‘കുർത്തയ്ക്കുള്ളിൽ പണം ഒളിപ്പിച്ച കള്ളൻ’; അഴിമതിക്കാരനെന്ന് പരിഹസിച്ച സുവേന്ദു അധികാരി ഇനി ബംഗാൾ മുഖ്യമന്ത്രി; ചർച്ചയായി മോദിയുടെ പഴയ പ്രസംഗം
കൊൽക്കത്ത: പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ ബിജെപിയുടെ വിജയത്തിനൊപ്പം തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയൊരു പ്രസംഗവും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ബംഗാളിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സുവേന്ദു അധികാരിയെ ഒരുകാലത്ത് മോദി എത്രത്തോളം രൂക്ഷമായാണ് പരിഹസിച്ചിരുന്നത് എന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമാകുന്നത്.
2016-ലെ തെരഞ്ഞെടുപ്പ് റാലിയിൽ സുവേന്ദു അധികാരിക്കെതിരെ മോദി നടത്തിയ പ്രസംഗം അക്ഷരാർത്ഥത്തിൽ അന്ന് തരംഗമായിരുന്നു. നാരദ സ്റ്റിങ് ഓപ്പറേഷനിൽ സുവേന്ദു പണം വാങ്ങുന്ന ദൃശ്യങ്ങളെയാണ് മോദി അന്ന് ജനക്കൂട്ടത്തിന് മുന്നിൽ വെച്ച് പരിഹസിച്ചത്. “അയാൾ ക്യാമറയ്ക്ക് മുന്നിൽ നിന്ന് പണം വാങ്ങി കുർത്തയ്ക്കുള്ളിൽ ഒളിപ്പിക്കുന്നത് നിങ്ങൾ കണ്ടില്ലേ? അയാളുടെ മുഖഭാവങ്ങൾ നിങ്ങൾ ശ്രദ്ധിച്ചോ? അത് കണ്ടാലറിയാം പണം വാങ്ങുക എന്നത് അയാളുടെ സ്ഥിരം ശീലമാണെന്ന്. പോരാത്തതിന് പണം കൊണ്ടുവന്ന ആളോട് ഇത്രയേ കൊണ്ടുവന്നിട്ടുള്ളോ എന്ന് ചോദിക്കാനുള്ള ധിക്കാരവും അയാൾ കാട്ടുന്നു,” ഇതായിരുന്നു മോദിയുടെ അന്നത്തെ വാക്കുകൾ.
അഴിമതിയുടെ ആൾരൂപമെന്നും കുർത്തയ്ക്കുള്ളിൽ പണം ഒളിപ്പിക്കുന്ന കള്ളനെന്നും വിശേഷിപ്പിച്ച അതേ വ്യക്തിയെത്തന്നെയാണ് ഇപ്പോൾ മോദി ബംഗാളിന്റെ മുഖ്യമന്ത്രി കസേരയിൽ ഇരുത്തിയിരിക്കുന്നത്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി എന്തും ചെയ്യാൻ ബിജെപി തയ്യാറാകുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ നീക്കമെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. തൃണമൂലിലായിരുന്നപ്പോൾ അഴിമതിക്കാരനായിരുന്ന സുവേന്ദു ബിജെപിയിൽ ചേർന്നതോടെ എങ്ങനെ ശുദ്ധനായി എന്ന ചോദ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്.
സുവേന്ദു അധികാരിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ മോദി പങ്കെടുത്തതോടെ, പഴയ പ്രസംഗത്തിലെ പരിഹാസവും ഇപ്പോഴത്തെ സ്നേഹപ്രകടനവും ചേർത്തുവെച്ചുള്ള വീഡിയോകൾ ഇന്റർനെറ്റിൽ വൈറലായിക്കഴിഞ്ഞു. മോദിയുടെ ഈ ഇരട്ടത്താപ്പിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. രാഷ്ട്രീയ ലാഭത്തിനായി അഴിമതി ആരോപണങ്ങൾ ആയുധമാക്കുകയും പിന്നീട് സൗകര്യപൂർവ്വം അത് മറക്കുകയും ചെയ്യുന്ന പ്രധാനമന്ത്രിയുടെ രീതിക്കെതിരെയാണ് ജനങ്ങൾക്കിടയിൽ പ്രതിഷേധം ശക്തമാകുന്നത്.