10/06/2026
[fontresizer_tawhidurrahmandear_widget]

അഖിലേഷ് യാദവ് മുസ്ലിം അനുഭാവിയല്ല, സമാജ്‌വാദി പാർട്ടിയെ കൈവിടണം: മുസ്​ലിം ജമാഅത്ത് അധ്യക്ഷൻ മൗലാന ഷഹാബുദ്ദീൻ റസ്‌വി ബറേൽവി

 അഖിലേഷ് യാദവ് മുസ്ലിം അനുഭാവിയല്ല, സമാജ്‌വാദി പാർട്ടിയെ കൈവിടണം: മുസ്​ലിം ജമാഅത്ത് അധ്യക്ഷൻ മൗലാന ഷഹാബുദ്ദീൻ റസ്‌വി ബറേൽവി

ലഖ്‌നൗ: ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമാജ്‌വാദി പാർട്ടിക്കും അഖിലേഷ് യാദവിനും കനത്ത തിരിച്ചടിയേകി ഓൾ ഇന്ത്യ മുസ്​ലിം ജമാഅത്ത് രംഗത്ത്. വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് മുസ്​ലിം സമുദായത്തെ സംബന്ധിച്ച് അതീവ നിർണ്ണായകമാണെന്നും 1990 മുതൽ ഇന്നുവരെ സമാജ്‌വാദി പാർട്ടിയെ മാത്രം വിശ്വസിച്ച് വോട്ട് ചെയ്ത മുസ്​ലിം ജനവിഭാഗം നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തി ഒരു പുനർവിചിന്തനത്തിന് തയ്യാറാകണമെന്നും ഓൾ ഇന്ത്യ മുസ്​ലിം ജമാഅത്ത് പ്രസിഡന്റ് മൗലാന ഷഹാബുദ്ദീൻ റസ്‌വി ബറേൽവി ആവശ്യപ്പെട്ടു. സമാജ്‌വാദി പാർട്ടിയുടെ നേതൃത്വം അഖിലേഷ് യാദവ് ഏറ്റെടുത്തതോടെ പാർട്ടിയുടെ രീതികളും മനോഭാവവും പൂർണ്ണമായും മാറിയതായി അദ്ദേഹം കുറ്റപ്പെടുത്തി.

പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവ് മുസ്​ലിം സമുദായത്തോട് എന്നും ആത്മാർത്ഥമായ അനുഭാവം പുലർത്തിയ നേതാവായിരുന്നു. എന്നാൽ മകൻ അഖിലേഷ് യാദവിന് ആ സമീപനമില്ല. ​ഗ്യാൻവാപ്പി മസ്ജിദ്, മഥുരയിലെ ഷാഹി മസ്ജിദ് തുടങ്ങിയ മുസ്​ലിം സമുദായത്തെ ബാധിക്കുന്ന അതീവ ഗുരുതരമായ വിഷയങ്ങളിൽ പൂർണ്ണമായ നിശബ്ദത പാലിക്കുന്ന അഖിലേഷിനെ ഇനി വിശ്വസിക്കേണ്ടതില്ലെന്നും റസ്‌വി ബറേൽവി വ്യക്തമാക്കി. മുസ്​ലിം വോട്ടുകൾ വാങ്ങി വിജയിച്ച ശേഷം സമുദായത്തിന്റെ ആവശ്യങ്ങളോട് മുഖം തിരിക്കുന്ന ഇത്തരം നിലപാടുകൾ അംഗീകരിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ സമാജ്‌വാദി പാർട്ടിക്ക് ബദലായി മറ്റ് രാഷ്ട്രീയ മാർഗ്ഗങ്ങൾ തേടാൻ മുസ്​ലിം സമുദായം തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഉത്തർപ്രദേശിലെ വലിയൊരു വോട്ട് ബാങ്കായ മുസ്​ലിം സമുദായത്തിൽ നിന്ന് ഉയരുന്ന ഈ പരസ്യമായ അതൃപ്തി വരും ദിവസങ്ങളിൽ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Also read: