എനിക്ക് എയ്ഡ്‌സും കാന്‍സറുമൊക്കെ ആണെന്നെല്ലാം പ്രചാരണമുണ്ടായി; ഇപ്പോള്‍ ഞാന്‍ പ്രൈവസി ആഗ്രഹിക്കുന്നു-മല്ലു ട്രാവലര്‍
കോഴിക്കോട്: രോഗവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വിശദീകരണവുമായി യാത്രാ വ്‌ളോഗറായ മല്ലു ട്രാവലര്‍ എന്ന ഷാക്കിര്‍ സുബ്ഹാന്‍. മനസ് തകര്‍ന്നുകിടക്കുന്ന ഒരു സമയത്താണ് ആ വിവരം അന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. അല്‍പ ദിവസം ഇടവേളയെടുത്ത് തിരിച്ചുവന്നപ്പോള്‍ ആളുകള്‍ എനിക്ക് എയ്ഡ്‌സ് ആണെന്നും കാന്‍സര്‍ ആണെന്നുമെല്ലാം പ്രചരിപ്പിക്കുന്നതാണ് കണ്ടത്. എന്നാല്‍, വ്യക്തിപരമായി സ്വകാര്യത ആഗ്രഹിക്കുന്ന ഒരു ഘട്ടത്തിലാണ് താനിപ്പോള്‍ ഉള്ളതെന്നും ഷാക്കിര്‍ പറഞ്ഞു.
‘എര്‍ച്ചി’ പോഡ്കാസ്റ്റിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസു തുറന്നത്. ”ഞാന്‍ 2018 മുതല്‍ ഈ മേഖലയിലുണ്ട്. അന്നുമുതല്‍ എന്റെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളെല്ലാം ആളുകള്‍ക്കു മുന്നില്‍ പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ടാണ് എനിക്കൊരു പ്രശ്‌നം വന്നപ്പോള്‍ അതും ആളുകളോട് പറയണമെന്നു തോന്നിയത്. അന്ന് ആ പോസ്റ്റിട്ട് മൊബൈല്‍ എല്ലാം ഒഴിവാക്കി എന്റെ പാട്ടിനു പോയതായിരുന്നു. എന്നാല്‍, തിരിച്ചുവന്നപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കാണുന്നത്, എനിക്ക് എയ്ഡ്‌സ് ആണ്, കാന്‍സര്‍ ആണെന്നെല്ലാം ആളുകള്‍ കമെന്റ് ചെയ്യുന്നതാണ്.”-ഷാക്കിര്‍ ചൂണ്ടിക്കാട്ടി.
ശരീരത്തില്‍ പുറമേ കാണുന്ന മുറിവുകളെക്കാള്‍ ഭയാനകമാണ് മനസിന്റെ മുറിവ്. അത് ഉണങ്ങാന്‍ അല്‍പം സമയമെടുക്കും. മനസിന്റെ നില തെറ്റിക്കഴിഞ്ഞാല്‍ പ്രശ്‌നമാണ്. മനസ് തകര്‍ന്ന് ഇരിക്കുകയായിരുന്നു ഞാന്‍. ആ സമയത്താണ് പോസ്റ്റിട്ടത്. ട്രിപ്പുകളില്‍നിന്നെല്ലാം ഇടവേളയെടുത്ത സമയത്താണ് ഇതു സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
”എനിക്കു ചുറ്റും ഒരുപാടു പേരുണ്ട്. അവരോട് എനിക്ക് വ്യക്തിപരമായ കാര്യങ്ങള്‍ പങ്കുവയ്ക്കാന്‍ പറ്റില്ല. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്ക് കാര്യങ്ങള്‍ അറിയും. ഞാന്‍ ഇപ്പോള്‍ റീക്കവര്‍ ആയിക്കൊണ്ടിരിക്കുകയാണ്. പൂര്‍ണമായും ശരിയായിട്ടില്ല. ചില സമയത്ത് ഏതാനും നിമിഷം മൈന്‍ഡ് കട്ടാകും.
ഇപ്പോള്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരുപാട് മെസേജുകള്‍ വരുന്നുണ്ട്. എന്നെ ആശ്വസിപ്പിച്ചും അവരുടെ അനുഭവങ്ങള്‍ പറഞ്ഞുമെല്ലാം. അവര്‍ക്കെല്ലാം മറുപടി കൊടുക്കാറുണ്ട്.”
ചിലര്‍ എന്റെ ബിസിനസ് തന്ത്രമാണെന്നു പറഞ്ഞിരുന്നു. എന്നാല്‍, കുറച്ചു ദിവസം മാറിനിന്നതോടെ ബിസിനസില്‍ ഒരുപാട് നഷ്ടങ്ങളുണ്ടാകുകയാണ് ചെയ്തത്. എന്‍രെ ബിസിനസ് വിജയിക്കാന്‍ വേണ്ടി എന്റെ ശരീരം നശിച്ചു എന്നു പറഞ്ഞ് വിഡിയോ ചെയ്യേണ്ട ആവശ്യമില്ലെന്നും ഷാക്കിര്‍ വ്യക്തമാക്കി.
ഞാന്‍ പ്രൈവസി ആഗ്രഹിക്കുന്ന ഒരു ഘട്ടത്തിലാണ് ഇപ്പോഴുള്ളത്. സോഷ്യല്‍ മീഡിയയെ എന്റെ ജോലിയായിട്ടാണ് കണ്ടത്. പക്ഷേ, ജനങ്ങള്‍ നമ്മെ അങ്ങനെയായിരിക്കില്ല കാണുന്നത്. നമ്മള്‍ എന്തു മോശം അവസ്ഥയിലാണെങ്കിലും ആളുകളെ സന്തോഷിപ്പിച്ചു വിടേണ്ടിവരും. പക്ഷേ, ഇപ്പോള്‍ ആളുകളോട് മൈന്‍ഡ് ഔട്ടാണെന്നും എന്തെങ്കിലും മോശമായി അനുഭവം ഉണ്ടായാല്‍ പറയണമെന്ന് ഞാന്‍ പറയാറുണ്ട്. നമ്മെ ഇഷ്ടപ്പെടുന്ന ആള്‍ക്കാര്‍ അതു മനസിലാക്കുന്നുണ്ടെന്നും മല്ലു ട്രാവലര്‍ കൂട്ടിച്ചേര്‍ത്തു.