25/04/2026
[fontresizer_tawhidurrahmandear_widget]

‘പൊറുക്കും, പക്ഷേ മറക്കില്ല’, തന്നെ കളിയാക്കി പരസ്യമുണ്ടാക്കി നേടിയത് കോടികൾ; ഹർഭജനെ ഇൻസ്റ്റഗ്രാമിൽ ബ്ലോക്ക് ചെയ്ത് ശ്രീശാന്ത്

 ‘പൊറുക്കും, പക്ഷേ മറക്കില്ല’, തന്നെ കളിയാക്കി പരസ്യമുണ്ടാക്കി നേടിയത് കോടികൾ; ഹർഭജനെ ഇൻസ്റ്റഗ്രാമിൽ ബ്ലോക്ക് ചെയ്ത് ശ്രീശാന്ത്

കൊച്ചി: 2008-ലെ വിവാദമായ ‘സ്ലാപ്‌ഗേറ്റ്’ സംഭവത്തിൽ മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്ങിനെതിരെ കടുത്ത ആരോപണങ്ങളുമായി മലയാളി താരം എസ്. ശ്രീശാന്ത്. തന്നെ തല്ലിയ സംഭവം ഹർഭജൻ സിങ് വിപണനം ചെയ്ത് പണമുണ്ടാക്കിയെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ശ്രീശാന്ത് വെളിപ്പെടുത്തി. ഒരു മലയാള മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ശ്രീശാന്ത് തന്റെ പ്രതിഷേധം പരസ്യമാക്കിയത്. അടുത്ത കാലം വരെ ഹർഭജനുമായി നല്ല ബന്ധത്തിലായിരുന്നുവെന്നും എന്നാൽ പഴയ വിവാദത്തെ തമാശരൂപേണ അവതരിപ്പിച്ചുകൊണ്ട് ഹർഭജൻ അഭിനയിച്ച പരസ്യം ബന്ധങ്ങൾ വഷളാക്കിയെന്നും ശ്രീശാന്ത് പറഞ്ഞു.

ആ വിവാദ പരസ്യത്തിലൂടെ ഹർഭജൻ ഏതാണ്ട് ഒരു കോടി രൂപയോളം സമ്പാദിച്ചുവെന്നും ആ വീഡിയോ തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെക്കാൻ ഹർഭജൻ ആവശ്യപ്പെട്ടുവെന്നും ശ്രീശാന്ത് ആരോപിച്ചു. “അദ്ദേഹം എന്നെ വിളിച്ച് ആ വീഡിയോ സ്റ്റോറി ഇടാൻ ആവശ്യപ്പെട്ടു. ‘ഞാൻ പൊറുക്കും, പക്ഷേ ഒരിക്കലും മറക്കില്ല’ എന്നാണ് ഞാൻ മറുപടി നൽകിയത്. ഒരാൾ നിങ്ങളോട് തെറ്റ് ചെയ്താൽ അത് ക്ഷമിക്കാം, പക്ഷേ മറക്കരുത്. മറന്നാൽ അവർ അത് വീണ്ടും ആവർത്തിക്കും,” ശ്രീശാന്ത് വ്യക്തമാക്കി. ഹർഭജനെ താൻ ഇൻസ്റ്റഗ്രാമിൽ ബ്ലോക്ക് ചെയ്തതായും ഇനി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറ്റൊരു താരം ആർ. അശ്വിനുമായുള്ള അഭിമുഖത്തിൽ ഉൾപ്പെടെ ഹർഭജൻ തന്റെ മകളെക്കുറിച്ച് സംസാരിച്ചത് വെറും അഭിനയമാണെന്നും ശ്രീശാന്ത് കുറ്റപ്പെടുത്തി. “അദ്ദേഹം നല്ല വ്യക്തിയാണെന്ന് ലോകത്തെ കാണിക്കാനുള്ള അഭിനയമാണിത്. ഇന്ത്യക്കായി കളിച്ച കാലം മുതൽ ഞാൻ കാണുന്നതാണ് ഈ പ്രകടനം. എന്റെ അച്ഛനും അമ്മയും എന്നെ പഠിപ്പിച്ചത് പൊറുക്കാനാണ്, എന്നാൽ ഈ നിലപാടുകൾ സഹിക്കാവുന്നതിലും അപ്പുറമാണ്,” ശ്രീശാന്ത് പറഞ്ഞു.

2008-ൽ ഐപിഎല്ലിനിടെ മുംബൈ ഇന്ത്യൻസും കിങ്‌സ് ഇലവൻ പഞ്ചാബും തമ്മിലുള്ള മത്സരത്തിന് ശേഷമാണ് ഹർഭജൻ ശ്രീശാന്തിനെ മർദ്ദിച്ചത്. തുടർന്ന് ഗ്രൗണ്ടിൽ വെച്ച് ശ്രീശാന്ത് കരയുന്ന ദൃശ്യങ്ങൾ വലിയ ചർച്ചയായിരുന്നു. സംഭവത്തെത്തുടർന്ന് ഹർഭജനെ ആ ഐപിഎൽ സീസണിലെ ബാക്കി മത്സരങ്ങളിൽ നിന്ന് വിലക്കിയിരുന്നു. വർഷങ്ങൾക്ക് ശേഷം ഇരുവരും ഐക്യത്തിലായെന്ന് തോന്നിപ്പിച്ചെങ്കിലും പുതിയ വെളിപ്പെടുത്തലുകൾ ക്രിക്കറ്റ് ലോകത്ത് വീണ്ടും ചർച്ചയായിരിക്കുകയാണ്.

Also read: