‘കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തിയേക്കാം, അവർ മുകളിലേയ്ക്ക് വരും, വോട്ട് കൂടിയിട്ടുണ്ട്’; ജി. സുധാകരൻ
ആലപ്പുഴ: കേരളത്തിൽ ഭാവിയിൽ ബിജെപി അധികാരത്തിൽ എത്തിയേക്കാമെന്ന പ്രസ്താവനയുമായി നിയുക്ത അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ. ബിജെപി രാഷ്ട്രീയമായി മുകളിലേക്ക് വരുമെന്നും നിലവിൽ അവർക്ക് മൂന്ന് എംഎൽഎമാർ ഉണ്ടെന്നത് ഇതിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് വിഹിതത്തിൽ ഉണ്ടായ വലിയ വർദ്ധനവിനെ പരാമർശിച്ചുകൊണ്ടായിരുന്നു സുധാകരന്റെ ഈ തുറന്നുപറച്ചിൽ. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലുമായി നടത്തിയ സൗഹൃദ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയും സുധാകരൻ വിമർശനം ഉന്നയിച്ചു. മുൻപ് താൻ വെള്ളാപ്പള്ളിയെ വീട്ടിൽ പോയി കണ്ടത് എസ്എൻഡിപി ജനറൽ സെക്രട്ടറി എന്ന നിലയിൽ മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്നലെ വരെ കേരളത്തിൽ എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് വെള്ളാപ്പള്ളി പറഞ്ഞിരുന്നുവെന്നും എന്നാൽ അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും സുധാകരൻ പരിഹസിച്ചു. അമ്പലപ്പുഴ മണ്ഡലത്തിലെ ഭൂരിപക്ഷം മുസ്ലീം വോട്ടർമാരുടെയും പിന്തുണ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും മുസ്ലീം ലീഗ് ഒരു വർഗീയ പാർട്ടിയല്ല, മറിച്ച് സംസ്ഥാനത്തെ ഏറ്റവും വലിയ മതേതര പ്രസ്ഥാനങ്ങളിലൊന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മുസ്ലീം ലീഗ് നൽകിയ പിന്തുണയ്ക്ക് നന്ദി പറയാൻ താൻ പാണക്കാട് പോയിരുന്നുവെന്നും സുധാകരൻ വെളിപ്പെടുത്തി. അമ്പലപ്പുഴയിൽ തങ്ങൾ കുടുംബവും പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബും വലിയ പിന്തുണയാണ് നൽകിയത്. മുസ്ലീം സമൂഹം ഒരു മതേതര ന്യൂനപക്ഷ സമൂഹമാണെന്ന് ഇതിനകം തെളിയിച്ചിട്ടുള്ളതാണെന്നും അത് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നമ്മെ സഹായിച്ചവരെ നന്ദിയോടെ ഓർക്കേണ്ടതുണ്ടെന്നും അതുകൊണ്ടാണ് താൻ പാണക്കാട് സന്ദർശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കെ.സി. വേണുഗോപാലുമായുള്ള കൂടിക്കാഴ്ച തികച്ചും സൗഹൃദപരമായിരുന്നുവെന്നും പുതിയ മന്ത്രിസഭയിൽ മന്ത്രി പദവി താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും മുൻപും മന്ത്രിയായത് ആവശ്യപ്പെട്ടിട്ടല്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.