22/07/2026
[fontresizer_tawhidurrahmandear_widget]

“ഒരിക്കലും നടക്കാനാകില്ലെന്ന് ഡോക്ടർമാർ പറഞ്ഞു”; വിധിയെ ഡ്രിബിൾ ചെയ്ത് മുന്നേറിയ മൊറോക്കൻ താരം സായ്ബാരി; വിതുമ്പിക്കരഞ്ഞ് ഉമ്മ; ലോകകപ്പ് വേദിയിലെ ആ കണ്ണീർച്ചിത്രത്തിന് പിന്നിൽ

 “ഒരിക്കലും നടക്കാനാകില്ലെന്ന് ഡോക്ടർമാർ പറഞ്ഞു”; വിധിയെ ഡ്രിബിൾ ചെയ്ത് മുന്നേറിയ മൊറോക്കൻ താരം സായ്ബാരി; വിതുമ്പിക്കരഞ്ഞ് ഉമ്മ; ലോകകപ്പ് വേദിയിലെ ആ കണ്ണീർച്ചിത്രത്തിന് പിന്നിൽ

കാൽപന്ത് കളിക്കളത്തിൽ ഒതുങ്ങാത്ത ചില ആഘോഷങ്ങളുണ്ട്. 2026 ഫിഫ ലോകകപ്പിൽ മൊറോക്കോ പ്രീക്വാർട്ടറിൽ പ്രവേശിച്ചതിന് തൊട്ടുപിന്നാലെ, വിജയപെനാൽറ്റി നേടിയ ഇസ്മായിൽ സായ്ബാരി മെക്സിക്കോയിലെ എസ്റ്റാഡിയോ മോണ്ടെറി സ്റ്റേഡിയത്തിലെ ഗാലറിയിലേക്ക് ഓടിക്കയറിയത് അത്തരമൊരു നിമിഷത്തിനായിരുന്നു. സഹതാരങ്ങൾ ആവേശത്തോടെ വിജയം ആഘോഷിക്കുമ്പോഴും, സ്റ്റേഡിയം ആർത്തിരമ്പുമ്പോഴും സായ്ബാരിയുടെ മനസ്സിൽ ഒരാൾ മാത്രമാണുണ്ടായിരുന്നത്; തന്റെ ഉമ്മ. ഗാലറിയിൽ ഉമ്മയുടെ അരികിലെത്തിയ ഉടൻ തന്നെ അവർ പൊട്ടിക്കരയാൻ തുടങ്ങി. ലോകകപ്പ് വേദിയിൽ ടീമിനെ വിജയത്തിലെത്തിച്ചതിന്റെ ആവേശത്തിലായിരുന്ന സായ്ബാരി ഉമ്മയെ കെട്ടിപ്പിടിക്കുകയും ഇരുവരും നെറ്റിയിൽ പരസ്പരം മൃദുവായി ചുംബിക്കുകയും ചെയ്തു. ഫുട്ബോളിലെ ഏറ്റവും വലിയ വേദിയിൽ നടന്ന തികച്ചും വ്യക്തിപരമായ ഒരു നിമിഷമായിരുന്നു അത്.

ഈ വൈകാരിക നിമിഷത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ അതിവേഗമാണ് വൈറലായത്. ടൂർണമെന്റിലെ ഏറ്റവും വികാരഭരിതമായ നിമിഷങ്ങളിലൊന്നായാണ് പലരും ഇതിനെ വിശേഷിപ്പിച്ചത്. എന്നാൽ സായ്ബാരിയുടെ ജീവിതകഥ അറിയാവുന്നവർക്ക്, ആ കണ്ണീരിൽ ഒരു കുട്ടിക്കാലത്തിന്റെ മുഴുവൻ ഭയവും, വിശ്വാസവും, ത്യാഗവും, പ്രതീക്ഷയും അടങ്ങിയിട്ടുണ്ടെന്ന് മനസ്സിലാകും. ഇരു കാലുകൾക്കും ജന്മനാ വൈകല്യവുമായാണ് സായ്ബാരി ജനിച്ചത്. കാലുകൾ ഉള്ളിലേക്ക് വളഞ്ഞ അവസ്ഥയിലായതിനാൽ ഒരു സഹായവുമില്ലാതെ നടക്കുക എന്നത് അസാധ്യമായിരുന്നു. നിൽക്കാൻ പോലും അവന് ഒരു പ്രത്യേക ഉപകരണത്തിന്റെ സഹായം ആവശ്യമായിരുന്നു. തന്റെ കാലുകൾ അമിതമായി ഉള്ളിലേക്കായിരുന്നുവെന്നും, അതിനാൽ ഒരു യന്ത്രം ധരിക്കേണ്ടി വന്നുവെന്നും 2024-ൽ നൽകിയ ഒരു അഭിമുഖത്തിൽ സായ്ബാരി പറഞ്ഞിരുന്നു. ഒരുപക്ഷേ ജീവിതകാലം മുഴുവൻ അവന് ശരിയായി നടക്കാൻ കഴിഞ്ഞേക്കില്ല എന്നാണ് ഡോക്ടർമാർ അന്ന് മാതാപിതാക്കളോട് പറഞ്ഞിരുന്നത്.

ഏതൊരു മാതാപിതാക്കളെയും തളർത്തുന്ന വാക്കുകളായിരുന്നു അത്. എന്നാൽ സായ്ബാരിയുടെ ഉമ്മയ്ക്ക് അത് മറ്റൊരു പോരാട്ടമായിരുന്നു. തന്റെ മകന് ഒരു സാധാരണ ജീവിതം ലഭിക്കാൻ വേണ്ടി മാത്രമാണ് അവർ പ്രാർത്ഥിച്ചതെന്നും, ഒരു ഫുട്ബോൾ കളിക്കാരനാകാൻ പോലും അവർ അന്ന് ആഗ്രഹിച്ചിരുന്നില്ലെന്നും താരം ഓർത്തെടുക്കുന്നു. ഒരുപാട് നാളത്തെ ചികിത്സകൾക്കും, ഓർമ്മോപീഡിക് ഉപകരണങ്ങളുടെ ഉപയോഗങ്ങൾക്കും ശേഷമാണ് ആ ശരീരം വഴങ്ങിത്തുടങ്ങിയത്. സായ്ബാരി തന്റെ ആദ്യ ചുവടുകൾ വെക്കുന്നത് തന്നെ രണ്ടാം വയസ്സിലാണ്. നടക്കാൻ തുടങ്ങിയപ്പോൾ അവന് ഓടണമെന്നായി, ഓടാൻ കഴിഞ്ഞപ്പോൾ ഒരു ഫുട്ബോളുമായി കളിക്കണമെന്നായി. അങ്ങനെ സ്പെയിനിലെ ടെറാസയിലുള്ള പ്രാദേശിക യൂത്ത് ടീമുകൾക്കൊപ്പം അവൻ പന്ത് തട്ടിത്തുടങ്ങി.

എന്നാൽ, കുടിയേറ്റ കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം അതിജീവനമായിരുന്നു ഫുട്ബോളിനേക്കാൾ വലുത്. 2007-ൽ സ്പെയിനിലുണ്ടായ സാമ്പത്തിക മാന്ദ്യം സായ്ബാരിയുടെ കുടുംബത്തെയും ബാധിച്ചു. പിതാവ് ചരക്ക് ഗതാഗത മേഖലയിലായിരുന്നു ജോലി ചെയ്തിരുന്നത്. ഉമ്മയ്ക്ക് സ്വന്തമായി ഒരു കടയുണ്ടായിരുന്നു, അവർ മികച്ച രീതിയിൽ ബ്രെഡ് ഉണ്ടാക്കി വിറ്റിരുന്നു. എന്നാൽ പിതാവിന് ജോലി നഷ്ടപ്പെടുമെന്ന ഭയവും, കടയിൽ നിന്നുള്ള വരുമാനം കൊണ്ട് മാത്രം ജീവിക്കാൻ കഴിയാത്ത അവസ്ഥയും വന്നതോടെ ആ കുടുംബം സ്പെയിൻ വിട്ടു. സായ്ബാരിക്ക് ആറ് വയസ്സുള്ളപ്പോൾ അവർ ബെൽജിയത്തിലേക്ക് കുടിയേറി. തന്റെ കൊച്ചുകുട്ടിക്കാലത്ത് തന്നെ അവന് പുതിയൊരു രാജ്യത്ത് ജീവിതം ആദ്യം മുതൽ തുടങ്ങേണ്ടി വന്നു.

കാലുകൾ നിലത്തുറപ്പിക്കാൻ പോലുമാകില്ലെന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയ ഒരു കുട്ടി, ഇന്ന് ലോകഫുട്ബോളിലെ വലിയ വേദികളിൽ രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുന്നു. പ്രതിസന്ധികളിൽ ഒരിക്കലും കൈവിടാതെ ചേർത്തുപിടിച്ച ആ ഉമ്മയ്ക്കുള്ള ഏറ്റവും വലിയ സമ്മാനമാണ് ഈ ലോകകപ്പ് നേട്ടം. കണ്ണീരും പുഞ്ചിരിയും ഇടകലർന്ന ഈ ആലിംഗനം, ഫുട്ബോൾ ലോകം കണ്ട ഏറ്റവും മനോഹരമായ അതിജീവനഗാഥയായി എക്കാലവും ഓർമ്മിക്കപ്പെടും.

Also read: