വാരണാസിയിൽ ബോട്ടിലിരുന്ന് നോമ്പ് തുറന്ന്, ചിക്കൻ ബിരിയാണിയുടെ അവശിഷ്ടങ്ങൾ ഗംഗയിലെറിഞ്ഞു; മതവികാരം വ്രണപ്പെടുത്തിയ കേസിൽ 8 യുവാക്കൾക്ക് ജാമ്യം
അലഹബാദ്: വാരണാസിയിൽ ഗംഗാനദിക്ക് നടുവിൽ ബോട്ടിനകത്ത് നോമ്പ് തുറ നടത്തുകയും മാംസാഹാരത്തിന്റെ അവശിഷ്ടങ്ങൾ നദിയിലേക്ക് ഒഴുക്കുകയും ചെയ്തെന്ന കേസിൽ അറസ്റ്റിലായ എട്ട് യുവാക്കൾക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റമാരോപിച്ച് കഴിഞ്ഞ മാർച്ച് മാസത്തിലാണ് പതിനാല് മുസ്ലിം യുവാക്കളെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്.
കീഴ്ക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് കഴിഞ്ഞ രണ്ട് മാസത്തോളമായി ഇവർ ജയിലിൽ കഴിയുകയായിരുന്നു. ഹർജി സമർപ്പിച്ച പതിനൊന്ന് പേരിൽ എട്ട് പേരുടെ ജാമ്യമാണ് ഹൈക്കോടതി ഇപ്പോൾ അംഗീകരിച്ചത്. ബാക്കിയുള്ള മൂന്ന് പേരുടെ ഹർജി തിങ്കളാഴ്ച കോടതി വീണ്ടും പരിഗണിക്കും. കേസിന്റെ വിശദമായ വിധിപ്പകർപ്പ് ഉടൻ പുറത്തുവരുമെന്ന് കോടതി വ്യക്തമാക്കി.
കഴിഞ്ഞ മാർച്ച് 17-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മോട്ടോർ ബോട്ടിനുള്ളിലിരുന്ന് യുവാക്കൾ ചിക്കൻ ബിരിയാണി കഴിക്കുന്നതിന്റെയും അതിന്റെ അവശിഷ്ടങ്ങൾ നദിയിലേക്ക് കളയുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. യുവാക്കൾ തന്നെയായിരുന്നു ഈ വീഡിയോ ഇന്റർനെറ്റിൽ പങ്കുവെച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട ഭാരതീയ ജനതാ യുവമോർച്ച വാരണാസി ജില്ലാ പ്രസിഡന്റ് രജത് ജയ്‌സ്വാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോട്‌വാലി പോലീസ് കേസെടുത്തത്.
സനാതന ധർമ്മ വിശ്വാസികൾ അതീവ പവിത്രമായി കാണുന്ന ഗംഗാനദിയെ അശുദ്ധമാക്കിയെന്നും ബോധപൂർവ്വം മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് പരാതിയിൽ ആരോപിച്ചിരുന്നത്. ഇതിനുപുറമെ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ, പരിസ്ഥിതി മലിനീകരണ നിരോധന നിയമം എന്നിവയ്ക്ക് പുറമെ ബലപ്രയോഗത്തിലൂടെ ബോട്ട് കൈക്കലാക്കാൻ ശ്രമിച്ചു എന്നാരോപിച്ച് കവർച്ചാ കുറ്റവും പ്രതികൾക്കെതിരെ ചുമത്തിയിരുന്നു.
65-കാരനായ കാശി സാഹ്നി എന്നയാളുടെ ഉടമസ്ഥതയിലുള്ളതായിരുന്നു യുവാക്കൾ സഞ്ചരിച്ച മോട്ടോർ ബോട്ട്. ബോട്ടിലിരുന്ന ജീവനക്കാരെ ഭീഷണിപ്പെടുത്തിയാണ് യുവാക്കൾ ബോട്ടിന്റെ നിയന്ത്രണം ഏറ്റെടുത്തതെന്ന കാശി സാഹ്നിയുടെ മകന്റെയും ബന്ധുവിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കവർച്ചാ കുറ്റം കൂടി ചുമത്തിയതെന്ന് വാരണാസി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ വിജയ് പ്രതാപ് സിംഗ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മാസങ്ങൾ നീണ്ട ജയിൽവാസത്തിന് ശേഷം എട്ട് പേർക്ക് ഇപ്പോൾ ഹൈക്കോടതിയിൽ നിന്നും അനുകൂലമായ വിധി വന്നിരിക്കുന്നത്. സംഭവത്തിൽ വലിയ രീതിയിലുള്ള സാമുദായിക ചർച്ചകളും പ്രതിഷേധങ്ങളും ഉത്തർപ്രദേശിൽ ഉയർന്നിരുന്നു.