഖലയിലും രാജസ്ഥാനിലുമായി നടക്കുന്ന പരിശീലനം നവംബര്‍ 10 വരെ തുടരും.
പാകിസ്താനുമായി സംഘര്‍ഷ സാധ്യതയുള്ള പ്രദേശമായി കണക്കാക്കപ്പെടുന്ന സര്‍ ക്രീക്ക് അതിര്‍ത്തിക്ക് അടുത്തുള്ള ഗുജറാത്തിലെ കച്ച് മേഖലയാണ് അഭ്യാസത്തിന് തിരഞ്ഞെടുത്ത പ്രധാന സ്ഥലമെന്നത് ശ്രദ്ധേയമാണ്. ആറ് മാസം മുമ്പ് നടന്ന ഓപറേഷന്‍ സിന്ദൂര്‍ ആക്രമണത്തിന് ശേഷം നടക്കുന്ന ഏറ്റവും വലിയ സംയുക്ത സൈനികാഭ്യാസമാണ് ത്രിശൂല്‍ 2025.
മൂന്ന് സേനാ വിഭാഗങ്ങള്‍ തമ്മിലുള്ള ഏകോപനവും പ്രവര്‍ത്തന മികവും മെച്ചപ്പെടുത്തുന്നതിലാണ് അഭ്യാസം പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സംയോജിത കമാന്‍ഡ് ഘടനകളിലേക്കുള്ള ഇന്ത്യയുടെ ചുവടുമാറ്റത്തിന്റെ ഭാഗം കൂടിയാണിത്.
പാക് അതിര്‍ത്തിയിലെ ഏതൊരു പ്രകോപനങ്ങളെയും നേരിടാനുള്ള ഇന്ത്യയുടെ സന്നദ്ധത കൂടി അടിവരയിടുന്നതാണ് അഭ്യാസം. സര്‍ ക്രീക്ക് മേഖലയില്‍ ഒരു തരത്തിലുമുള്ള അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകരുതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കര്‍ശന മുന്നറിയിപ്പ് നല്‍കിയിരുന്നു. സര്‍ ക്രീക്കില്‍ പാകിസ്താന്‍ സാഹസത്തിനു ധൈര്യപ്പെട്ടാല്‍, ചരിത്രവും ഭൂമിശാസ്ത്രവും മാറ്റുന്ന മറുപടി നല്‍കുമെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.
അഭ്യാസത്തില്‍ മൂന്ന് സേനകളുടെയും വിപുലമായ പങ്കാളിത്തമുണ്ട്. 20,000ത്തിലധികം സൈനികരാണു പങ്കെടുക്കുന്നത്. കരസേനയുടെ ടി-90 ടാങ്കുകള്‍, ബ്രഹ്മോസ്, ആകാശ് മിസൈല്‍ സംവിധാനങ്ങള്‍, ഹെലികോപ്റ്ററുകള്‍ എന്നിവ വിന്യസിച്ചിട്ടുണ്ട്. വ്യോമസേന റാഫേല്‍, സു-30 എംകെഐ യുദ്ധവിമാനങ്ങള്‍, സീ ഗാര്‍ഡിയന്‍, ഹെറോണ്‍ ഡ്രോണുകള്‍ എന്നിവ ഉപയോഗിച്ച് പോരാട്ട ശേഷി പ്രദര്‍ശിപ്പിക്കും.
നാവികസേനയുടെ ഭാഗമായുള്ള പടിഞ്ഞാറന്‍ തീരത്തെ കൊല്‍ക്കത്ത ക്ലാസ് ഡിസ്ട്രോയറുകള്‍, നീലഗിരി ക്ലാസ് ഫ്രിഗേറ്റുകള്‍, ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റുകള്‍ എന്നിവയുടെ സാന്നിധ്യവുമുണ്ട്. അഭ്യാസത്തിന്റെ ആദ്യ ഘട്ടത്തിന് നേതൃത്വം നല്‍കുന്നത് നാവികസേനയാണ്.