‘ടീം വി.ഡി.എസ്’ലെ മന്ത്രിമാരെ പ്രഖ്യാപിച്ചു ; സത്യപ്രതിജ്ഞ നാളെ, മുഖ്യമന്ത്രിയടക്കം 21 അംഗ മന്ത്രിസഭ
തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ നാളെ നടക്കാനിരിക്കെ വി.ഡി. സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ അന്തിമ പട്ടിക പുറത്തുവിട്ടു. രാജ്ഭവനിലെത്തിയ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ മന്ത്രിമാരുടെ ലിസ്റ്റ് ഗവർണർ രാജേന്ദ്ര അർലേക്കർക്ക് കൈമാറി. നാളെത്തന്നെ മുഴുവൻ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് ഔദ്യോഗികമായി ചുമതലയേൽക്കുമെന്ന് വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുഖ്യമന്ത്രിയടക്കം 21 പേരാണ് മന്ത്രിസഭയിലുണ്ടാകുക. തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറായും ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറായും ചുമതലയേൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് വനിതാ പ്രതിനിധികളാണ് പുതിയ മന്ത്രിസഭയിലുള്ളത്.
മന്ത്രിസഭയിലെ അംഗങ്ങൾ താഴെ പറയുന്നവരാണ്:
സ്പീക്കർ: തിരുവഞ്ചൂർ രാധാകൃഷ്ണൻ
ഡെപ്യൂട്ടി സ്പീക്കർ: ഷാനിമോൾ ഉസ്മാൻ
കോൺഗ്രസ് മന്ത്രിമാർ: വി.ഡി. സതീശൻ (മുഖ്യമന്ത്രി), രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, ടി. സിദ്ദിഖ്, ഒ.ജെ. ജനീഷ്, കെ. മുരളീധരൻ, ബിന്ദുകൃഷ്ണ, എം. ലിജു, കെ.എ. തുളസി, റോജി എം. ജോൺ.
മുസ്ലിം ലീഗ് മന്ത്രിമാർ: പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, വി.ഇ. അബ്ദുൾ ഗഫൂർ.
ഘടകകക്ഷി മന്ത്രിമാർ:
മോൻസ് ജോസഫ് (കേരള കോൺഗ്രസ് ജോസഫ് വിഭാഗം)
ഷിബു ബേബി ജോൺ (ആർ.എസ്.പി)
സി.പി. ജോൺ (സി.എം.പി)
അനൂപ് ജേക്കബ് (കേരള കോൺഗ്രസ് ജേക്കബ് വിഭാഗം)
മന്ത്രിമാരുടെ വകുപ്പുകളെ സംബന്ധിച്ചുള്ള അന്തിമ ചർച്ചകൾ പുരോഗമിക്കുകയാണെന്നും വരും മണിക്കൂറുകളിൽ ഇത് ഔദ്യോഗികമായി അറിയിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു. മുന്നണി ധാരണപ്രകാരം ചീഫ് വിപ്പ് സ്ഥാനം കേരള കോൺഗ്രസിന് നൽകുമെന്നും നിയുക്ത മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു. പുതിയ മന്ത്രിമാരുടെ പട്ടിക പുറത്തുവന്നതോടെ വലിയ ആവേശത്തിലാണ് യുഡിഎഫ് കേന്ദ്രങ്ങളും അണികളും.