‘ഹാളണ്ടിനെ പൂട്ടാൻ പ്രത്യേക പ്ലാനുകളില്ല, എങ്ങനെ പ്രതിരോധിക്കണമെന്ന് എന്റെ കളിക്കാർക്ക് നന്നായറിയാം’; കാർലോ ആഞ്ചലോട്ടി
ന്യൂജേഴ്‌സി: ലോകകപ്പ് പ്രീ-ക്വാർട്ടറിൽ നോർവെയ്‌ക്കെതിരായ നിർണായക പോരാട്ടത്തിന് മുന്നോടിയായി എതിർനിരയിലെ സൂപ്പർ സ്ട്രൈക്കർ എർലിങ് ഹാളണ്ടിനെ തടയാൻ പ്രത്യേക തന്ത്രങ്ങളൊന്നും ഒരുക്കിയിട്ടില്ലെന്ന് ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി. ന്യൂജേഴ്‌സിയിൽ നടക്കുന്ന നോക്കൗട്ട് മത്സരത്തിൽ ജപ്പാനെതിരെ മികച്ച വിജയം നേടിയ ആത്മവിശ്വാസത്തിലാണ് ബ്രസീൽ ഇറങ്ങുന്നത്. മുന്നേറ്റനിരയിൽ വിനീഷ്യസ് ജൂനിയർ, എൻഡ്രിക്, മാർട്ടിനെല്ലി, മാത്യൂസ് കുന്യ എന്നിവരും മധ്യനിരയിലും പ്രതിരോധത്തിലുമായി ബ്രൂണോ ഗിമാറെഷ്, കാസമിറോ, മാർക്വിന്യോസ്, ഗബ്രിയേൽ എന്നിവരും ഫോമിലാണെന്നത് ബ്രസീലിന് കരുത്തേകുന്നുണ്ട്.
പ്രതിരോധത്തിലെയും മധ്യനിരയിലെയും പിഴവുകൾ പരമാവധി ഒഴിവാക്കിയാൽ നോർവെയ്‌ക്കെതിരെ അനായാസ വിജയം നേടാമെന്നാണ് ആരാധകരുടെ പ്രതീക്ഷ. എന്നാൽ മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകൾ നേടി ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ ലയണൽ മെസ്സിക്കും കിലിയൻ എംബാപ്പെയ്ക്കും തൊട്ടുപിന്നിലുള്ള ഹാളണ്ടിന്റെ മിന്നും ഫോമിലാണ് നോർവെയുടെ പ്രധാന പ്രതീക്ഷ. ഐവറികോസ്റ്റിനെ പരാജയപ്പെടുത്തിയാണ് നോർവെ പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്.
ഹാളണ്ടിനെ നേരിടാൻ പ്രത്യേക പദ്ധതികൾ ആവശ്യമില്ലെന്ന് വ്യക്തമാക്കിയ ആഞ്ചലോട്ടി, താരം എങ്ങനെയാണ് കളിക്കുന്നതെന്ന് ഫുട്ബോൾ ലോകത്തിന് മുഴുവൻ അറിയാമെന്നും അത് പ്രതിരോധിക്കാൻ തന്റെ കളിക്കാർക്ക് പ്രത്യേകം ക്ലാസെടുക്കേണ്ട കാര്യമില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു. ബ്രസീൽ ഡിഫൻഡർമാർ മുൻപും പലതവണ ഹാളണ്ടുമായി പരസ്പരം ഏറ്റുമുട്ടിയിട്ടുള്ളവരാണെന്നും അതിനാൽ പ്രത്യേക പ്ലാൻ എന്നൊന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ആഞ്ചലോട്ടി പരിശീലിപ്പിക്കുന്ന കരുത്തരായ ബ്രസീൽ ടീമിനെതിരെ കളിക്കുക എന്നത് വലിയൊരു നേട്ടമായാണ് കാണുന്നതെന്ന് നോർവെ പരിശീലകൻ സ്റ്റാലെ സോൽബക്കൻ പ്രതികരിച്ചു. തങ്ങൾക്ക് ഈ മത്സരം അങ്ങേയറ്റം പ്രധാനപ്പെട്ടതാണെന്നും ഒരുപക്ഷേ കളി ഷൂട്ടൗട്ടിലേക്ക് നീണ്ടാൽ പോലും നേരിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും ടീം നടത്തിയിട്ടുണ്ടെന്നും സോൽബക്കൻ കൂട്ടിച്ചേർത്തു. ഇന്ത്യൻ സമയം ഇന്ന് രാത്രി പുലർച്ചെ 1.30-നാണ് ആരാധകർ കാത്തിരിക്കുന്ന ഈ ആവേശപ്പോരാട്ടം നടക്കുക.