ചെറിയ ഗ്രാമത്തിൽ നിന്നും വലിയ സ്വപ്നങ്ങളിലേക്ക് ; 900 കോടി മൂല്യമുള്ള കമ്പനിയായി വളർന്ന് 25-കാരൻ്റെ സ്റ്റാർട്ടപ്പ്; നാസയുടെ കരാറും സ്വന്തമാക്കി അവൈസ് അഹമ്മദ്
കർണാടക: ഒരു സാധാരണ ഗ്രാമത്തിൽ നിന്നും കഠിനാധ്വാനത്തിലൂടെയും പ്രതിഭയിലൂടെയും ബഹിരാകാശ സാങ്കേതികവിദ്യയുടെ ലോകത്ത് ചരിത്രവിജയം കുറിച്ചിരിക്കുകയാണ് അവൈസ് അഹമ്മദ് എന്ന ഇന്ത്യൻ യുവാവ്. അവൈസ് അഹമ്മദും സുഹൃത്ത് ക്ഷിതിജ് ഖണ്ഡേൽവാളും ചേർന്ന് സ്ഥാപിച്ച ‘പിക്സൽ’ എന്ന സ്പേസ് സ്റ്റാർട്ടപ്പ് കമ്പനി 900 കോടി രൂപയുടെ മൂല്യത്തിലേക്ക് ഉയർന്നതിന് പിന്നാലെ, ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഏജൻസിയായ നാസയുടെ വിലപ്പെട്ട കരാറും സ്വന്തമാക്കിയിരിക്കുകയാണ്.
കർണാടകയിലെ ചിക്കമംഗളൂരു ജില്ലയിലുള്ള ആൽഡൂർ എന്ന കൊച്ചുഗ്രാമത്തിൽ നിന്നാണ് അവൈസ് അഹമ്മദ് എന്ന യുവാവ് ബഹിരാകാശ ശാസ്ത്രരംഗത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കുന്നത്. സ്മാർട്ട്‌ഫോണോ ഇന്റർനെറ്റ് സൗകര്യങ്ങളോ ഒന്നുമില്ലാത്ത ഒരു ചുറ്റുപാടിലായിരുന്നു അദ്ദേഹത്തിന്റെ ബാല്യം.ഇന്ന് ബെംഗളൂരുവും അമേരിക്കയിലെ ലോസ് ആഞ്ചൽസും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘പിക്സൽ’ എന്ന വമ്പൻ ബഹിരാകാശ സാങ്കേതികവിദ്യാ കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒയുമാണ് അവൈസ്. ഗൂഗിൾ, ലൈറ്റ്സ്പീഡ് വെഞ്ച്വർ പാർട്ണേഴ്സ് തുടങ്ങിയവരിൽ നിന്നായി ഏകദേശം 900 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ച ഈ കമ്പനി, ഇപ്പോൾ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുമായും നാഷണൽ റീകണൈസൻസ് ഓഫീസുമായും സുപ്രധാന കരാറുകളിലും ഒപ്പുവെച്ചിട്ടുണ്ട്.
നാസയുടെ ലബോറട്ടറികളും വിവിധ ബഹിരാകാശ സെന്ററുകളും ആവശ്യപ്പെടുന്ന കൃത്യമായ ഭൗമനിരീക്ഷണ ഡാറ്റ നൽകാനുള്ള കരാറാണ് ഇപ്പോൾ പിക്സലിന് ലഭിച്ചിരിക്കുന്നത്. ഇതിനായി നാസ തങ്ങളുടെ 476 മില്യൺ ഡോളറിന്റെ വൻകിട വാണിജ്യ പദ്ധതിയിലാണ് പിക്സലിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. 2028 ജൂൺ വരെയുള്ള കാലാവധിയിലാണ് നാസ ഈ സ്പേസ് സ്റ്റാർട്ടപ്പുമായി കരാറിലേർപ്പെട്ടിരിക്കുന്നത്. കമ്പനി വികസിപ്പിച്ചെടുത്ത ഹൈപ്പർസ്പെക്ട്രൽ ഇമേജിങ് സാങ്കേതികവിദ്യയുടെ കരുത്തിലാണ് ഈ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞത്. സാധാരണ ഉപഗ്രഹ ക്യാമറകൾക്ക് കാണാൻ കഴിയാത്ത പ്രകാശ തരംഗങ്ങളെ തിരിച്ചറിഞ്ഞ്, ഭൂമിയിലെ പ്രതിഭാസങ്ങളെ അതീവ സൂക്ഷ്മതയോടെ നിരീക്ഷിക്കാൻ ഈ സാങ്കേതികവിദ്യയിലൂടെ സാധിക്കും.
ബിറ്റ്സ് പിലാനിയിൽ പഠിച്ചുകൊണ്ടിരുന്ന കാലത്താണ് അവൈസും സുഹൃത്ത് ക്ഷിതിജും ചേർന്ന് 2019-ൽ പിക്സലിന് തറക്കല്ലിടുന്നത്. കോളേജ് പഠനകാലത്ത് എലോൺ മസ്കിന്റെ പ്രശസ്തമായ സ്പേസ് എക്സ് സംഘടിപ്പിച്ച ‘ഹൈപ്പർലൂപ്പ് പോഡ്’ മത്സരത്തിൽ പങ്കെടുത്ത ഇന്ത്യയിൽ നിന്നുള്ള ഏക ടീമിലെ അംഗങ്ങളായിരുന്നു ഇവർ. ഈ അനുഭവമാണ് സ്വന്തമായി ഒരു ബഹിരാകാശ കമ്പനി തുടങ്ങാൻ ഇവർക്ക് പ്രചോദനമായത്. കൃഷി, പരിസ്ഥിതി നിരീക്ഷണം, പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി അറിയൽ, ഖനനം തുടങ്ങിയ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ പിക്സലിന്റെ ഉപഗ്രഹങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾക്ക് സാധിക്കും. ഗൂഗിൾ ഉൾപ്പെടെയുള്ള വൻകിട കമ്പനികളിൽ നിന്നും 71 മില്യൺ ഡോളറിലധികം നിക്ഷേപം സമാഹരിക്കാൻ ഇതിനോടകം ഈ ഇന്ത്യൻ സ്റ്റാർട്ടപ്പിന് കഴിഞ്ഞിട്ടുണ്ട്. ഒരു ഇന്ത്യൻ ഗ്രാമത്തിൽ നിന്ന് തുടങ്ങി, വിദേശ രാജ്യങ്ങളിലെ വൻകിട കമ്പനികളോട് മത്സരിച്ച്, ഒടുവിൽ നാസയുടെ വരെ വിശ്വസ്ത പങ്കാളിയായി മാറിയ അവൈസ് അഹമ്മദിന്റെ ഈ വിജയം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഇന്ത്യൻ യുവാക്കൾക്ക് വലിയൊരു ആവേശവും മാതൃകയുമാണ്.