അലസിപ്പോയ ഭ്രൂണം ജഡ്ജിയുടെ മേശപ്പുറത്ത് വെച്ചു; മാരുതി സുസികിക്കെതിരെ യുവാവ് നൽകിയ കേസ് കോടതി തള്ളി
ഭോപാൽ : മധ്യപ്രദേശ് ഹൈക്കോടതിയുടെ ജബൽപൂർ ബെഞ്ചിലെ ജഡ്ജിയുടെ മേശപ്പുറത്ത് ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കൊണ്ടുവെച്ച് പ്രതിഷേധിച്ച് യുവാവ്. ജസ്റ്റിസ് ഹിമാൻഷു ജോഷിയുടെ കോടതി മുറിയിലാണ് ഈ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. തന്റെ കുടുംബത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഗർഭസ്ഥ ശിശു കൊല്ലപ്പെട്ടുവെന്ന് ആരോപിച്ചാണ് രേവ സ്വദേശിയായ ദയാശങ്കർ പാണ്ഡെ അലസിപ്പോയ ഭ്രൂണവുമായി കോടിതിയിലെത്തിയത്. വാദത്തിനിടയിൽ പെട്ടെന്ന് അലസിപ്പോയ ഭ്രൂണം ഭാഗിൽ നിന്നെടുത്ത് ജഡ്ജിയുടെ മേശപ്പുറത്ത് വെക്കുകയായിരുന്നു.
മാരുതി സുസുകി കമ്പനിയിൽ നടന്ന 200 കോടിയുടെ രൂപയുടെ അഴിമതി താൻ പുറത്തുകൊണ്ടുവന്നുവെന്നും ഇതിന്റെ വൈരാഗ്യത്തിൽ കമ്പനി ഗുണ്ടകൾ തന്റെ കാർ ഇടിച്ചുതെറിപ്പിച്ചെന്നും ഇയാൾ ആരോപിച്ചു. ഈ അപകടത്തിലാണ് തന്റെ ഭാര്യയുടെ ഗർഭം അലസിപ്പോയതെന്ന് ദയാശങ്കർ അരോപിച്ചു. ഇതിന് നഷ്ടപരിഹാരമായി തനിക്ക് 200 കോടി രൂപ വേണമെന്നും ഇയാൾ വ്യക്തമാക്കി.
എന്നാൽ കോടതി മുറിയെ വൈകാരിക പ്രകടനങ്ങൾക്കോ നാടകീയ രംഗങ്ങൾക്കോ ഉള്ള വേദിയാക്കി മാറ്റരുതെന്ന് ജസ്റ്റിസ് ഹിമാൻഷു ജോഷി കർശനമായി നിർദ്ദേശിച്ചു. യുവാവിന്റെ പ്രവർത്തി അപലപനീയവും കോടതിയുടെ അന്തസ്സിനെ കെടുത്തുന്നതുമാണെന്ന് നിരീക്ഷിച്ച കോടതി യുവാവിന്റെ ഹരജി തള്ളികളഞ്ഞു. തെളിവുകളൊന്നുമില്ലാതെ ഉന്നയിച്ച ഈ പരാതി വ്യാജമാണെന്നും കോടതി വിലയിരുത്തി. മാരുതിയിലെ അഴിമതിയോ യുവാവിനും കുടുംബത്തിനു നേരെയുണ്ടാ ആക്രമണമോ തെളിയിക്കുന്ന രേഖയോ പോലീസിൽ നൽകിയ പരാതിയുടെ പകർപ്പോ ഹരജിക്കാരന് ഹാജരാക്കാൻ കഴിഞ്ഞില്ല.
കോടതിയിലേക്ക് ഗർഭസ്ഥ ശിശുവിന്റെ മൃതദേഹവുമായി ഒരാൾ പ്രവേശിച്ചത് ഗുരുതരമായ സുരക്ഷാ വീഴ്ചയായാണ് കണക്കാക്കുന്നത്. സംഭവത്തെ തുടർന്ന് സുരക്ഷാ ചുമതലയുണ്ടായിരുന്ന നാല് പോലീസ് ഉദ്യോഗസ്ഥരെ ഉടൻ തന്നെ സസ്‌പെൻഡ് ചെയ്യുകയും വകുപ്പ് തല അന്യേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഇനി ഇത്തരം പ്രവർത്തികൾ ആവർത്തിച്ചാൽ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് കോടതി യുവാവിന് താക്കീത് നൽകി.