11/06/2026
[fontresizer_tawhidurrahmandear_widget]

“പെൺകുട്ടികൾക്ക് എന്തിനാണ് വിദ്യാഭ്യാസം, അവർ എന്തിനാണ് പുറത്തിറങ്ങുന്നത്?” വിവാദ പരാമർശങ്ങളുമായി ബിഹാർ വിദ്യാഭ്യാസ മന്ത്രി

 “പെൺകുട്ടികൾക്ക് എന്തിനാണ് വിദ്യാഭ്യാസം, അവർ എന്തിനാണ് പുറത്തിറങ്ങുന്നത്?” വിവാദ പരാമർശങ്ങളുമായി ബിഹാർ വിദ്യാഭ്യാസ മന്ത്രി

പട്ന: പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ പരിഹസിച്ചും സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയും ബിഹാർ വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരി വിവാദത്തിൽ. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന വീഡിയോകളിൽ, പെൺകുട്ടികൾ വീടിന് പുറത്തിറങ്ങി പഠിക്കേണ്ട കാര്യമെന്താണെന്നും മോദി സർക്കാർ സ്ത്രീ ശാക്തീകരണത്തിന് കൂടെയുള്ളപ്പോൾ അവർക്ക് എന്തിനാണ് അവകാശങ്ങൾക്കായി തെരുവിൽ ഇറങ്ങേണ്ടി വരുന്നതെന്നും മന്ത്രി ചോദിക്കുന്നു. ബിഹാറിൽ പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ ഉടനെയാണ് മിഥിലേഷ് തിവാരി ഇത്തരമൊരു വിവാദ പരാമർശം നടത്തിയത്.

വീഡിയോയിലെ ദൃശ്യങ്ങൾ പ്രകാരം, വിദ്യാഭ്യാസത്തെയും പെൺകുട്ടികളെയും കുറിച്ച് സംസാരിക്കവെ, “എന്തിനാണ് വിദ്യാഭ്യാസം? നമ്മുടെ വീട്ടിലെ പെൺകുട്ടികളാണ് നമ്മുടെ കരുത്തും ഐശ്വര്യവും. അവർ എന്തിനാണ് തെരുവിൽ ഇറങ്ങുന്നത്?” എന്ന് മന്ത്രി ചോദിക്കുന്നു. ഇതിന് മറുപടിയായി മറ്റൊരാൾ “അവകാശങ്ങൾക്ക് വേണ്ടി” എന്ന് പറഞ്ഞപ്പോൾ, “നിങ്ങൾക്ക് അവകാശങ്ങൾ എങ്ങനെയായാലും ലഭിക്കുമല്ലോ” എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട ഉദ്യോഗാർത്ഥികളുടെ പ്രതിഷേധങ്ങളെ പരാമർശിച്ചാണ് മന്ത്രി ഇത്തരത്തിൽ സംസാരിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂടാതെ, പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിന് പകരം വിവാഹത്തെക്കുറിച്ചും മറ്റും മന്ത്രി ഉപദേശിക്കുന്ന മറ്റൊരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

മറ്റൊരു വീഡിയോയിൽ മന്ത്രി ഒരു ക്ഷേത്രത്തിൽ പൂജകളും ആചാരങ്ങളും നടത്തുന്നതിനെ മുൻനിർത്തി ആർജെഡി രംഗത്തെത്തി. നിതീഷ് കുമാർ കഴിഞ്ഞ 21 വർഷം കൊണ്ട് തകർത്തുതരിപ്പണമാക്കിയ ബിഹാറിലെ വിദ്യാഭ്യാസ സംവിധാനം ഇനി മന്ത്രവാദത്തിലൂടെയും ആചാരങ്ങളിലൂടെയുമാണോ മന്ത്രി നന്നാക്കാൻ പോകുന്നതെന്ന് ആർജെഡി പരിഹസിച്ചു. ബിഹാർ ബിജെപിയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും വൈകുണ്ഠപൂർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയുമാണ് മിഥിലേഷ് തിവാരി വിദ്യാഭ്യാസ മന്ത്രിയുടെ ഇടുങ്ങിയ ചിന്താഗതി ബിഹാറിലെ ഭാവി തലമുറയെ പിന്നോട്ട് നയിക്കുമെന്ന ആശങ്കയിലാണ് പൊതുസമൂഹം.

സംഭവം പുറത്തായതോടെ കോൺഗ്രസ്, ആർജെഡി തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ മന്ത്രിക്കെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. വിദ്യാഭ്യാസ മന്ത്രി തന്നെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് എതിരെ സംസാരിക്കുന്നത് ലജ്ജാകരമാണെന്നും ഇത്തരമൊരു ചിന്താഗതിയുള്ള ആൾ എങ്ങനെ കുട്ടികൾക്ക് മാതൃകയാകുമെന്നും പ്രതിപക്ഷം ചോദിക്കുന്നു. മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പെൺകുട്ടികളെ വീടിനുള്ളിൽ തളച്ചിടാനാണോ സർക്കാർ ശ്രമിക്കുന്നതെന്ന ചോദ്യവുമായി നിരവധി പേർ രംഗത്തെത്തിക്കഴിഞ്ഞു.

Also read: