‘ദീദി നിങ്ങൾ തോറ്റിട്ടില്ല’; മമതയുടെ വീട്ടിലെത്തി പിന്തുണ, സമ്മാനമായി സാരി നൽകി അഖിലേഷ് യാദവ്
കൊൽക്കത്ത: ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനുണ്ടായ അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി മമത ബാനർജിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് കൊൽക്കത്തയിലെത്തി. കാളിഘട്ടിലെ മമതയുടെ വസതിയിലെത്തി നടത്തിയ കൂടിക്കാഴ്ചയിൽ “ദീദി നിങ്ങൾ തോറ്റിട്ടില്ല” എന്ന് പറഞ്ഞ് അദ്ദേഹം അവരെ ആശ്വസിപ്പിച്ചു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം മമതയെ നേരിൽ കാണുന്ന ആദ്യത്തെ പ്രധാന പ്രതിപക്ഷ നേതാവാണ് അഖിലേഷ്. കൂടിക്കാഴ്ചയിൽ സമ്മാനമായി സാരിയും അദ്ദേഹം മമതക്ക് നൽകി.
ബംഗാളിൽ നടന്നത് യഥാർത്ഥ ജനവികാരത്തിന്റെ പ്രതിഫലനമല്ലെന്നും, മറിച്ച് കേന്ദ്ര ഏജൻസികളെയും ഭരണസംവിധാനങ്ങളെയും ദുരുപയോഗം ചെയ്ത് ബിജെപി നടത്തിയ അട്ടിമറിയാണെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങൾ പക്ഷപാതപരമായിരുന്നു എന്ന മമതയുടെ ആരോപണങ്ങളെ പിന്തുണച്ച അഖിലേഷ്, ജനാധിപത്യം അട്ടിമറിക്കപ്പെട്ട ഈ സാഹചര്യത്തിൽ മമത തനിച്ചല്ലെന്നും സമാജ്‌വാദി പാർട്ടി അവർക്കൊപ്പം ഉറച്ചുനിൽക്കുമെന്നും വ്യക്തമാക്കി.
ബംഗാളിലെ ഫലം രാജ്യത്തെ പ്രതിപക്ഷ പാർട്ടികളെ ഒതുക്കാനുള്ള ബിജെപിയുടെ തന്ത്രത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം വിമർശിച്ചു. സ്വന്തം മണ്ഡലമായ ഭവാനിപൂരിൽ മമത പരാജയപ്പെട്ടത് പാർട്ടിക്ക് ആഘാതമായെങ്കിലും, അവർ ഇപ്പോഴും ജനങ്ങളുടെ പോരാളിയാണെന്ന് അഖിലേഷ് ഓർമ്മിപ്പിച്ചു. ബിജെപിക്കെതിരായ ദേശീയ പോരാട്ടത്തിൽ മമത ബാനർജിയുടെ നേതൃത്വം അനിവാര്യമാണെന്നും ഇത്തരം തിരിച്ചടികൾ കണ്ട് പിന്നോട്ട് പോകരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ക്രമക്കേടുകൾക്കെതിരെ നിയമപോരാട്ടം തുടരുന്ന മമതയ്ക്ക് എല്ലാവിധ രാഷ്ട്രീയ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. ബിജെപിയുടെ രാഷ്ട്രീയ വേട്ടയാടലുകൾക്ക് മുന്നിൽ വഴങ്ങില്ലെന്ന മമതയുടെ പ്രഖ്യാപനത്തിന് കരുത്ത് പകരുന്നതായിരുന്നു അഖിലേഷിന്റെ സന്ദർശനം. ജനാധിപത്യം സംരക്ഷിക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിതെന്നും മമതയുടെ പോരാട്ടം രാജ്യത്തെ മറ്റു പാർട്ടികൾക്ക് പ്രചോദനമാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.