02/06/2026
[fontresizer_tawhidurrahmandear_widget]

ഫിഫ കോൺഗ്രസിൽ ഇസ്രയേൽ പ്രതിനിധിക്ക് കൈകൊടുക്കാതെ ഫലസ്തീൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ്

 ഫിഫ കോൺഗ്രസിൽ ഇസ്രയേൽ പ്രതിനിധിക്ക് കൈകൊടുക്കാതെ ഫലസ്തീൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ്

വാങ്കൂവർ: വാങ്കൂവറിൽ നടന്ന എഴുപത്തിയാറാമത് ഫിഫ കോൺഗ്രസിനിടെ ഇസ്രയേൽ പ്രതിനിധിക്ക് കൈകൊടുക്കാതെ ഫലസ്തീൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ്. ഏപ്രിൽ 30-ന് നടന്ന ചടങ്ങിൽ ഫലസ്തീൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ജിബ്രീൽ റജൂബാണ് ഇസ്രായേൽ ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് ബസിം ഷെയ്ഖ് സുലൈമാന് കൈകൊടുക്കാൻ വിസമ്മതിച്ചത്.

ഫുട്ബോൾ ലോകത്തെ ഭിന്നതകൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ ഇരു നേതാക്കളെയും വേദിയിലേക്ക് ക്ഷണിക്കുകയും ഒരുമിച്ച് നിന്ന് ഫോട്ടോ എടുക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഫുട്ബോളിൽ രാഷ്ട്രീയം കലർത്തരുത് എന്ന് തന്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞ അറബ്-ഇസ്രയേൽ പ്രതിനിധിയായ ഷെയ്ഖ് സുലൈമാൻ ഹസ്തദാനത്തിന് തയ്യാറായി നിന്നെങ്കിലും റജൂബ് അതിന് തയാറായില്ല. ഒരു ഫാസിസ്റ്റ്, വംശീയ സർക്കാരിനെ പ്രതിനിധീകരിക്കുന്ന വ്യക്തിക്ക് കൈകൊടുക്കാൻ തനിക്ക് കഴിയില്ലെന്ന് പിന്നീട് അദ്ദേഹം മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.

വെസ്റ്റ് ബാങ്കിലെ ഇസ്രയേൽ കുടിയേറ്റ കേന്ദ്രങ്ങളിൽ നിന്നുള്ള ക്ലബ്ബുകൾക്ക് ഉപരോധം ഏർപ്പെടുത്തണമെന്ന് റജൂബ് ഫിഫയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഫിഫ അത് നിരസിച്ചിരുന്നു. ഗസ്സയിൽ തുടരുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര കായിക വേദികളിലും നിലനിൽക്കുന്ന കടുത്ത സമ്മർദ്ദവും തർക്കങ്ങളുമാണ് ഈ സംഭവത്തിലൂടെ വീണ്ടും പ്രകടമായത്.

Also read: