അദാനിയുടെ നീക്കത്തിന് അമേരിക്കയുടെ ‘റെഡ് സിഗ്നൽ’; മുംബൈ വിമാനത്താവളത്തിലെ ചരക്ക് നീക്കം മാറ്റുന്നതിനെതിരെ യുഎസ് ഭരണകൂടം
മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ചരക്ക് നീക്കം പൂർണ്ണമായും നിർമ്മാണത്തിലിരിക്കുന്ന നവി മുംബൈ വിമാനത്താവളത്തിലേക്ക് മാറ്റാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കത്തിനെതിരെ അമേരിക്കൻ ഭരണകൂടം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിലവിൽ സർവ്വീസ് നടത്തുന്ന ചരക്ക് വിമാനങ്ങളെ പുതിയ വിമാനത്താവളത്തിലേക്ക് മാറ്റാനാണ് നീക്കം നടക്കുന്നത്. എന്നാൽ ഈ തീരുമാനം അന്താരാഷ്ട്ര വ്യോമയാന കരാറുകളുടെ ലംഘനമാണെന്നും വിമാനക്കമ്പനികൾക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് യുഎസ് ഗതാഗത വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്.
നിലവിൽ മുംബൈ വിമാനത്താവളത്തിൽ ചരക്ക് നീക്കത്തിനായി അത്യാധുനിക സൗകര്യങ്ങളുണ്ട്. അവിടെനിന്ന് പ്രവർത്തനങ്ങൾ മാറ്റുന്നത് ചരക്ക് നീക്കത്തിന്റെ ചെലവ് വർദ്ധിപ്പിക്കുമെന്നും വിതരണ ശൃംഖലയെ ബാധിക്കുമെന്നും അമേരിക്കൻ ഭരണകൂടം ഇന്ത്യയെ അറിയിച്ചു. യുണൈറ്റഡ് എയർലൈൻസ് ഉൾപ്പെടെയുള്ള പ്രമുഖ അമേരിക്കൻ വിമാനക്കമ്പനികൾ ഈ നീക്കത്തിനെതിരെ പരാതി നൽകിയിട്ടുണ്ട്.
മുംബൈ വിമാനത്താവളത്തിലെ ടാക്സിവേ നവീകരണ പ്രവർത്തനങ്ങൾക്കായി 2026 ഓഗസ്റ്റിനും 2027 മേയിനും ഇടയിൽ ചരക്ക് നീക്കം ഘട്ടംഘട്ടമായി നവി മുംബൈയിലേക്ക് മാറ്റാനാണ് അദാനി ഗ്രൂപ്പ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഈ നീക്കം കേവലം പ്രവർത്തനപരമായ ആവശ്യമല്ലെന്നും മറിച്ച് പുതിയ വിമാനത്താവളത്തിലേക്ക് നിർബന്ധപൂർവ്വം ചരക്ക് ഗതാഗതം എത്തിക്കാനുള്ള ശ്രമമാണെന്നും അമേരിക്ക ആരോപിക്കുന്നു.
അമേരിക്കൻ ചരക്ക് വിമാനക്കമ്പനിയായ ഫെഡെക്സ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെ ഇത് ദോഷകരമായി ബാധിക്കും.മുംബൈ നഗരമധ്യത്തിലുള്ള നിലവിലെ വിമാനത്താവളത്തിൽ നിന്ന് പ്രവർത്തനങ്ങൾ മാറ്റുന്നത് ചെലവ് വർദ്ധിപ്പിക്കുമെന്നും തന്ത്രപ്രധാനമായ സ്ലോട്ടുകൾ നഷ്ടപ്പെടുത്തുമെന്നുമാണ് വിമാനക്കമ്പനികളുടെ ആശങ്ക. തങ്ങളുടെ വിമാനക്കമ്പനികളെ നവി മുംബൈയിലേക്ക് മാറാൻ നിർബന്ധിച്ചാൽ കരാർ പ്രകാരം തിരിച്ചടികൾ നേരിടേണ്ടി വരുമെന്ന് യുഎസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മുംബൈ വിമാനത്താവളത്തിലെ സ്ഥലപരിമിതി പരിഹരിക്കാനും കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാനുമാണ് കാർഗോ ടർമിനലുകൾ മാറ്റേണ്ടതെന്നാണ് അദാനി ഗ്രൂപ്പിന്റെ വാദം. എന്നാൽ പുതിയ വിമാനത്താവളം പൂർണ്ണ സജ്ജമാകുന്നതിന് മുൻപ് ഇത്തരം മാറ്റങ്ങൾ വരുത്തുന്നത് ഗുണകരമാകില്ലെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകുന്നു.