21/07/2026
[fontresizer_tawhidurrahmandear_widget]

ഫ്രാൻസ് – മൊറോക്കോ ക്വാർട്ടർ പോരാട്ടം: കളി നിയന്ത്രിക്കാൻ പൂർണമായും അർജന്റീനൻ റഫറിമാർ; ഫിഫയുടെ തീരുമാനത്തിൽ വിവാദം

 ഫ്രാൻസ് – മൊറോക്കോ ക്വാർട്ടർ പോരാട്ടം: കളി നിയന്ത്രിക്കാൻ പൂർണമായും അർജന്റീനൻ റഫറിമാർ; ഫിഫയുടെ തീരുമാനത്തിൽ വിവാദം

വാഷിങ്ടൺ: ലോകകപ്പിലെ ഫ്രാൻസ് – മൊറോക്കോ ക്വാർട്ടർ ഫൈനൽ മത്സരം നിയന്ത്രിക്കാൻ പൂർണ്ണമായും അർജന്റീനയിൽ നിന്നുള്ള റഫറിമാരെ നിയമിച്ച ഫിഫയുടെ നടപടി വിവാദത്തിൽ. ഫീൽഡ് റഫറി ഉൾപ്പെടെയുള്ള മുഴുവൻ മാച്ച് ഒഫീഷ്യലുകളും അർജന്റീനക്കാരാണ്. ഫ്രാൻസും അർജന്റീനയും തമ്മിൽ ഫുട്ബോളിൽ നിലനിൽക്കുന്ന കടുത്ത കായിക വൈരത്തിന്റെ പശ്ചാത്തലത്തിൽ ഫിഫയുടെ ഈ തീരുമാനം വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. ഈ ലോകകപ്പിൽ ഒരു മത്സരം പൂർണ്ണമായും ഒരേ രാജ്യത്തുനിന്നുള്ള ഒഫീഷ്യലുകൾ മാത്രം നിയന്ത്രിക്കുന്നത് ഇതാദ്യമായാണ്.

വെള്ളിയാഴ്ച പുലർച്ചെ 1.30-ന് ബോസ്റ്റൺ സ്റ്റേഡിയത്തിലാണ് ഫ്രാൻസും മൊറോക്കോയും തമ്മിലുള്ള ഈ ആവേശപ്പോരാട്ടം നടക്കുന്നത്. 44-കാരനായ ഫാകുണ്ടോ ടെല്ലോയാണ് മത്സരത്തിലെ പ്രധാന റഫറി. ജുവാൻ പാബ്ലോ ബെലാട്ടി, ഗബ്രിയേൽ ചാഡെ എന്നിവരാണ് ടെല്ലോയെ സഹായിക്കാനുള്ള അസിസ്റ്റന്റ് റഫറിമാർ. ഫോർത്ത് ഒഫീഷ്യലായി ഡാരിയോ ഹെരേരയും, റിസർവ് അസിസ്റ്റന്റ് റഫറിയായി ക്രിസ്റ്റ്യൻ നവാരോയും ചുമതലയേൽക്കും. ഇവർ അഞ്ചുപേരും അർജന്റീനക്കാരാണ് എന്നതാണ് ശ്രദ്ധേയം.

അതേസമയം, റഫറി നിയമനവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന വിമർശനങ്ങളെയും വിവാദങ്ങളെയും ഫിഫ തള്ളിക്കളഞ്ഞു. തികച്ചും യോഗ്യത മാത്രമാണ് ഒഫീഷ്യലുകളെ നിയമിക്കുന്നതിനുള്ള മാനദണ്ഡമെന്ന് ഫെഡറേഷൻ വ്യക്തമാക്കി. ഫ്രഞ്ച് ക്യാമ്പും ഈ വിവാദങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്നില്ല. റഫറി ആരാണെന്നതിലല്ല, മറിച്ച് മൊറോക്കോയ്‌ക്കെതിരായ മത്സരത്തിലാണ് തങ്ങളുടെ മുഴുവൻ ശ്രദ്ധയുമെന്നും, മുൻപും റഫറിമാരെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും ഫ്രഞ്ച് ഡിഫൻഡർ ഡായോട്ട് ഉപമെകാനോ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു. മത്സരത്തിന് മുൻപുള്ള ഇത്തരം അനാവശ്യ ചർച്ചകൾ ഒഴിവാക്കണമെന്ന് ഫ്രാൻസിന്റെ മൂന്നാം ചോയ്‌സ് ഗോൾകീപ്പറായ റോബിൻ റിസ്സറും പ്രതികരിച്ചു.

Also read: