രാജ്യത്ത് ഒരു ലക്ഷം ഇവി ചാർജിങ് പോയിന്റുകളുമായി മാരുതി സുസുക്കി
രാജ്യത്തെ ഇലക്ട്രിക് വാഹന ഉടമകൾക്ക് സന്തോഷ വാർത്തയുമായി പ്രമുഖ വാഹന നിർമാതാക്കളായ മാരുതി സുസുക്കി. 2030-ഓടെ രാജ്യത്തുടനീളം ഒരു ലക്ഷം ചാർജിങ് പോയിന്റുകൾ സ്ഥാപിക്കുമെന്ന് കമ്പനി അറിയിച്ചു. തങ്ങളുടെ ആദ്യ ഇലക്ട്രിക് കാറായ ‘ഇ വിറ്റാര’ ഈ മാസം നിരത്തിലിറങ്ങാനിരിക്കെയാണ് മാരുതിയുടെ പ്രഖ്യാപനം.
നിലവിൽ രാജ്യത്തെ പ്രധാന നഗരങ്ങളിലായി രണ്ടായിരത്തോളം ചാർജിംഗ് പോയിന്റുകൾ മാരുതി സുസുക്കി നേരിട്ട് സ്ഥാപിച്ചിട്ടുണ്ട്. ഇതിനു പുറമെ പതിമൂന്നോളം പ്രമുഖ ചാർജിംഗ് ശൃംഖല ഓപ്പറേറ്റർമാരുമായി സഹകരിച്ചാണ് ഒരു ലക്ഷം ചാർജിംഗ് പോയിന്റുകൾ എന്ന ലക്ഷ്യത്തിലേക്ക് കമ്പനി നീങ്ങുന്നത്. പ്രധാന നഗരങ്ങളിൽ ഓരോ അഞ്ച് മുതൽ പത്ത് കിലോമീറ്റർ ചുറ്റളവിലും ദേശീയ പാതകളിൽ കൃത്യമായ ഇടവേളകളിലും ചാർജിംഗ് സൗകര്യം ലഭ്യമാക്കുക എന്നതാണ് മാരുതിയുടെ പദ്ധതി. സൗരോർജ്ജം ഉപയോഗിച്ചുള്ള ചാർജിംഗ് സംവിധാനങ്ങൾക്കും അതിവേഗ ഡിസി ചാർജറുകൾക്കുമാണ് പദ്ധതിയിൽ മുൻഗണന നൽകുന്നത്.
2025 അവസാനത്തോടെ രാജ്യത്തെ പെട്രോൾ പമ്പുകളിൽ മാത്രം 27,000-ലധികം ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. വിവിധ പെട്രോളിയം കമ്പനികളും, ടാറ്റ പവർ, ടാറ്റ മോട്ടോഴ്സ്, സിയോൺ തുടങ്ങിയ കമ്പനികളുമാണ് ഈ രംഗത്ത് നിക്ഷേപം നടത്തുന്നത്. നിലവിൽ കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് ചാർജിംഗ് സ്റ്റേഷനുകളുടെ എണ്ണത്തിൽ മുന്നിലുള്ളത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും പിഎം ഇ-ഡ്രൈവ് പോലുള്ള പദ്ധതികളിലൂടെ ചാർജിംഗ് ശൃംഖല വിപുലീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.