‘ബംഗാളിൽ ജീവിക്കണമെങ്കിൽ ഇവിടുത്തെ നിയമങ്ങൾ പാലിക്കണം, പറ്റില്ലെങ്കിൽ 56-ഓളം ഇസ്‌ലാമിക രാജ്യങ്ങളുണ്ടല്ലോ .. എവിടെ വേണമെങ്കിലും പൊക്കോളൂ..’;ബംഗാൾ ബിജെപി മന്ത്രി അഗ്നിമിത്ര പോൾ
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഗോവധ നിരോധന നിയമങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ തൃണമൂൽ കോൺഗ്രസ് നേതാവ് ഹുമയൂൺ കബീറിന് കടുത്ത ഭാഷയിൽ മറുപടി നൽകി ബി.ജെ.പി നേതാവും ബംഗാൾ മന്ത്രിയുമായ അഗ്നിമിത്ര പോൾ. ഭാരതത്തിലെ നിയമങ്ങൾ അനുസരിക്കാൻ താല്പര്യമില്ലാത്തവർക്ക് ലോകത്തുള്ള 56 ഇസ്ലാമിക രാജ്യങ്ങളിൽ എവിടേക്ക് വേണമെങ്കിലും പോകാമെന്നാണ് അഗ്നിമിത്ര പോൾ തുറന്നടിച്ചത്.
ഗോവധവുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ച് ഹുമയൂൺ കബീർ നടത്തിയ പരാമർശങ്ങൾക്ക് മറുപടി പറയുകയായിരുന്നു അവർ. “ലോകത്ത് 56 ഇസ്ലാമിക രാജ്യങ്ങളുണ്ട്. ഭാരതത്തിലെ നിയമങ്ങൾ പാലിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ, ആ രാജ്യങ്ങളിൽ നിങ്ങൾക്ക് ഇഷ്ടമുള്ള ഇടത്തേക്ക് പോകാൻ നിങ്ങൾക്ക് തീരുമാനിക്കാം,” അഗ്നിമിത്ര പോൾ വ്യക്തമാക്കി. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമമായ എക്സിലും മറ്റും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
“1950കളിലുള്ള നിയമമാണിത്, പഴയ സർക്കാറുകൾ ഇത് പാലിക്കാത്തത് വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യം വെച്ചായിരുന്നു. പതിനാലു വയസ്സുവരെയുള്ള പശുക്കളെയോ അതിന്റെ കുടുംബത്തിൽ പെട്ടവരെയോ അറുക്കാൻ പാടില്ല, പതിനാലു വയസ്സിനു മുകളിലുള്ളവ അസുഖ ബാധിതയോ മറ്റു പ്രശ്ണങ്ങളുള്ളതോ ആണെങ്കിൽ സർട്ടിഫിക്കറ്റ് ഹാജറാക്കണം, ഇനി കള്ള സർട്ടിഫിക്കറ്റാണ് സമർപ്പിക്കുന്നതെങ്കിൽ ആ ആളെ ശിക്ഷിക്കും.. ഇതാണ് നിയമം.” അഗ്നിമിത്ര പോൾ പറഞ്ഞു.
ബക്രീദിനോടനുബന്ധിച്ച് മൃഗങ്ങളെ, പ്രത്യേകിച്ച് പശുക്കളെ ബലികഴിക്കുന്നത് സംബന്ധിച്ച് ബംഗാളിൽ വലിയ രാഷ്ട്രീയ ചർച്ചകൾ നടക്കുന്ന പശ്ചാത്തലത്തിലാണ് ഈ രൂക്ഷവിമർശനം. പശ്ചിമ ബംഗാളിൽ മൃഗബലിയുമായി ബന്ധപ്പെട്ട് കൽക്കട്ട ഹൈക്കോടതിയും ചില കർശന നിയന്ത്രണങ്ങൾ അടുത്തിടെ ശരിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിയമങ്ങൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട് നേതാക്കൾ തമ്മിലുള്ള വാക്‌പോര് രൂക്ഷമായിരിക്കുന്നത്.