വിലക്കുകളും ആശങ്കകളും നീങ്ങി; ലോകകപ്പിനായി ഇറാൻ ഫുട്ബോൾ ടീമിന് വിസ അനുവദിച്ച് അമേരിക്ക
വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിൽ കടുത്ത യുദ്ധസാഹചര്യം നിലനിൽക്കുന്നതിനിടെ, 2026 ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്നതിനുള്ള ഇറാനിയൻ ഫുട്ബോൾ ടീമിന് അമേരിക്ക വിസ അനുവദിച്ചു. ആദ്യ മത്സരത്തിന് കേവലം പത്ത് ദിവസം മാത്രം ശേഷിക്കെയാണ് വൈറ്റ് ഹൗസ് ഔദ്യോഗികമായി ഈ വിവരമറിയിച്ചത്. ഇതോടെ ഇറാൻ ടീമിൻ്റെ ലോകകപ്പ് പങ്കാളിത്തം സംബന്ധിച്ച് നിലനിന്നിരുന്ന വലിയ ആശങ്കകൾക്ക് വിരാമമായിരിക്കുകയാണ്.
വ്യാഴാഴ്ച രാത്രി വരെ ടീമിന് വിസ ലഭിച്ചിരുന്നില്ലെന്ന് മെക്സിക്കോയിലെ ഇറാൻ സ്ഥാനപതി അബോൽഫസൽ പസൻദിദേ വ്യക്തമാക്കിയിരുന്നു. തുടർന്ന് അധികൃതർ ഇടപെട്ട് നടപടികൾ വേഗത്തിലാക്കുകയായിരുന്നു. ടീമിലെ ചില സാങ്കേതിക പ്രവർത്തകർക്കും ഭരണസമിതി അംഗങ്ങൾക്കും വിസ ലഭിച്ചില്ലെന്ന് ഇറാനിലെ ഫാർസ് വാർത്താ ഏജൻസി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും, നിലവിൽ ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ചതായാണ് പുറത്തുവരുന്ന വിവരം.
യുദ്ധസാഹചര്യങ്ങളും അമേരിക്കയിലെ സുരക്ഷാ ആശങ്കകളും കണക്കിലെടുത്ത് ഇറാൻ ടീം തങ്ങളുടെ ബേസ് ക്യാമ്പ് മാറ്റിയിട്ടുണ്ട്. അമേരിക്കയിലെ അരിസോണയിൽ നിശ്ചയിച്ചിരുന്ന ക്യാമ്പ് മെക്‌സിക്കോയിലെ ടിജുവാനയിലേക്കാണ് മാറ്റിയത്. ഞായറാഴ്‌ചയോടെ ടീം ടിജുവാനയിലെത്തും. ജൂൺ 15-ന് ലോസ് ഏഞ്ചൽസിൽ വെച്ച് ന്യൂസിലാൻഡിനെതിരെയാണ് ഗ്രൂപ്പ് ഘട്ടത്തിൽ ഇറാൻ്റെ ആദ്യ പോരാട്ടം. ബെൽജിയം, ഈജിപ്ത് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് എതിരാളികൾ.
1930-ൽ ഫിഫ ലോകകപ്പ് ആരംഭിച്ചതിന് ശേഷം ചരിത്രത്തിലാദ്യമായാണ് യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന ഒരു രാജ്യത്തെ ആതിഥേയ രാജ്യം ടൂർണമെന്റിനായി സ്വാഗതം ചെയ്യുന്നത്. എന്നാൽ ഈ ലോകകപ്പ് വേദിയെ ഇരുരാജ്യങ്ങളും തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടെന്ന വിമർശനവും ഇതിനോടകം ശക്തമായിട്ടുണ്ട്. ഇറാൻ ടീമിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സുമായി ബന്ധമുള്ള ആരും ഉൾപ്പെടരുതെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ കർശന നിർദേശം നൽകിയിരുന്നു. ഇതിനുപുറമെ, നേരത്തെ വാഷിങ്‌ടണിൽ നടന്ന ലോകകപ്പ് നറുക്കെടുപ്പിൽ പങ്കെടുക്കുന്നതിൽ നിന്ന് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡൻ്റ് മെഹ്ദി താജിനെ അമേരിക്ക വിലക്കുകയും ചെയ്തിരുന്നു.
ശത്രുരാജ്യത്തിന്റെ മണ്ണിലാണെങ്കിലും ലോകകപ്പിലെ ഇറാനിയൻ ടീമിൻ്റെ സാന്നിധ്യം സമാധാനത്തിനായുള്ള തങ്ങളുടെ ആഗ്രഹത്തെയാണ് കാട്ടിത്തരുന്നതെന്ന് സ്ഥാനപതി പസൻദിദേ പ്രതികരിച്ചു. യുദ്ധത്തിൻ്റെ കാർമേഘങ്ങൾക്കിടയിലും ഫുട്ബോൾ ആവേശത്തിനായി ഇറാൻ ടീം അമേരിക്കൻ മണ്ണിലെത്തുന്നത് കായിക ലോകം ഒന്നടങ്കം ഉറ്റുനോക്കുകയാണ്.