21/07/2026
[fontresizer_tawhidurrahmandear_widget]

എംബാപ്പെയുടെ ‘നികൃഷ്ടയായ സ്ത്രീ’ പരാമർശം;’നിനക്ക് ഞാൻ ആരാണെന്നറിയില്ല, സ്ത്രീയായതുകൊണ്ടാണോ ഈ പുച്ഛം?’; മാപ്പ് പറയണമെന്ന് പരാഗ്വേ സെനറ്റർ

 എംബാപ്പെയുടെ ‘നികൃഷ്ടയായ സ്ത്രീ’ പരാമർശം;’നിനക്ക് ഞാൻ ആരാണെന്നറിയില്ല, സ്ത്രീയായതുകൊണ്ടാണോ ഈ പുച്ഛം?’; മാപ്പ് പറയണമെന്ന് പരാഗ്വേ സെനറ്റർ

ന്യൂയോർക്ക്: 2026 ലോകകപ്പിൽ ഫ്രാൻസിനെതിരായ പ്രീക്വാർട്ടർ മത്സരത്തിലെ പരാഗ്വെയുടെ തോൽവിക്ക് പിന്നാലെ ഫ്രഞ്ച് ക്യാപ്റ്റൻ കിലിയൻ എംബാപ്പെയും പരാഗ്വേ സെനറ്റർ സെലസ്റ്റെ അമറില്ലയും തമ്മിലുണ്ടായ വാക്പോര് കൂടുതൽ രൂക്ഷമാകുന്നു. എംബാപ്പെ തന്നോട് പരസ്യമായി മാപ്പുചോദിക്കണമെന്നും ഇല്ലെങ്കിൽ നിയമനടപടികൾ നേരിടേണ്ടി വരുമെന്നുമാണ് സെനറ്ററുടെ പുതിയ ഭീഷണി. താൻ ആരാണെന്ന് എംബാപ്പെയ്ക്ക് കൃത്യമായി ബോധ്യപ്പെട്ടിട്ടില്ലെന്നും, ജനങ്ങളുടെ വോട്ടിലൂടെ തിരഞ്ഞെടുക്കപ്പെട്ട തന്നെ ‘നികൃഷ്ടയായ സ്ത്രീ’ എന്ന് വിളിച്ച് അധിക്ഷേപിച്ചത് താനൊരു സ്ത്രീയായതുകൊണ്ടുള്ള പുച്ഛം കൊണ്ടാണെന്നും അമറില്ല ആരോപിച്ചു. ഇത് കടുത്ത ലിംഗവിവേചനവും രാഷ്ട്രീയ അതിക്രമവുമാണെന്നും എംബാപ്പെ തന്റെ വാക്കുകൾ പിൻവലിച്ച് മാപ്പ് പറഞ്ഞേ തീരൂ എന്നുമാണ് അവരുടെ ഇപ്പോഴത്തെ നിലപാട്.

പരാഗ്വെയുടെ പുറത്താകലിന് പിന്നാലെ എംബാപ്പെയെ ‘കോളനിവത്കരിക്കപ്പെട്ട കാമറൂണുകാരൻ’ എന്ന് വിളിച്ച് അമറില്ല നടത്തിയ വംശീയ അധിക്ഷേപങ്ങളാണ് ഈ വലിയ വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഇതിനെതിരെ ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ ഇതിനോടകം നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. അമറില്ലയുടെ വാക്കുകൾക്ക് പിന്നാലെയാണ് പരാഗ്വേ കോൺഗ്രസിൽ പ്രവർത്തിക്കാൻ അവർ അയോഗ്യയാണെന്നും നികൃഷ്ടയായ ഒരു സ്ത്രീയാണെന്നും എംബാപ്പെ തിരിച്ചടിച്ചത്. വിവാദങ്ങൾ രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടിയതോടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണും കായിക മന്ത്രി മറീന ഫെറാറിയും എംബാപ്പെയ്ക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. ലോകത്ത് ഇത്തരം വംശീയതകൾ വെച്ചുപൊറുപ്പിക്കില്ലെന്ന് അവർ വ്യക്തമാക്കി. അതേസമയം, സെനറ്ററുടെ വംശീയ പരാമർശങ്ങൾ തങ്ങളുടെ ഔദ്യോഗിക നിലപാടല്ലെന്ന് വ്യക്തമാക്കി പരാഗ്വേ സർക്കാരും ഈ വിഷയത്തിൽ നിന്നും പൂർണ്ണമായി കൈയൊഴിഞ്ഞിരിക്കുകയാണ്.

മത്സരത്തിനിടെ വലിയ തോതിൽ ഫൗളുകൾ നടത്തിയ പരാഗ്വേ ടീമിനെതിരെ, വൃത്തികെട്ട കളി കളിക്കാനും തങ്ങൾക്കറിയാമെന്ന് മത്സരശേഷം എംബാപ്പെ പ്രതികരിച്ചിരുന്നു. ഈ വാക്കുകളെ സെനറ്റർ വളച്ചൊടിച്ചതാണെന്നാണ് കായികലോകത്തെ പൊതുവെയുള്ള വിലയിരുത്തൽ. എന്നാൽ പരാഗ്വേ താരങ്ങളോടും ഗോൾകീപ്പറോടും എംബാപ്പെ അഹങ്കാരത്തോടെ പെരുമാറിയെന്നും ഇത് തന്റെ രാജ്യത്തെ ഒന്നടങ്കം വേദനിപ്പിച്ചുവെന്നുമാണ് അവർ ആരോപിക്കുന്നത്. അതേസമയം ഫ്രാൻസ് എന്ന രാജ്യത്തോട് തനിക്ക് യാതൊരു വിരോധവുമില്ലെന്നും തനിക്ക് പ്രശ്നം എംബാപ്പെയോട് മാത്രമാണെന്നും അമറില്ല വിശദീകരിച്ചു. രണ്ടു വയസ്സു മുതൽ പതിനേഴു വയസ്സു വരെ താൻ ഒരു ഫ്രഞ്ച് സ്കൂളിലാണ് പഠിച്ചതെന്നും ഫ്രഞ്ച് ഭാഷ മനോഹരമായി സംസാരിക്കുന്ന തനിക്ക് ആ രാജ്യവുമായി വലിയ ബന്ധമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. വംശീയ അധിക്ഷേപം നടത്തിയ തന്റെ ആദ്യ പോസ്റ്റ് പിൻവലിച്ച സെനറ്റർ, മിശ്രവിവാഹിതയും ലാറ്റിനമേരിക്കൻ പശ്ചാത്തലവുമുള്ള താനും സമാനമായ അധിക്ഷേപങ്ങൾ നേരിട്ടിട്ടുണ്ടെന്നും ആ തെറ്റ് തിരിച്ചറിഞ്ഞാണ് താൻ പോസ്റ്റ് ഡിലീറ്റ് ചെയ്തതെന്നും വിശദീകരിച്ചു. ഒരു ഫുട്ബോൾ മത്സരത്തിന് പിന്നാലെയുണ്ടായ ഈ തർക്കം ഇപ്പോൾ ഇരു രാജ്യങ്ങളുടെയും രാഷ്ട്രീയ തലങ്ങളിലേക്ക് കൂടി വ്യാപിച്ചിരിക്കുകയാണ്.

Also read: