ഡൽഹിയിൽ നിർമാണത്തിലിരുന്ന മദ്രസ ബി.ജെ.പി എംഎൽഎയും അനുയായികളും പൊളിച്ചുമാറ്റി
ന്യൂഡൽഹി: ഡൽഹിയിൽ നിർമാണത്തിലിരുന്ന മദ്രസ ബി.ജെ.പി എം.എൽ.എയുടെ നേതൃത്വത്തിൽ പൊളിച്ചുമാറ്റി. ഡൽഹിയിലെ ഷാക്കൂർ ബസ്തി മണ്ഡലത്തിൽപ്പെടുന്ന പിതംപുരയിലാണ് സംഭവം. അനധികൃത നിർമ്മാണം എന്നാരോപിച്ച് പ്രദേശത്തെ ബി.ജെ.പി എം.എൽ.എയായ കർണൈൽ സിങ്ങും അനുയായികളും ചേർന്നാണ് കെട്ടിടം തകർത്തത്.
ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിർമാണ സ്ഥലത്ത് അനുയായികൾക്കൊപ്പം എത്തിയ എം.എൽ.എ, മൺവെട്ടിയും പാരയും ഉപയോഗിച്ച് കെട്ടിടത്തിന്റെ ഇഷ്ടികകൾ ഇളക്കിമാറ്റുന്നതും തകർക്കുന്നതും വീഡിയോയിൽ കാണാം. എം.എൽ.എ കെട്ടിടം പൊളിക്കുമ്പോൾ കൂടെയുള്ളവർ പശ്ചാത്തലത്തിൽ മതപരമായ മുദ്രാവാക്യങ്ങൾ മുഴക്കുന്നതും കേൾക്കാം. തങ്ങൾ പൊളിച്ചുമാറ്റിയത് അനധികൃതമായി നിർമ്മിക്കുകയായിരുന്ന ഒരു മദ്രസയാണെന്ന് കർണൈൽ സിങ് വീഡിയോയിൽ അവകാശപ്പെടുന്നുണ്ട്.
ഈ ഭൂമി ഒഴിപ്പിക്കാൻ കോടതി നേരത്തെ തന്നെ ഉത്തരവിട്ടിട്ടുള്ളതാണെന്നും നിയമവിരുദ്ധമായതിനാലാണ് പൊളിച്ചുമാറ്റിയതെന്നും എം.എൽ.എ വിശദീകരിച്ചു. അതേസമയം, മദ്രസ തകർത്ത എം.എൽ.എ കർണൈൽ സിങ് നേരത്തെയും പല തവണ വിദ്വേഷ പ്രസംഗങ്ങളുടെ പേരിൽ വിവാദങ്ങളിൽ ഇടംപിടിച്ച വ്യക്തിയാണ്. സംഭവം ഡൽഹിയിൽ വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിട്ടുണ്ട്.