‘ടാസ്‌ക്’ ലൈഫ്ടൈം ട്രാവല്‍ എക്സലന്‍സ് അവാര്‍ഡ് കെ.വി അബ്ദുല്‍ നാസറിന്
കൊച്ചി: കേരളത്തിലെ ട്രാവല്‍ ടൂറിസം മേഖലയിലെ പ്രമുഖ സംഘടനയായ ട്രാവല്‍ ആന്‍ഡ് ടൂര്‍സ് ഏജന്റ്സ് സര്‍വൈവല്‍ കേരള(ടാസ്‌ക്) സംഘടിപ്പിക്കുന്ന വാര്‍ഷിക സംഗമമായ ‘സിനെര്‍ജി 2025’ നാളെ വൈകിട്ട് 4.30ന് കൊച്ചിയില്‍ നടക്കും. എറണാകുളം താജ് വിവാന്തയില്‍ നടക്കുന്ന ചടങ്ങ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ ട്രാവല്‍ പ്രൊഫഷണലുകള്‍, വ്യവസായ പ്രമുഖര്‍, വ്യോമയാന മേഖലയിലെ പ്രതിനിധികള്‍, രാഷ്ട്രീയ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
ഇന്ത്യയുടെ ട്രാവല്‍ വ്യവസായത്തില്‍ ആഗോള തലത്തില്‍ മാറ്റം കൊണ്ടുവന്ന അക്ബര്‍ ഗ്രൂപ്പ് സ്ഥാപകനും സിഎംഡിയുമായ കെ.വി അബ്ദുല്‍ നാസറിനെ ടാസ്‌ക് ലൈഫ്ടൈം ട്രാവല്‍ എക്സലന്‍സ് അവാര്‍ഡ് 2025 നല്‍കി ചടങ്ങില്‍ ആദരിക്കും. പരിപാടിയുടെ ഭാഗമായി ടൂറിസം രംഗത്തെ പുതിയ പ്രവണതകളും വെല്ലുവിളികളും ചര്‍ച്ച ചെയ്യുന്ന ആശയവിനിമയ സെഷനുകള്‍, പങ്കാളിത്ത സ്ഥാപനങ്ങളുടെ അവതരണങ്ങള്‍, സ്റ്റാളുകള്‍, നെറ്റ്വര്‍ക്കിങ് അവസരങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.
കേരളത്തിലെ ട്രാവല്‍ കമ്മ്യൂണിറ്റിയെ കൂടുതല്‍ ഏകോപിതവും ശക്തവുമായ ഒരു കൂട്ടായ്മയാക്കി മാറ്റുന്ന സംഘടനയുടെ ദീര്‍ഘകാല ദൗത്യത്തിന്റെ ഭാഗമാണ് സിനെര്‍ജി 2025 എന്ന് ടാസ്‌ക് പ്രസിഡന്റ് രാജേഷ് ചന്ദ്രന്‍, ജനറല്‍ സെക്രട്ടറി ജുബൈര്‍ സി.കെ, സിനെര്‍ജി 2025 പ്രോഗ്രാം കണ്‍വീനര്‍ അബ്ബാസ് പി.കെ എന്നിവര്‍ പറഞ്ഞു.