പ്രായം 14, ബുർജ് ഖലീഫയിൽ സ്വന്തമായി ഓഫീസ്! ലോകത്തെ ഞെട്ടിച്ച് ഇന്ത്യൻ വിദ്യാർത്ഥിയുടെ എ.ഐ കമ്പനി
ദുബൈ: മറ്റ് കുട്ടികൾ സ്‌കൂളിൽ പോയി പഠിക്കുന്ന പ്രായത്തിൽ, ദുബൈയിൽ സ്വന്തമായി ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പ് ആരംഭിച്ച് ലോകത്തെ അമ്പരപ്പിക്കുകയാണ് ജൈനം ജെയിൻ എന്ന പതിനാലുകാരനായ ഇന്ത്യൻ വിദ്യാർത്ഥി. യു.എ.ഇയിൽ ഔദ്യോഗിക അംഗീകാരം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ എ.ഐ സംരംഭകരിൽ ഒരാളാണ് ജൈനം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബൈയിലെ ബുർജ് ഖലീഫയിലാണ് ജൈനത്തിന്റെ ‘മെംഗോ എഞ്ചിൻ’ (Mengo Engine) എന്ന കമ്പനിയുടെ ഓഫീസ് പ്രവർത്തിക്കുന്നത്. ബിസിനസുകൾക്ക് അവരുടെ മാർക്കറ്റിംഗ്, ഉപഭോക്തൃ ആശയവിനിമയം, സെയിൽസ് സപ്പോർട്ട്, കണ്ടന്റ് ക്രിയേഷൻ തുടങ്ങിയ കാര്യങ്ങൾ എളുപ്പത്തിലാക്കാൻ സഹായിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു എ.ഐ പ്ലാറ്റ്‌ഫോമാണ് മെംഗോ എഞ്ചിൻ.
തന്റെ ആറാം വയസ്സിൽ പിതാവിനൊപ്പം ഒരു ബിസിനസ് മീറ്റിംഗിൽ പങ്കെടുത്തതോടെയാണ് ജൈനത്തിന് ബിസിനസിനോടുള്ള താല്പര്യം തുടങ്ങുന്നത്. അന്നു മുതൽ പഠനത്തോടൊപ്പം ബിസിനസ്സ് പരിപാടികളിൽ പങ്കെടുക്കാനും സംരംഭകരെ കാണാനും പ്രായോഗിക അനുഭവങ്ങളിലൂടെ പുതിയ കാര്യങ്ങൾ പഠിക്കാനും ഈ മിടുക്കൻ സമയം കണ്ടെത്തി. തന്റെ കമ്പനി കെട്ടിപ്പടുക്കുന്നതിനും പുതിയ ആശയങ്ങൾ വികസിപ്പിക്കുന്നതിനും കൂടുതൽ സമയം കണ്ടെത്തുന്നതിനായി പതിമൂന്നാം വയസ്സിൽ വെറും 105 ദിവസങ്ങൾ കൊണ്ടാണ് ഈ കൊച്ചുമിടുക്കൻ ഐ.ജി.സി.എസ്.ഇ പത്താം ക്ലാസ് പാഠ്യപദ്ധതി പൂർത്തിയാക്കിയത്. ക്ലാസ് മുറികളിലെ പഠനത്തോളം തന്നെ പ്രായോഗികമായ അറിവുകൾക്കും പ്രാധാന്യമുണ്ടെന്ന് ജൈനം വിശ്വസിക്കുന്നു.
സ്വന്തമായി ഒരു കമ്പനി നടത്തുന്നതിന് പുറമെ, ഒരു ടെഡ് എക്സ് സ്പീക്കർ കൂടിയായ ജൈനത്തിന്റെ പേരിൽ രണ്ട് പേറ്റന്റുകളുമുണ്ട്. ഒരു പുസ്തകവും ഇദ്ദേഹം രചിച്ചിട്ടുണ്ട്. കൂടാതെ ഒരു ലക്ഷത്തി നാൽപ്പത്തയ്യായിരത്തിലധികം സബ്സ്ക്രൈബർമാരുള്ള ഒരു യൂട്യൂബ് ചാനലും ജൈനത്തിനുണ്ട്. തന്റെ പത്താം വയസ്സിൽ 50 ദിവസത്തെ വ്യക്തിഗത വെല്ലുവിളികൾ ഏറ്റെടുക്കാൻ തുടങ്ങിയ ജൈനം, ഇതിന്റെ ഭാഗമായി 50 പുസ്തകങ്ങൾ വായിക്കുകയും 50 ബിസിനസ്സ് ഇവന്റുകളിൽ പങ്കെടുക്കുകയും വിവിധ മേഖലകളിലെ സംരംഭകരെയും പ്രൊഫഷണലുകളെയും നേരിൽ കാണാനായി ഇന്ത്യയിലുടനീളം ഏകദേശം 6,000 കിലോമീറ്ററോളം യാത്ര ചെയ്യുകയും ചെയ്തു. ആഗോളതലത്തിൽ അംഗീകരിക്കപ്പെടുന്ന ഒരു കമ്പനി കെട്ടിപ്പടുക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ജൈനം പറയുന്നു. വിജയമെന്നത് പ്രായത്തെ ആശ്രയിച്ചല്ല, മറിച്ച് മികച്ച ആശയങ്ങൾ, നിരന്തരമായ പരിശ്രമം, അച്ചടക്കം എന്നിവയെ ആശ്രയിച്ചാണെന്നാണ് ഈ വിദ്യാർത്ഥിയുടെ പക്ഷം. ഇതിനോടകം തന്നെ സോഷ്യൽ മീഡിയയുടെയും ബിസിനസ്സ് ലോകത്തിന്റെയും ശ്രദ്ധ പിടിച്ചുപറ്റിയ ജൈനത്തിന്റെ ഈ യാത്ര യുവസംരംഭകർക്ക് വലിയൊരു മാതൃകയായാണ് വിലയിരുത്തപ്പെടുന്നത്.