സംസവും സുഗന്ധദ്രവ്യങ്ങളും ചേർത്ത് വിശുദ്ധ കഅ്ബ കഴുകി മക്ക ഡെപ്യൂട്ടി അമീർ
മക്ക: അതിവിശിഷ്ടമായ സുഗന്ധദ്രവ്യങ്ങൾ ചേർത്ത് തയ്യാറാക്കിയ സംസം വെള്ളം ഉപയോഗിച്ച് വിശുദ്ധ കഅ്ബ കഴുകുന്ന ഭക്തിസാന്ദ്രമായ ചടങ്ങ് പൂർത്തിയായി. മക്ക ഡെപ്യൂട്ടി അമീർ സൗദ് ബിൻ മിഷാൽ ബിൻ അബ്ദുൽ അസീസ് രാജകുമാരനാണ് ഈ പുണ്യകർമ്മത്തിന് നേതൃത്വം നൽകിയത്.
റോസ് വാട്ടർ കലർത്തിയ സംസം വെള്ളത്തിൽ മുക്കിയെടുത്ത പ്രത്യേക തുണിക്കഷണങ്ങൾ ഉപയോഗിച്ചാണ് കഅ്ബയുടെ ഉൾഭാഗത്തെ ചുവരുകൾ തുടച്ച് വൃത്തിയാക്കിയത്. ചടങ്ങിനായി 15 ലിറ്റർ സംസം വെള്ളം, 15 ലിറ്റർ റോസ് വാട്ടർ, 15 ലിറ്റർ റോസ് ഓയിൽ, 100 മില്ലി ലിറ്റർ ഊദ് ഓയിൽ എന്നിവ അടങ്ങിയ പ്രത്യേക മിശ്രിതമാണ് തയ്യാറാക്കിയിരുന്നതെന്ന് ഇരുഹറം കാര്യാലയത്തിനായുള്ള ജനറൽ അതോറിറ്റി അറിയിച്ചു. പരമ്പരാഗതമായ നടപടിക്രമങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് കഅ്ബ കഴുകൽ ചടങ്ങ് നിർവഹിച്ചത്.
വിശുദ്ധ കഅ്ബയുടെ പവിത്രതയ്ക്കും ഉന്നതമായ സ്ഥാനത്തിനും അനുയോജ്യമായ രീതിയിൽ, അതീവ ശ്രദ്ധയോടെയും കൃത്യതയോടെയുമാണ് ഓരോ കർമ്മങ്ങളും പൂർത്തിയാക്കിയതെന്ന് അതോറിറ്റി വ്യക്തമാക്കി. ഈ പുണ്യകർമ്മത്തിനായി ഉപയോഗിച്ച സുഗന്ധദ്രവ്യങ്ങളും മിശ്രിതങ്ങളും ഏറ്റവും ഉയർന്ന ശുദ്ധിയും ഗുണനിലവാരവും ഉറപ്പുവരുത്തി മുൻകൂട്ടി തയ്യാറാക്കിയവയായിരുന്നു.