വോട്ടിന് കിറ്റ്: ആരോപണത്തിൽ കുടുങ്ങി ബിജെപി; തൃശൂരിൽ സൂപ്പർമാർക്കറ്റ് അടപ്പിച്ചു, ശേഷിക്കുന്ന കിറ്റുകൾ പിടിച്ചെടുക്കുമെന്ന് പൊലീസ്
തൃശൂർ: വോട്ടർമാർക്ക് വിഷു ആഘോഷത്തിന്റെ മറവിൽ വോട്ടർമാർക്ക് സൗജന്യ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തെന്ന ആരോപണത്തിൽ പ്രതിരോധത്തിലായി ബിജെപി. തൃശൂർ ഒളരി മേഖലയിലെ വോട്ടർമാർക്ക് കിറ്റ് വിതരണം ചെയ്തതിനെത്തുടർന്ന് തിരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡും പൊലീസും ചേർന്ന് വിതരണ കേന്ദ്രമായ സൂപ്പർമാർക്കറ്റ് അടപ്പിച്ചു. സംഭവത്തിൽ ബിജെപി പ്രാദേശിക നേതാക്കൾക്കെതിരെ വെസ്റ്റ് പൊലീസ് കേസെടുത്തു. ശേഷിക്കുന്ന കിറ്റുകൾ പിടിച്ചെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഒളരി ശിവരാമപുരം ഉന്നതിയിലെ താമസക്കാർക്ക് ബിജെപി നേതാക്കളുടെ നേതൃത്വത്തിൽ കിറ്റിനുള്ള സ്ലിപ്പുകൾ വിതരണം ചെയ്തെന്നാണ് പരാതി. ഈ സ്ലിപ്പുകൾ ഉപയോഗിച്ച് ഒളരി പാർഥസാരഥി ക്ഷേത്രത്തിന് സമീപത്തെ കാർത്തിക സൂപ്പർമാർക്കറ്റിന്റെ പിൻവശത്തെ ഗോഡൗൺ വഴി 12 ഇനം പലവ്യഞ്ജനങ്ങൾ അടങ്ങിയ കിറ്റുകൾ നൽകിയതായി എൽഡിഎഫ്, കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. വിവരമറിഞ്ഞ് വി.എസ്. സുനിൽ കുമാർ, അനൂപ് ഡേവിസ് കാട എന്നിവരുടെ നേതൃത്വത്തിലുള്ള എൽഡിഎഫ് പ്രവർത്തകരും അയ്യന്തോൾ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകരും സ്ഥലത്തെത്തി പ്രതിഷേധിച്ചു.
ഇലക്ഷൻ എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിന്റെ ചുമതലയുള്ള ഡോ. ബിന്ദു നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചത്. നൂറിലേറെ സ്ലിപ്പുകൾ വിതരണം ചെയ്തതായും ഇതിനകം അൻപതോളം കിറ്റുകൾ വോട്ടർമാർ കൈപ്പറ്റിയതായും എൽഡിഎഫ് ആരോപിച്ചു. ബിജെപി നേതാവായ രാധാകൃഷ്ണനാണ് കിറ്റുകൾ തയ്യാറാക്കാൻ ഓർഡർ നൽകിയതെന്ന് സൂപ്പർമാർക്കറ്റ് ഉടമ വെളിപ്പെടുത്തി. എന്നാൽ ഇയാളുടെ രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ച് അറിയില്ലെന്നാണ് ഉടമയുടെ വിശദീകരണം.
നേരത്തെ 2024 ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്തും ഇതേ സ്ഥലത്ത് വോട്ടിന് പണം നൽകിയെന്ന പരാതിയിൽ ബിജെപി പ്രവർത്തകർക്കെതിരെ കേസുണ്ടായിരുന്നതായി എൽഡിഎഫ് ചീഫ് ഇലക്ഷൻ ഏജന്റ് കെ.ബി. സുമേഷ് ചൂണ്ടിക്കാട്ടി. സൗജന്യങ്ങൾ നൽകി ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ആരോപിച്ച് എൽഡിഎഫും കോൺഗ്രസും തിരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. വിഷു കിറ്റ് വിവാദം തൃശൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് വലിയ രാഷ്ട്രീയ ആയുധമായി മാറിയിരിക്കുകയാണ്.