പിതാവിനൊപ്പം സൗദിയിൽ കളിക്കാനില്ല; കരിയർ വളർത്താൻ യൂറോപ്പിലേക്ക് ചേക്കേറാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയർ
ജിദ്ദ: ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും മകൻ റൊണാൾഡോ ജൂനിയറും ഒരേ ടീമിൽ ഒരുമിച്ച് കളിക്കുന്നത് കാണാനുള്ള ആരാധകരുടെ കാത്തിരിപ്പിന് തിരിച്ചടിയായി പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നു. സൗദി ക്ലബ്ബായ അൽ-നസറിൽ പിതാവിനൊപ്പം പന്തുതട്ടുന്നതിന് പകരം തന്റെ കരിയർ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളിലേക്ക് മാറാനാണ് താരം ആഗ്രഹിക്കുന്നത്.
അൽ-നസറിന്റെ അണ്ടർ 15 ടീമിനായി വെറും 27 മത്സരങ്ങളിൽ നിന്ന് 56 ഗോളുകൾ അടിച്ചുകൂട്ടിയ ജൂനിയറിന്റെ അസാമാന്യ പ്രകടനം ഇതിനോടകം തന്നെ ലോകശ്രദ്ധ നേടിയിട്ടുണ്ട്. റയൽ മാഡ്രിഡ്, ബയേൺ മ്യൂണിക്ക്, പി.എസ്.ജി തുടങ്ങിയ ലോകോത്തര ക്ലബ്ബുകളുടെ അക്കാദമികളിലോ സീനിയർ ടീമിലോ ചേർന്ന് കളി പഠിക്കാനും കരിയർ വളർത്താനുമാണ് താരം താൽപ്പര്യപ്പെടുന്നത്. അടുത്ത സീസണിൽ ജൂനിയറിനെ സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം നൽകി മകനൊപ്പം കളിക്കണമെന്ന തന്റെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ റൊണാൾഡോയ്ക്ക് പദ്ധതിയുണ്ടായിരുന്നു. എന്നാൽ ജൂനിയർ ആഗ്രഹിക്കുന്നത് യൂറോപ്പിലെവിടെയെങ്കിലും ചേക്കേറാനാണ്.
യൂറോപ്പിലെ കടുത്ത മത്സര സാഹചര്യങ്ങളിൽ കളിക്കുന്നത് മകന്റെ കായിക വളർച്ചയ്ക്ക് കൂടുതൽ ഗുണകരമാകുമെന്ന് റൊണാൾഡോയുടെ കുടുംബം കരുതുന്നുണ്ട്. അതേസമയം, യൂറോപ്പിലെത്തിയാൽ മകന് നേരിടേണ്ടി വരുന്ന വലിയ മാധ്യമ സമ്മർദ്ദത്തെക്കുറിച്ച് കുടുംബത്തിന് ആശങ്കയുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് അൽ-നസറുമായി 2026 ലോകകപ്പ് വരെ കരാറുള്ളതിനാൽ, മകന്റെ കരിയറിലെ ഈ സുപ്രധാന തീരുമാനത്തിൽ ഇതുവരെ അന്തിമ ധാരണയായിട്ടില്ല. എങ്കിലും തന്റെ പിതാവിന്റെ നിഴലിൽ നിന്ന് മാറി സ്വന്തം വഴി കണ്ടെത്താനാണ് റൊണാൾഡോ ജൂനിയർ ഇപ്പോൾ മുൻഗണന നൽകുന്നത്.