‘സി.ജെ.പിയെക്കൊണ്ട് കാര്യമില്ല, ജനങ്ങൾക്ക് വേണ്ടത് സ്നേഹം’; ‘ഇഷ്ക് കരോ പാർട്ടി’യുമായി മുൻ സുപ്രീം കോടതി ജഡ്ജി;തൃണമൂല്‍ എംപി മഹുവ മൊയിത്രക്ക് ക്ഷണം
ന്യൂഡൽഹി: രാജ്യത്ത് അടുത്തിടെ വലിയ ചർച്ചയായ ‘കോക്രോച്ച് ജനതാ പാർട്ടി’ക്ക് (സി.ജെ.പി) ബദലായി പുതിയ ആശയവുമായി മുൻ സുപ്രീം കോടതി ജഡ്ജി മാർക്കണ്ഡേയ കട്ജു. സമൂഹമാധ്യമങ്ങളിൽ ‘ഇഷ്ക് കരോ പാർട്ടി’ എന്ന പുതിയ മുന്നേറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് അദ്ദേഹം. തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയെ അദ്ദേഹം ഈ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തിട്ടുണ്ട്.
സമൂഹത്തിൽ സ്നേഹം പങ്കുവെക്കുക എന്ന ആശയത്തിലൂന്നിയാണ് പുതിയ പാർട്ടിയുടെ പ്രഖ്യാപനം. എക്സിൽ സി.ജെ.പിക്കെതിരെ നിരന്തരം പോസ്റ്റുകൾ പങ്കുവെക്കുന്നതിന് പിന്നാലെയാണ് കട്ജു പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പാർട്ടിയുടെ രക്ഷാധികാരി താൻ തന്നെയാണെന്ന് അദ്ദേഹം വ്യക്തമാക്കി. കട്ജു പങ്കുവെച്ച വിവരങ്ങൾ പ്രകാരം, അമേരിക്കയിലെ ന്യൂജഴ്‌സിയിൽ ജോലി ചെയ്യുന്ന ഇർഫാൻ അലിയാണ് ‘ഇഷ്ക് കരോ പാർട്ടിയുടെ’ അധ്യക്ഷൻ. പാർട്ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും ഉടൻ തന്നെ സജ്ജമാകുമെന്നും അദ്ദേഹം അറിയിച്ചു.
‘ഇഷ്ക് കരോ പാർട്ടി’ എന്ന പേര് കേൾക്കുമ്പോൾ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള പ്രണയമാണെന്ന് തെറ്റിദ്ധരിക്കരുതെന്ന് കട്ജു ഓർമ്മിപ്പിക്കുന്നു. രാജ്യത്ത് നിലനിൽക്കുന്ന ദാരിദ്ര്യം, തൊഴിലില്ലായ്മ, കുട്ടികളിലെ പോഷകാഹാരക്കുറവ് തുടങ്ങിയ വലിയ പ്രതിസന്ധികൾ മറികടക്കണമെങ്കിൽ ജനങ്ങൾക്കിടയിൽ സ്നേഹവും ഐക്യവും അനിവാര്യമാണ്. ജാതിക്കും മതത്തിനും അതീതമായി ജനങ്ങൾക്കിടയിൽ സ്നേഹം കാത്തുസൂക്ഷിക്കുക എന്നതാണ് ഈ പേരിന് പിന്നിലെ ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം, കോക്രോച്ച് ജനതാ പാർട്ടിക്കും അതിന്റെ മുൻനിരക്കാരനായ അഭിജീത് ദിപ്‌കെയ്ക്കുമെതിരെ രൂക്ഷമായ വിമർശനമാണ് കട്ജു ഉന്നയിക്കുന്നത്. ഡൽഹിയിൽ സി.ജെ.പി നടത്തിയ പ്രതിഷേധങ്ങളെ പരിഹസിച്ച അദ്ദേഹം അഭിജീത് ദിപ്‌കെയെ വിഡ്ഢിയെന്നാണ് വിശേഷിപ്പിച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ചെയ്യുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും അദ്ദേഹം വിമർശിച്ചു.