23/07/2026
[fontresizer_tawhidurrahmandear_widget]

എപ്സ്റ്റീൻ ഫയലുകളിൽ 2000 തവണ പരാമർശിക്കപ്പെട്ട വ്യക്തി; ഫ്രഞ്ച് മോഡലിങ് സ്കൗട്ട് മരിച്ച നിലയിൽ

 എപ്സ്റ്റീൻ ഫയലുകളിൽ 2000 തവണ പരാമർശിക്കപ്പെട്ട വ്യക്തി; ഫ്രഞ്ച് മോഡലിങ് സ്കൗട്ട് മരിച്ച നിലയിൽ

പാരീസ്: അന്താരാഷ്ട്ര തലത്തിൽ കോളിളക്കം സൃഷ്ടിച്ച ജെഫ്രി എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട് അന്വേഷണം നേരിട്ടിരുന്ന ഫ്രഞ്ച് മോഡലിങ് സ്കൗട്ട് ഡാനിയൽ സിയാദിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പാരീസിന് സമീപം കൊളംബ്‌സിലുള്ള സ്വന്തം വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്.

മരണകാരണം വ്യക്തമല്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ ഔദ്യോഗികമായി സ്ഥിരീകരിക്കാനാകൂ എന്നും നാൻ്റേറെ പ്രോസിക്യൂട്ടർ ഓഫിസ് അറിയിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട് ഫ്രാൻസിൽ ദുരൂഹസാഹചര്യത്തിൽ മരിക്കുന്ന രണ്ടാമത്തെ പ്രമുഖ വ്യക്തിയാണ് സിയാദ്. 2020-ൽ അറസ്റ്റിലായ മറ്റൊരു മോഡലിംഗ് ഏജൻ്റായ ജീൻ-ലൂക്ക് ബ്രൂണൽ 2022-ൽ ജയിലിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട എപ്സ്റ്റീൻ ഫയലുകളിൽ രണ്ടായിരത്തോളം തവണയാണ് ഡാനിയൽ സിയാദിന്റെ പേര് പരാമർശിച്ചിട്ടുള്ളത്. ജെഫ്രി എപ്സ്റ്റീന് വേണ്ടി സ്ത്രീകളെയും പെൺകുട്ടികളെയും റിക്രൂട്ട് ചെയ്തിരുന്നത് സിയാദാണെന്നാണ് പ്രധാന ആരോപണം. മാനഭംഗം, മനുഷ്യക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് സിയാദിനെതിരെ കുറഞ്ഞത് അഞ്ച് സ്ത്രീകൾ നേരിട്ട് പരാതി നൽകിയിരുന്നതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

എപ്സ്റ്റീൻ ഫയലുകൾ പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ ഫെബ്രുവരിയിൽ ഫ്രഞ്ച് പോലീസ് ഇയാൾക്കെതിരെ മനുഷ്യക്കടത്ത്, നികുതി വെട്ടിപ്പ് എന്നീ കുറ്റങ്ങൾ ചുമത്തി അന്വേഷണം ആരംഭിച്ചിരുന്നു. ഇരുപത്തിനാലോളം സ്ത്രീകളാണ് ഇതിനോടകം സാക്ഷികളായും ഇരകളായും രംഗത്തുവന്നിട്ടുള്ളത്. സിയാദിൻ്റെ മരണശേഷവും പത്തംഗ ഉദ്യോഗസ്ഥ സംഘം കേസിൽ അന്വേഷണം തുടരുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.

അതേസമയം, സിയാദിനെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷക മെന്യ അറബ്-ട്രിഗ്രിൻ അവകാശപ്പെട്ടു. സിയാദിനെ അറസ്റ്റ് ചെയ്യാൻ തക്ക തെളിവുകളൊന്നും പോലീസിന് ലഭിച്ചിരുന്നില്ലെന്നും ഹൃദയാഘാതം മൂലമാണ് അദ്ദേഹം മരിച്ചതെന്നും അഭിഭാഷക റോയിട്ടേഴ്സിന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ മേയ് മാസത്തിൽ ഒരു ഫ്രഞ്ച് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, എപ്സ്റ്റീനുമായി തനിക്ക് തികച്ചും പ്രൊഫഷണലായ ബന്ധം മാത്രമാണുണ്ടായിരുന്നതെന്ന് സിയാദും വ്യക്തമാക്കിയിരുന്നു.

Also read: