21/07/2026
[fontresizer_tawhidurrahmandear_widget]

‘യൂറോ കപ്പ് എനിക്ക് ലോകകപ്പിന് തുല്യം, പെട്ടെന്നൊരു വിരമിക്കൽ പ്രഖ്യാപനത്തിനില്ല’; ക്രിസ്റ്റ്യാനോ റൊണാൾഡോ

 ‘യൂറോ കപ്പ് എനിക്ക് ലോകകപ്പിന് തുല്യം, പെട്ടെന്നൊരു വിരമിക്കൽ പ്രഖ്യാപനത്തിനില്ല’; ക്രിസ്റ്റ്യാനോ റൊണാൾഡോ

വാഷിങ്ടൺ: ലോകകപ്പ് കിരീടം എന്ന വലിയ സ്വപ്നം ബാക്കിയാക്കി ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ അവസാന ലോകകപ്പ് പോരാട്ടം അവസാനിപ്പിച്ചു. പ്രീക്വാർട്ടറിൽ സ്പെയിനിനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടതോടെയാണ് റൊണാൾഡോയുടെ ആറാം ലോകകപ്പ് യാത്ര അപ്രതീക്ഷിതമായി അവസാനിച്ചത്. ഇഞ്ചുറി ടൈമിൽ സ്പാനിഷ് താരം മൈക്കിൾ മെറിനോ നേടിയ ഗോളാണ് പോർച്ചുഗലിന്റെയും റൊണാൾഡോയുടെയും പ്രതീക്ഷകൾ തകർത്തത്.

മത്സരശേഷം മാധ്യമങ്ങളോട് സംസാരിച്ച 41-കാരനായ റൊണാൾഡോ വളരെ വികാരനിർഭരനായിരുന്നു. ഇത്തരത്തിൽ പുറത്തുപോകേണ്ടി വന്നതിൽ അതിയായ ദുഃഖമുണ്ടെങ്കിലും താൻ തന്റെ സർവസ്വവും നൽകി കളിച്ചുവെന്നും പൂർണ്ണ തൃപ്തിയോടെയാണ് മടങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് തന്റെ അവസാന ലോകകപ്പായിരുന്നുവെന്ന് സ്ഥിരീകരിച്ച താരം, ഇനിയുള്ള സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി. തോൽവിയുടെ ഈ ആഘാതത്തിൽ പെട്ടെന്നൊരു വിരമിക്കൽ പ്രഖ്യാപനം നടത്തില്ലെന്നും ഭാവി തീരുമാനങ്ങൾ എടുക്കാൻ സമയമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫുട്ബോളിലെ ഏറ്റവും വലിയ കിരീടം ലോകകപ്പാണെങ്കിലും തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമായി കണക്കാക്കുന്നത് 2016-ലെ യൂറോ കപ്പ് വിജയമാണെന്ന് റൊണാൾഡോ പറഞ്ഞു. തനിക്ക് മുമ്പ് പോർച്ചുഗൽ ഒരു പ്രധാന കിരീടവും നേടിയിരുന്നില്ലെന്നും, 2016-ൽ രാജ്യത്തിനായി ആ കിരീടം നേടിക്കൊടുത്തത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണെന്നും അത് തനിക്ക് ലോകകപ്പിന് തുല്യമായ വികാരമാണ് നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പുറമെ 2019-ലും 2025-ലും യുവേഫ നേഷൻസ് ലീഗ് കിരീടങ്ങളും രാജ്യത്തിന് നേടിക്കൊടുക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.

ടൂർണമെന്റിന് പിന്നാലെ പരിശീലകൻ റോബർട്ടോ മാർട്ടിനസ് സ്ഥാനമൊഴിയുമെന്ന വാർത്തകളോടും റൊണാൾഡോ പ്രതികരിച്ചു. മാർട്ടിനസിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം മികച്ചൊരു പരിശീലകനും അതിലുപരി നല്ലൊരു മനുഷ്യനാണെന്നും റൊണാൾഡോ പുകഴ്ത്തി. പോർച്ചുഗലിനായി അദ്ദേഹം ചെയ്ത കാര്യങ്ങൾ പ്രശംസനീയമാണെന്ന് പറഞ്ഞ താരം അദ്ദേഹത്തിന് എല്ലാവിധ ഭാവുകങ്ങളും നേർന്നു. അടുത്ത റൗണ്ടിലേക്ക് കടക്കാനുള്ള മികച്ച നിലവാരം തന്റെ ടീമിനുണ്ടായിരുന്നുവെന്ന് വിശ്വസിക്കുന്നതായി റൊണാൾഡോ പറഞ്ഞു. ഒരു വലിയ ടൂർണമെന്റിൽ നിന്ന് പുറത്താകുന്നത് വേദനിപ്പിക്കുന്നതാണെന്നും, മികച്ച ഫോമിലായിരുന്ന തങ്ങൾ സ്പെയിനിനെതിരെ നന്നായി തന്നെയാണ് കളിച്ചതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മത്സരഫലം സ്പെയിനിന് അനുകൂലമായെങ്കിലും ഫുട്ബോളിൽ ഇതൊക്കെ സാധാരണമാണെന്നും ഈ തോൽവിയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പ് നേടാനായില്ലെങ്കിലും ഒരു സാധാരണ ടീമായിരുന്ന പോർച്ചുഗലിനെ ലോക ഫുട്ബോളിലെ കരുത്തരായ ടീമാക്കി മാറ്റിയ റൊണാൾഡോയുടെ സംഭാവനകൾ ചരിത്രം എക്കാലവും ഓർക്കും. 2016-ൽ തുടങ്ങിയ ആ സുവർണ്ണകാലം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും തിളക്കമുള്ള അധ്യായമായി തന്നെ നിലനിൽക്കും.

Also read: