20/07/2026
[fontresizer_tawhidurrahmandear_widget]

‘അപ്പാ എന്നോട് ക്ഷമിക്കണം’; ബി.ടെക് ഗോൾഡ് മെഡലിസ്റ്റ്, പരീക്ഷയെഴുതിയത് 50 തവണ; സർക്കാർ ജോലി കിട്ടാത്ത നിരാശയിൽ 23-കാരൻ ജീവനൊടുക്കി

 ‘അപ്പാ എന്നോട് ക്ഷമിക്കണം’; ബി.ടെക് ഗോൾഡ് മെഡലിസ്റ്റ്, പരീക്ഷയെഴുതിയത് 50 തവണ; സർക്കാർ ജോലി കിട്ടാത്ത നിരാശയിൽ 23-കാരൻ ജീവനൊടുക്കി

കാൻപൂർ: ഉത്തർപ്രദേശിലെ കാൻപൂരിൽ അൻപതോളം തവണ ശ്രമിച്ചിട്ടും സർക്കാർ ജോലി ലഭിക്കാത്തതിലുള്ള മനോവിഷമത്തിൽ ബി.ടെക് ഗോൾഡ് മെഡലിസ്റ്റായ 23-കാരൻ ജീവനൊടുക്കി. ഗോവിന്ദ് നഗറിലെ ഗുജൈനി മേഖലയിലുള്ള സ്വന്തം വീട്ടിലെ മുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് ആനന്ദ് എന്ന യുവാവിനെ കണ്ടെത്തിയത്. താൻ അൻപതോളം സർക്കാർ ജോലികൾക്കായി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുവെന്നും ഇതിൽ തന്നോട് ക്ഷമിക്കണമെന്നും പിതാവിനോട് മാപ്പപേക്ഷിച്ചുകൊണ്ടുള്ള അഞ്ച് വരികളുള്ള ആത്മഹത്യാക്കുറിപ്പ് മുറിയിൽ നിന്നും പോലീസ് കണ്ടെടുത്തു.

2024-ൽ കാൺപൂരിലെ പി.എസ്.ഐ.ടി എന്ന സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ബി.ടെക് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥിയായിരുന്നു ആനന്ദ്. ബി.ടെക് പഠനത്തിൽ ഉത്തർപ്രദേശിൽ തന്നെ മൂന്നാം റാങ്ക് കരസ്ഥമാക്കിയ ഇദ്ദേഹത്തിന് 2024 ഓഗസ്റ്റ് 13-ന് നടന്ന കോളേജ് പരിപാടിയിൽ വെച്ചാണ് ഗോൾഡ് മെഡൽ സമ്മാനിച്ചത്.

ആനന്ദിന്റെ മൂത്ത സഹോദരന്റെ വിവാഹം ഉറപ്പിക്കുന്നതിനായി കുടുംബാംഗങ്ങൾ ബിഹാറിലേക്ക് പോയിരിക്കുകയായിരുന്നു. ഇവരുടെ മൂന്ന് നിലകളുള്ള വീട്ടിലെ മുറിയിലായിരുന്നു ആനന്ദ് ഉണ്ടായിരുന്നത്. മുറിയുടെ വാതിലിൽ തുടർച്ചയായി മുട്ടിയിട്ടും തുറക്കാത്തതിനെ തുടർന്ന് വീട്ടിലെ ജോലിക്കാരി അയൽവാസികളെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ശനിയാഴ്ച വൈകുന്നേരത്തോടെ ഭൈരവ് ഘട്ടിൽ വെച്ച് സംസ്കാര ചടങ്ങുകൾ നടത്തി.

ബിഹാറിലെ ബക്‌സർ സ്വദേശിയും ലോഹിയ പ്രൈവറ്റ് ലിമിറ്റഡിലെ വിരമിച്ച ജീവനക്കാരനുമാണ് ആനന്ദിന്റെ പിതാവായ രാജ്‌കുമാർ. ബിരുദപഠനത്തിന് ശേഷം പവർ ഗ്രിഡിൽ ഒരു വർഷത്തെ അപ്രൻ്റീസ്ഷിപ്പ് പൂർത്തിയാക്കിയ ആനന്ദ് പിന്നീട് പൂർണ്ണമായും മത്സര പരീക്ഷകൾക്കായുള്ള തയ്യാറെടുപ്പുകളിലായിരുന്നുവെന്ന് പിതാവ് പറഞ്ഞു. റെയിൽവേ, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്.എസ്.സി), ബാങ്ക്, വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയവ നടത്തിയ വിവിധ റിക്രൂട്ട്‌മെൻ്റ് പരീക്ഷകൾ എഴുതിയെങ്കിലും ജോലി നേടാൻ സാധിച്ചില്ല.

കഴിഞ്ഞ കുറച്ചുമാസങ്ങളായി മകൻ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും പിതാവ് വ്യക്തമാക്കി. മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്ത കാര്യം ഗോവിന്ദ് നഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ അശോക് കുമാർ ദുബെ സ്ഥിരീകരിച്ചു. സർക്കാർ ജോലി ലഭിക്കാത്തതിലുള്ള കടുത്ത മാനസിക സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും കേസിന്റെ എല്ലാ വശങ്ങളും വിശദമായി അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.

Also read: