21/07/2026
[fontresizer_tawhidurrahmandear_widget]

ഫിഫ ലോകകപ്പിൽ നിന്ന് ഒഴിവാക്കിയിട്ട് ദിവസങ്ങൾ; റഫറി റോബ് ഡൈപറിങ്ക് മരിച്ച നിലയിൽ

 ഫിഫ ലോകകപ്പിൽ നിന്ന് ഒഴിവാക്കിയിട്ട് ദിവസങ്ങൾ; റഫറി റോബ് ഡൈപറിങ്ക് മരിച്ച നിലയിൽ

ദക്ഷിണാഫ്രിക്കൻ ഫുട്ബോൾ താരം ജെയ്‌ഡൻ ആഡംസിൻ്റെ വിയോഗമുണ്ടാക്കിയ ഞെട്ടൽ മാറുംമുൻപേ ഫുട്ബോൾ ലോകത്തെ വീണ്ടും കണ്ണീരിലാഴ്ത്തി ഡച്ച് റഫറി റോബ് ഡൈപറിങ്കിന്റെ (38) മരണം. ലോകകപ്പ് മത്സരങ്ങൾ നിയന്ത്രിക്കാനുള്ള റഫറിമാരുടെ പട്ടികയിൽ ഇടംനേടുകയും പിന്നീട് ഫിഫ ഒഴിവാക്കുകയും ചെയ്ത വ്യക്തിയാണ് റോബ്. അദ്ദേഹത്തിന്റെ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഡച്ച് ഫുട്ബോൾ അസോസിയേഷനാണ് മരണവിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. പ്രഗത്ഭനായ റഫറിയെയും മികച്ചൊരു സഹപ്രവർത്തകനെയുമാണ് നഷ്ടമായതെന്നും അദ്ദേഹത്തിന്റെ വിയോഗത്തിൽ അതിയായ ദുഃഖമുണ്ടെന്നും അസോസിയേഷൻ പ്രസ്താവനയിൽ വ്യക്തമാക്കി. റോബിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വേദനയിൽ പങ്കുചേരുന്നതായി ഫിഫയും അറിയിച്ചു.

2026 ഫിഫ ലോകകപ്പിൽ വീഡിയോ അസിസ്റ്റന്റ് റഫറിയായി (VAR) റോബിനെ ആദ്യം തിരഞ്ഞെടുത്തിരുന്നു. എന്നാൽ, ടൂർണമെന്റ് തുടങ്ങാൻ ഒരു മാസം മാത്രം ബാക്കിനിൽക്കെ അദ്ദേഹത്തെ അപ്രതീക്ഷിതമായി പട്ടികയിൽ നിന്ന് നീക്കുകയായിരുന്നു. കഴിഞ്ഞ മേയിൽ ഒരു പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാരോപിച്ച് ലണ്ടൻ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഫിഫയുടെ നടപടി. എന്നാൽ, അന്വേഷണത്തിൽ കുറ്റകൃത്യം നടന്നതായി തെളിയിക്കാൻ കഴിയാത്തതിനെ തുടർന്ന് റോബിനെ പിന്നീട് കേസിൽ നിന്നും പൂർണ്ണമായും ഒഴിവാക്കി. കുറ്റമുക്തനായിട്ടും ഫിഫ അദ്ദേഹത്തെ ലോകകപ്പ് റഫറി പാനലിലേക്ക് തിരികെ എടുത്തില്ല. 2017 മുതൽ റഫറിയിങ്ങിൽ സജീവമായ അദ്ദേഹം 2024 ലെ യൂറോ കപ്പിലും വാർ ഒഫീഷ്യലായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഫിഫയുടെ തീരുമാനത്തിൽ താൻ കടുത്ത നിരാശനാണെന്ന് അദ്ദേഹം നേരത്തെ ഡച്ച് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. തനിക്കെതിരായ കേസ് പൂർണ്ണമായും കെട്ടിച്ചമച്ചതാണെന്നും, അന്വേഷണത്തോട് താൻ ആദ്യവസാനം പൂർണ്ണമായി സഹകരിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എല്ലാം ഫിഫയെയും ഡച്ച് ഫുട്ബോൾ അസോസിയേഷനെയും അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. കുറ്റമുക്തനായിട്ടും ലോകകപ്പ് റഫറി പാനലിലേക്ക് തിരികെ പരിഗണിക്കാത്തതിലുള്ള കടുത്ത മനോവിഷമമാകാം ഒരുപക്ഷെ ഈ അപ്രതീക്ഷിത മരണത്തിന് കാരണമായതെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ആളുകൾ പങ്കുവെക്കുന്ന സംശയം.

Also read: