09/06/2026
[fontresizer_tawhidurrahmandear_widget]

‘മേൽജാതിക്കാരിയായ പെൺകുട്ടിയുമായി സൗഹൃദം’; 18 കാരനായ ദലിത് യുവാവിനെ തല്ലിക്കൊന്നു

 ‘മേൽജാതിക്കാരിയായ പെൺകുട്ടിയുമായി സൗഹൃദം’; 18 കാരനായ ദലിത് യുവാവിനെ തല്ലിക്കൊന്നു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിൽ സവർണ്ണ ഹിന്ദു സമുദായത്തിൽപ്പെട്ട പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചതിന്റെ പേരിൽ 18 വയസ്സുകാരനായ ദളിത് യുവാവിനെ തല്ലിക്കൊന്നു. പ്രതാപ് നഗർ ബ്ലോക്കിലെ ദേവാൽ ഗ്രാമവാസിയായ കേതൻ ലാൽ ആണ് ക്രൂരമായ മർദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. ആക്രമണത്തിൽ കേതനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ദിവാകർ ദിമ്രിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇയാളെ ബോറാരിയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

കേതന്റെ പിതാവ് ധൻപാൽ ലാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ഞായറാഴ്ച രാത്രി ഖോൽഗഡ് ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. കഴിഞ്ഞ ആറ് മാസമായി ഖോൽഗഡ് സ്വദേശിയായ പെൺകുട്ടിയുമായി കേതന് സൗഹൃദമുണ്ടായിരുന്നു. ഞായറാഴ്ച രാത്രി 11 മണിയോടെ പെൺകുട്ടി ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടതനുസരിച്ചാണ് കേതനും സുഹൃത്ത് ദിവാകറും ഗ്രാമത്തിലെത്തിയത്. എന്നാൽ ഇരുവരും അവിടെയെത്തിയപ്പോൾ പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ഇവരെ ഒരു മുറിയിലടയ്ക്കുകയും വടികൊണ്ട് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ പെൺകുട്ടിയുടെ പിതാവ് ധൻപാൽ ലാലിനെ ഫോണിൽ വിളിച്ച് മകന്റെ വിവരങ്ങൾ അറിയിക്കുകയും അവനെ കൊണ്ടുപോകാൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തിയ മകനെ പിതാവ് ഉടൻ തന്നെ ചൗന്ദ് ലാംബ്ഗാവിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിന് പിന്നാലെ രോഷാകുലരായ നാട്ടുകാരും കുടുംബാംഗങ്ങളും അക്രമികൾക്കെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി. പ്രതികളെ പിടികൂടാതെ ആശുപത്രിയിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അവർ ആദ്യം നിലപാടെടുത്തു. തുടർന്ന്, കൊലപാതക കുറ്റത്തിനും എസ്.സി/എസ്.ടി (പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമം തടയൽ) നിയമത്തിലെ സെക്ഷൻ 3(2)(v) പ്രകാരവും കേസെടുത്തിട്ടുണ്ടെന്ന് തെഹ്‌രി ഗർവാൾ സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് ശ്വേത ചൗബെ അറിയിച്ചു. കേസിലെ പ്രതികളിലൊരാളായ യശ്വീർ സിംഗ് പൻവാറിനെ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും എസ്.എസ്.പി കൂട്ടിച്ചേർത്തു.

ജാതീയത മനുഷ്യരെ എത്രത്തോളം അക്രമാസക്തരും ക്രൂരന്മാരുമാക്കുമെന്നും കൊലപാതകത്തിലേക്ക് വരെ നയിക്കുമെന്നതിന്റെയും മറ്റൊരു ഉദാഹരണമാണ് ഈ സംഭവമെന്ന് സി.പി.ഐ (എം.എൽ) ലിബറേഷൻ കേന്ദ്ര കമ്മിറ്റി അംഗവും ഉത്തരാഖണ്ഡ് സ്റ്റേറ്റ് സെക്രട്ടറിയുമായ ഇന്ദ്രേഷ് മൈഖുരി പ്രതികരിച്ചു. സവർണ്ണ സമുദായത്തിൽപ്പെട്ട യുവതിയെ വിവാഹം കഴിച്ചതിന്റെ പേരിൽ ദളിത് രാഷ്ട്രീയ പ്രവർത്തകനായ ജഗദീഷ് ചന്ദ്രയെ 2022-ൽ തല്ലിക്കൊന്ന സംഭവവും അദ്ദേഹം ഈ വേളയിൽ അനുസ്മരിച്ചു. ജാതീയതയുടെ വിഷം സിരകളിൽ ആഴത്തിൽ ഒഴുകുന്നതുകൊണ്ടാണ് യശ്വീർ പൻവാറും കൂട്ടാളികളും ചേർന്ന് 18 വയസ്സുകാരന്റെ ജീവനെടുത്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത് അവർക്ക് ഒരു പ്രശസ്തിയും നേടിക്കൊടുക്കുന്നില്ലെന്നും, ജാതീയതയുടെ വിഷം തലയ്ക്കുപിടിച്ച ഭ്രാന്തരായ കൊലയാളികളായി അവർ മാറിയെന്നും അദ്ദേഹം പറഞ്ഞു. പ്രതികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിച്ച് കേതൻ ലാലിന് നീതി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Also read: