‘നിങ്ങളുടെ ധർമ്മം സംരക്ഷിക്കുക, മതപരിവർത്തനങ്ങളെ ചെറുക്കുക; ഏക സിവിൽ കോഡ് ഗോത്രവർഗ വിഭാഗങ്ങളെ ബാധിക്കില്ല’; ഉറപ്പ് നൽകി അമിത് ഷാ
ന്യൂഡൽഹി: രാജ്യത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഏകീകൃത സിവിൽ കോഡ് ഗോത്രവർഗ സമൂഹങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. ആദിവാസി വിഭാഗങ്ങളെ ഈ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും, ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന തെറ്റായ പ്രചാരണങ്ങളിലും ഗൂഢാലോചനകളിലും വഞ്ചിതരാകരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഗോത്രവർഗ നായകനും സ്വാതന്ത്ര്യസമര സേനാനിയുമായ ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഡൽഹി ചെങ്കോട്ടയിൽ വെച്ച് നടന്ന ഗോത്രവർഗ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസ് അനുബന്ധ സംഘടനകളുടെ നേതൃത്വത്തിലാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
ഏക സിവിൽ കോഡ് ഗോത്രവർഗക്കാരുടെ സാംസ്കാരിക തനിമയെയോ നിയമപരമായ അവകാശങ്ങളെയോ ബാധിക്കില്ലെന്ന് ഉറപ്പുനൽകിയ അമിത് ഷാ, തങ്ങളുടെ വിശ്വാസവും ധർമ്മവും കാത്തുസൂക്ഷിക്കാൻ അവർ തയ്യാറാകണമെന്നും ആഹ്വാനം ചെയ്തു. നിർബന്ധിത മതപരിവർത്തനങ്ങളെ ചെറുക്കാൻ ഗോത്രവർഗക്കാർ മുന്നോട്ട് വരണം. ഭയമില്ലാതെയും അന്തസ്സോടെയും തങ്ങളുടെ വിശ്വാസം പിന്തുടരാനുള്ള പൂർണ്ണ അവകാശം ഇന്ത്യൻ ഭരണഘടന ഓരോ വ്യക്തിക്കും നൽകുന്നുണ്ട്. തങ്ങളുടെ മതം സംരക്ഷിക്കുമെന്ന് എല്ലാവരും പ്രതിജ്ഞയെടുക്കണം. കാരണം, അതാണ് നമ്മുടെ നാടിനെയും സംസ്കാരത്തെയും പരസ്പരം ബന്ധിപ്പിക്കുന്ന പ്രധാന ഘടകമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗോത്ര വിഭാഗങ്ങളുടെ ഉന്നമനത്തിനായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പ്രധാന കാര്യങ്ങളും ആഭ്യന്തരമന്ത്രി വേദിയിൽ ചൂണ്ടിക്കാട്ടി. മുൻകാലങ്ങളിൽ വെറും 28,000 കോടി രൂപ മാത്രമുണ്ടായിരുന്ന ഗോത്രവർഗ ക്ഷേമ ബജറ്റ്, നിലവിൽ 1.5 ലക്ഷം കോടി രൂപയായി സർക്കാർ വർദ്ധിപ്പിച്ചു. ഗോത്രവർഗക്കാർക്ക് മാത്രമായി ഒരു പ്രത്യേക മന്ത്രാലയം ആദ്യമായി രൂപീകരിച്ചത് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ കാലത്താണെന്നും അദ്ദേഹം സ്മരിച്ചു. കൂടാതെ, രാജ്യത്തിന്റെ പരമോന്നത പദവിയായ രാഷ്ട്രപതി സ്ഥാനത്തേക്ക് ദ്രൗപദി മുർമുവിനെ തെരഞ്ഞെടുത്തത് ഗോത്രവർഗ സമൂഹത്തിന് ഭരണഘടനാ തലത്തിൽ ലഭിച്ച വലിയ പ്രാതിനിധ്യവും അഭിമാനവുമാണെന്നും അമിത് ഷാ വ്യക്തമാക്കി.