ബംഗാളിൽ വോട്ടർപട്ടികയിൽ നിന്ന് പുറത്തായത് 91 ലക്ഷം പേർ: 95 ശതമാനവും മുസ്ലിംകള്
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ, സംസ്ഥാനത്തെ വോട്ടർപട്ടികയിൽ നിന്ന് ഏകദേശം 91 ലക്ഷത്തോളം പേരെ നീക്കം ചെയ്തതായി റിപ്പോർട്ടുകൾ. രണ്ട് ഘട്ടങ്ങളിലായി നടന്ന വെട്ടിനിരത്തലിലൂടെയാണ് ഇത്രയധികം വോട്ടർമാർ പട്ടികയ്ക്ക് പുറത്തായത്.
കഴിഞ്ഞ ഡിസംബറിൽ പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ നിന്ന് മരണപ്പെട്ടവർ, താമസം മാറിയവർ, ഇരട്ടിപ്പുള്ളവർ എന്നിങ്ങനെ ചൂണ്ടിക്കാട്ടി 58.25 ലക്ഷം പേരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെ ഫെബ്രുവരി 28-ന് പ്രസിദ്ധീകരിച്ച അന്തിമ പട്ടികയിൽ നിന്ന് അഞ്ച് ലക്ഷം പേരെ കൂടി ഒഴിവാക്കി. ഏറ്റവും ഒടുവിൽ നടന്ന സൂക്ഷ്മപരിശോധനയിൽ 27.16 ലക്ഷം പേരെ കൂടി അയോഗ്യരായി പ്രഖ്യാപിച്ചതോടെയാണ് ആകെ ഒഴിവാക്കപ്പെട്ടവരുടെ എണ്ണം 91 ലക്ഷത്തോളമെത്തിയത്. ഇതോടെ ബംഗാളിലെ ആകെ വോട്ടർമാരുടെ എണ്ണം 7.66 കോടിയിൽ നിന്ന് 7.04 കോടിയായി കുറഞ്ഞു.ഇത്തരത്തിൽ ഒഴിവാക്കപ്പെട്ടവരിൽ ഭൂരിഭാഗവും മുസ്ലിം വിഭാഗത്തിൽപ്പെട്ടവരാണെന്ന ഞെട്ടിക്കുന്ന പഠന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
മുസ്ലീം ഭൂരിപക്ഷ ജില്ലയായ മുർഷിദാബാദിലാണ് ഏറ്റവും വലിയ തോതിൽ വോട്ടർമാരെ ഒഴിവാക്കിയിരിക്കുന്നത്. ഇവിടെ പരിശോധനയ്ക്ക് വിധേയമാക്കിയ 11 ലക്ഷത്തോളം വോട്ടർമാരിൽ 4.55 ലക്ഷം പേരെയും അയോഗ്യരായി പ്രഖ്യാപിച്ചു. സമാനമായ രീതിയിൽ നന്ദിഗ്രാമിലും വലിയ അട്ടിമറി നടന്നതായാണ് റിപ്പോർട്ടുകൾ. നന്ദിഗ്രാമിൽ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരിൽ 60.9 ശതമാനം മുതൽ 98.7 ശതമാനം വരെ മുസ്ലീം വിഭാഗത്തിൽപ്പെട്ടവരാണെന്ന് ‘സബർ ഇൻസ്റ്റിറ്റ്യൂട്ട്’ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. വോട്ടർ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ഔദ്യോഗിക വിശദീകരണമുണ്ടെങ്കിലും, കൃത്യമായ മാനദണ്ഡങ്ങളില്ലാതെയാണ് ആളുകളെ പട്ടികയിൽ നിന്ന് മാറ്റിയതെന്ന പരാതി വ്യാപകമാണ്.
കൊൽക്കത്ത നോർത്തിൽ 39,164 വോട്ടർമാരെയും മുഖ്യമന്ത്രി മമത ബാനർജിയും ബിജെപിയുടെ സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന ഭവാനിപൂർ ഉൾപ്പെടുന്ന കൊൽക്കത്ത സൗത്തിൽ 28,468 പേരെയും പട്ടികയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ആദ്യമായി വോട്ട് ചെയ്യാൻ അപേക്ഷിച്ച പല മുസ്ലീം യുവാക്കളുടെയും അപേക്ഷകൾ യാതൊരു കാരണവും വ്യക്തമാക്കാതെ നിരസിക്കപ്പെട്ടതായും പരാതിയുണ്ട്. ഭരണഘടനാ വിരുദ്ധമായ രീതിയിൽ ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യം വെച്ചാണ് ഈ നടപടിയെന്ന ആരോപണം ശക്തമായിട്ടുണ്ട്. ഒഴിവാക്കപ്പെട്ടവരിൽ പലർക്കും മതിയായ രേഖകളുണ്ടായിട്ടും പട്ടികയിൽ നിന്ന് പുറത്തായ സാഹചര്യം തീർത്തും സംശയാസ്പദമാണ്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തി. മുസ്ലീങ്ങൾ, മതുവകൾ, രാജ്ബോങ്ഷികൾ എന്നിവരെ ബോധപൂർവ്വം ലക്ഷ്യം വെച്ചാണ് വോട്ടർമാരെ ഒഴിവാക്കിയതെന്ന് അവർ ആരോപിച്ചു. ഒഴിവാക്കപ്പെട്ടവർക്ക് വേണ്ടി തങ്ങളുടെ പാർട്ടി ട്രിബ്യൂണലുകളിൽ നിയമപോരാട്ടം നടത്തുമെന്നും അവർക്ക് ആവശ്യമായ അഭിഭാഷകരെ നൽകുമെന്നും മമത ബാനർജി പ്രഖ്യാപിച്ചു. നേരത്തെ ബംഗാൾ സർക്കാർ ഈ വിഷയത്തിൽ സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും, വോട്ടർപട്ടികയിലെ മാറ്റങ്ങളിൽ അടിയന്തരമായി ഇടപെടാൻ കോടതി വിസമ്മതിച്ചു.
ഏപ്രിൽ 23, 29 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് ബംഗാളിൽ വോട്ടെടുപ്പ് നടക്കുന്നത്. ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന 152 മണ്ഡലങ്ങളിലെ വോട്ടർപട്ടിക ഇതിനോടകം മരവിപ്പിച്ചു കഴിഞ്ഞു. നേരത്തെ ബീഹാറിലും സമാനമായ രീതിയിൽ 65 ലക്ഷം പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നുവെങ്കിലും, തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപേ നടപടികൾ പൂർത്തിയായതിനാൽ പുതിയ വോട്ടർമാർക്ക് പേര് ചേർക്കാൻ അവസരം ലഭിച്ചിരുന്നു. എന്നാൽ ബംഗാളിൽ വോട്ടെടുപ്പിന് തൊട്ടുമുൻപ് നടന്ന ഈ നടപടി ലക്ഷക്കണക്കിന് ആളുകളുടെ വോട്ടവകാശം ഇല്ലാതാക്കുമെന്ന ആശങ്ക ശക്തമാണ്.