പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന് ജീവനക്കാരന്റെ പരാതി: എച്ച്ആർഡിഎസ് സ്ഥാപക സെക്രട്ടറി അജി കൃഷ്ണനെതിരെ പോക്സോ കേസ്
ന്യൂഡൽഹി: എച്ച്ആർഡിഎസ് സ്ഥാപക സെക്രട്ടറിയും ചെയർമാനുമായ അജി കൃഷ്ണനെതിരെ പോക്സോ കേസ് പരാതി. പ്രായപൂർത്തിയാകാത്ത തന്റെ മകളെ അജി കൃഷ്ണൻ ലൈംഗിക അതിക്രമത്തിന് ഇരയാക്കി എന്ന് ആരോപിച്ച് എച്ച്ആർഡിഎസിലെ മുൻ ജീവനക്കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. 11 വയസ്സുള്ള പെൺകുട്ടിക്ക് നേരെ 2024-ലാണ് അതിക്രമം നടന്നതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.
സംഭവത്തിൽ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരാതി നൽകിയ പെൺകുട്ടിയുടെ രഹസ്യമൊഴി ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും. നിലവിൽ എഫ്ഐആറിൽ ആരുടെയും പേര് ഔദ്യോഗികമായി ചേർത്തിട്ടില്ലെന്നും, ശാസ്ത്രീയമായ തെളിവുകളും മൊഴികളും പരിശോധിച്ച ശേഷം മാത്രമേ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കൂ എന്നും ഡൽഹി പോലീസ് അറിയിച്ചു.
അതേസമയം, അജി കൃഷ്ണനെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് എച്ച്ആർഡിഎസ് അധികൃതർ പ്രതികരിച്ചു. സ്ഥാപനത്തിനുള്ളിലെ ആഭ്യന്തര തർക്കങ്ങളാണ് ഇത്തരം വ്യാജ പരാതിക്ക് പിന്നിലെന്നും കൃത്യമായ ഗൂഢാലോചന ഇതിൽ നടന്നിട്ടുണ്ടെന്നും എച്ച്ആർഡിഎസ് നേതൃത്വം ആരോപിച്ചു. നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള അജി കൃഷ്ണനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.