ഹോട്ടൽ മുറിയിൽ കയറി ക്രൂരമർദ്ദനം, തെരുവിലേക്ക് വലിച്ചിഴച്ച് മുഖത്ത് ചാണകം പൂശി അപമാനം; ഭോപ്പാലിൽ മുസ്‌ലിം യുവാവിന് നേരെ ബജ്‌രംഗ്ദൾ അതിക്രമം
ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ മുസ്‌ലിം യുവാവിനെ ഒരു സംഘം ബജ്‌രംഗ്ദൾ പ്രവർത്തകർ ഹോട്ടൽ മുറിയിൽ അതിക്രമിച്ചു കയറി മർദ്ദിക്കുകയും പരസ്യമായി അപമാനിക്കുകയും ചെയ്തു. ഗൗതം നഗറിലെ പ്രൈഡ് ഇൻ ഹോട്ടലിൽ വെച്ച് സുഹൃത്തായ ഹിന്ദു യുവതിയെ കാണാനെത്തിയ 27 വയസ്സുകാരനായ ആരിഫ് ഖാനാണ് ഈ ക്രൂരതയ്ക്ക് ഇരയായത്.
ഹോട്ടൽ മുറിയിൽ അതിക്രമിച്ചു കയറിയ സംഘം ആരിഫ് ഖാനെ ക്രൂരമായി മർദ്ദിച്ച ശേഷം തെരുവിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. മതപരമായ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടായിരുന്നു അക്രമികൾ യുവാവിനെ മർദ്ദിച്ചത്. പോലീസുകാർ നോക്കിനിൽക്കെ യുവാവിന്റെ മുഖത്ത് ചാണകവും മഷിയും പൂശി അപമാനിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ‘നിൻ്റെ അള്ളാഹുവിനെ വിളിക്ക് ‘ എന്നും അക്രമിസംഘം പറയുന്നതായി വീഡിയോയിലുണ്ട്. സംഭവത്തിൽ പ്രതിഷേധവുമായി പ്രാദേശിക മുസ്‌ലിം സംഘടനകൾ രംഗത്തെത്തിയതോടെ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം മതവികാരം വ്രണപ്പെടുത്തിയതിനും ലഹളയുണ്ടാക്കിയതിനും അജ്ഞാതരായ വ്യക്തികൾക്കെതിരെയാണ് ഗോവിന്ദ്പുര പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു പ്രായപൂർത്തിയാകാത്ത ആൾ ഉൾപ്പെടെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ലാലാ റാം മീണയെ പോലീസ് കസ്റ്റഡിയിൽ വിട്ടു. അതേസമയം, ‘ലവ് ജിഹാദ്’ ആരോപണങ്ങളെ തുടർന്ന് ആരിഫ് ഖാനെയും പോലീസ് ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചിട്ടുണ്ട്. എന്നാൽ താൻ സ്വന്തം ഇഷ്ടപ്രകാരമാണ് ഹോട്ടലിൽ എത്തിയതെന്നും തനിക്ക് മേൽ യാതൊരുവിധ സമ്മർദ്ദങ്ങളോ നിർബന്ധിത മതപരിവർത്തന ശ്രമങ്ങളോ ഉണ്ടായിട്ടില്ലെന്നും യുവതി പോലീസിന് മൊഴി നൽകി. യുവതിയുടെ ഈ വെളിപ്പെടുത്തൽ അക്രമികൾ ഉന്നയിച്ച ലവ് ജിഹാദ് ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്നു.
യുവാവിനെ അനധികൃതമായി തടഞ്ഞുവെച്ചതിനും വർഗീയമായ അധിക്ഷേപങ്ങൾ നടത്തിയതിനും എതിരെ സിവിൽ റൈറ്റ്‌സ് സംരക്ഷണ സംഘടനയും മസ്ജിദ് കമ്മിറ്റിയും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അക്രമികൾ നിയമം കൈയ്യിലെടുക്കുകയും വർഗീയ വിദ്വേഷം പടർത്താൻ ശ്രമിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. രോഹിത് സിംഗ്, ബ്രജേന്ദ്ര പ്രജാപതി, ജീത്തു കുശ്‌വാഹ, രഞ്ജിത് സൂര്യവംശി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അക്രമം നടന്നതെന്നും ഇവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. പ്രതിഷേധം നടത്തിയ യുവാക്കളെ പോലീസ് തടഞ്ഞുവെക്കുന്നതായി പരാതി ഉയർന്നെങ്കിലും പോലീസ് അത് നിഷേധിച്ചു. കൂടുതൽ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.