13/04/2026
[fontresizer_tawhidurrahmandear_widget]

ഇറാൻ്റെ കണ്ണുവെട്ടിച്ച സിഐഎയുടെ ‘പെഗാസസ്’ സൂത്രം; ഹൃദയമിടിപ്പ് വരെ പിടിച്ചെടുക്കുന്ന സാങ്കേതികവിദ്യയും; അമേരിക്കയുടെ രഹസ്യനീക്കത്തിന്റെ വിവരങ്ങൾ പുറത്ത്

 ഇറാൻ്റെ കണ്ണുവെട്ടിച്ച സിഐഎയുടെ ‘പെഗാസസ്’ സൂത്രം; ഹൃദയമിടിപ്പ് വരെ പിടിച്ചെടുക്കുന്ന സാങ്കേതികവിദ്യയും; അമേരിക്കയുടെ രഹസ്യനീക്കത്തിന്റെ വിവരങ്ങൾ പുറത്ത്

വാഷ‍ിങ്ടൺ: അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ ഇസ്രയേൽ നിർമ്മിത ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് ഇറാന്റെ ഉന്നത ഭരണനേതൃത്വത്തിന്റെയും സൈനിക ഉദ്യോഗസ്ഥരുടെയും ഫോണുകൾ ഹാക്ക് ചെയ്തതായി പുതിയ റിപ്പോർട്ടുകൾ.

ഇറാനിൽ തകർന്നു വീണ അമേരിക്കൻ യുദ്ധവിമാനത്തിലെ പൈലറ്റുമാരെ രക്ഷപ്പെടുത്താനുള്ള അതീവ രഹസ്യമായ ദൗത്യത്തിന്റെ ഭാഗമായാണ് ഈ നടപടി സ്വീകരിച്ചത്. ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് ഉൾപ്പെടെയുള്ള ഉന്നതതലത്തിലുള്ളവരുടെ ആശയവിനിമയങ്ങൾ തടസ്സപ്പെടുത്താനും അവരെ തെറ്റായ വഴിയിലേക്ക് നയിക്കാനുമാണ് അമേരിക്ക ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയത്.

പൈലറ്റുമാരെ കണ്ടെത്താനായി ഇറാൻ സൈന്യം വ്യാപകമായ തിരച്ചിൽ നടത്തുന്നതിനിടെ, പെഗാസസ് ഉപയോഗിച്ച് ഹാക്ക് ചെയ്ത ഫോണുകളിലൂടെ സിഐഎ തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിച്ചു. പൈലറ്റുമാരെ ഇതിനോടകം കണ്ടെത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി എന്ന തരത്തിലുള്ള സന്ദേശങ്ങളാണ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ്, സിഗ്നൽ അക്കൗണ്ടുകൾ വഴി കൈമാറിയത്. ഫോണിന്റെ യഥാർത്ഥ ഉടമ തന്നെയാണ് ഈ സന്ദേശങ്ങൾ അയക്കുന്നതെന്ന് തോന്നിപ്പിക്കാൻ സാധിക്കുമെന്ന പെഗാസസിന്റെ പ്രത്യേകത ഇറാന്റെ പ്രതിരോധ നീക്കങ്ങളെ കുഴപ്പത്തിലാക്കാൻ സഹായിച്ചു. ഇസ്രായേലിലെ എൻഎസ്ഒ ഗ്രൂപ്പ് വികസിപ്പിച്ച ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് സന്ദേശങ്ങൾ അയക്കുക മാത്രമല്ല, ഫോണിലെ മൈക്രോഫോണും ക്യാമറയും വിദൂരത്തിരുന്ന് നിയന്ത്രിക്കാനും സിഐഎയ്ക്ക് സാധിച്ചു.

ഈ ദൗത്യത്തിനായി പെഗാസസിനൊപ്പം ‘ഗോസ്റ്റ് മർമർ’ എന്ന മറ്റൊരു അത്യാധുനിക സാങ്കേതികവിദ്യയും അമേരിക്ക ഉപയോഗിച്ചിരുന്നു. മൈലുകൾക്കപ്പുറം അകലെയുള്ള ഒരാളുടെ ഹൃദയമിടിപ്പ് തിരിച്ചറിയാൻ സാധിക്കുന്ന ഈ സെൻസർ സംവിധാനം ഉപയോഗിച്ചാണ് പർവതപ്രദേശത്ത് ഒളിച്ചിരുന്ന പൈലറ്റിനെ സിഐഎ കൃത്യമായി കണ്ടെത്തിയത്. ഇറാൻ്റെ മണ്ണിൽ നടന്ന ഈ അതിസങ്കീർണ്ണമായ രക്ഷാദൗത്യത്തിന് ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജൻസികളും സൈനിക സഹായം നൽകിയിരുന്നു. ഏകദേശം നൂറ്റമ്പതോളം വിമാനങ്ങളും നൂറുകണക്കിന് സ്പെഷ്യൽ ഫോഴ്സ് ഉദ്യോഗസ്ഥരും ഈ ഓപ്പറേഷന്റെ ഭാഗമായി പ്രവർത്തിച്ചിരുന്നുവെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

സാധാരണയായി ഭീകരവാദികളെയും കുറ്റവാളികളെയും പിടികൂടാൻ സർക്കാർ ഏജൻസികൾക്ക് മാത്രം നൽകുന്ന പെഗാസസ്, ഇപ്പോൾ ഒരു രാജ്യത്തിന്റെ സൈനിക നീക്കങ്ങളെ തകർക്കാൻ ഉപയോഗിച്ചു എന്നത് ആഗോളതലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഒരു മിസ്ഡ് കോളിലൂടെയോ അല്ലെങ്കിൽ യാതൊരു ലിങ്കുകളും ക്ലിക്ക് ചെയ്യാതെ തന്നെയോ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കുന്ന ഈ ‘സീറോ ക്ലിക്ക്’ സാങ്കേതികവിദ്യ സൈനിക തലത്തിൽ എങ്ങനെ പ്രഹരശേഷിയുള്ള ആയുധമായി മാറുന്നു എന്നതിന്റെ ഉദാഹരണമായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം പൈലറ്റിനെ വിജയകരമായി രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാൻ സാധിച്ചിട്ടുണ്ടെന്നാണ് അമേരിക്കയുടെ അവകാശവാദം.

Also read: