04/06/2026
[fontresizer_tawhidurrahmandear_widget]

“ബംഗാൾ മുഖ്യമന്ത്രിക്ക് വേണ്ടി ഞാൻ കുറച്ച് ബീഫ് പാകം ചെയ്തിട്ടുണ്ട്”; സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ബംഗാളി യുവതി ജയിലിൽ; ജാമ്യം നിഷേധിച്ചു

 “ബംഗാൾ മുഖ്യമന്ത്രിക്ക് വേണ്ടി ഞാൻ കുറച്ച് ബീഫ് പാകം ചെയ്തിട്ടുണ്ട്”; സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ബംഗാളി യുവതി ജയിലിൽ; ജാമ്യം നിഷേധിച്ചു

​ഗുരു​ഗ്രാം: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിക്ക് ബീഫ് പാകം ചെയ്തു നൽകുമെന്ന് അവകാശപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ബംഗാൾ സ്വദേശിനിയെ ഗുരുഗ്രാമിൽ അറസ്റ്റ് ചെയ്തു. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചാണ് നടപടി. പശ്ചിമ ബംഗാളിലെ ദക്ഷിണ ദിനാജ്പൂർ ജില്ലക്കാരിയായ ജ്യോത്സ്ന ബീബിയാണ് അറസ്റ്റിലായത്. ഗുരുഗ്രാമിലെ ചക്കർപൂർ മേഖലയിൽ വീട്ടുജോലിക്കാരിയായി ജോലി ചെയ്യുകയായിരുന്നു ഇവർ. ശനിയാഴ്ചയാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

ബീഫുമായി ബന്ധപ്പെട്ട ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതായി ചക്കർപൂർ പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ചക്കർപൂർ ഗ്രാമവാസിയായ ദിനേശ് യാദവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. “നിങ്ങൾക്ക് വേണ്ടി (ബംഗാൾ മുഖ്യമന്ത്രിക്ക്) ഞാൻ കുറച്ച് ബീഫ് പാകം ചെയ്തിട്ടുണ്ട്. ഇത്തവണ എന്നെ കുർബാനി (ബലി) നടത്താൻ നിങ്ങൾ അനുവദിച്ചില്ല” എന്ന് ജ്യോത്സ്ന ബീബി വീഡിയോയിൽ പറയുന്നതായി അധികൃതർ വ്യക്തമാക്കി. മുഖ്യമന്ത്രിയെ പരിഹസിക്കുന്ന രീതിയിലുള്ളതാണ് ഈ വീഡിയോ എന്നാണ് പൊലീസ് പറയുന്നത്. ഫോറൻസിക് പരിശോധനയ്ക്കായി ഇവരുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

പരാതിയുടെ അടിസ്ഥാനത്തിൽ സെക്ടർ 29 പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും, അറസ്റ്റിലായ യുവതിയെ പിന്നീട് പ്രാദേശിക കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തു. ചൊവ്വാഴ്ച യുവതി ജാമ്യാപേക്ഷ നൽകിയെങ്കിലും കോടതി അത് നിരസിച്ചു. കേസ് വീണ്ടും പരിഗണിക്കുന്നതിനായി ജൂൺ എട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രതിക്ക് ജാമ്യം നൽകിയാൽ അത് സാക്ഷികളെ സ്വാധീനിക്കാൻ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ജാമ്യാപേക്ഷയെ ശക്തമായി എതിർത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

ബക്രീദിന് ദിവസങ്ങൾക്ക് മുൻപ് പശ്ചിമ ബംഗാൾ സർക്കാർ പശു, കാള, പോത്ത് എന്നിവയെ പരസ്യമായി കശാപ്പ് ചെയ്യുന്നത് നിരോധിക്കുകയും, ഇതിന് ഔദ്യോഗിക സർട്ടിഫിക്കേഷൻ നിർബന്ധമാക്കുകയും ചെയ്തിരുന്നു. ഇതിന് ആഴ്ചകൾക്ക് ശേഷമാണ് ഈ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. അതേസമയം, ഇന്ത്യയിലുടനീളമുള്ള മുസ്ലീങ്ങളെ ലക്ഷ്യമിടുന്നതിനും ഭയപ്പെടുത്തുന്നതിനും ഉപദ്രവിക്കുന്നതിനുമായി ബിജെപി സർക്കാരും ഹിന്ദുത്വ സംഘടനകളും ബീഫ് ഉപഭോഗം, ഗോവധം തുടങ്ങിയ വിഷയങ്ങളെ ആയുധമാക്കുകയാണെന്ന് വിമർശകർ കാലങ്ങളായി ആരോപിക്കുന്നുണ്ട്.

Also read: