21/07/2026
[fontresizer_tawhidurrahmandear_widget]

മൊറോക്കോയ്‌ക്കെതിരെ എംബാപ്പെക്ക് ലഭിച്ചത് അർഹിച്ച പെനാൽട്ടിയോ? കിക്കെടുക്കാൻ മൂന്ന് മിനിറ്റിലേറെ കാത്തിരിപ്പ്; വാർ പരിശോധനയിൽ വിമർശനം

 മൊറോക്കോയ്‌ക്കെതിരെ എംബാപ്പെക്ക് ലഭിച്ചത് അർഹിച്ച പെനാൽട്ടിയോ? കിക്കെടുക്കാൻ മൂന്ന് മിനിറ്റിലേറെ കാത്തിരിപ്പ്; വാർ പരിശോധനയിൽ വിമർശനം

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ മൊറോക്കോയ്‌ക്കെതിരായ മത്സരത്തിൽ ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെയ്ക്ക് ലഭിച്ച പെനാൽറ്റിയെ ചുറ്റിപ്പറ്റി വിവാദം. പെനാൽറ്റി ബോക്സിൽ വെച്ച് മൊറോക്കൻ പ്രതിരോധ താരം നുസൈർ മസ്‌റൂയി എംബാപ്പെയുടെ നീക്കം തടയാൻ ടാക്കിൾ ചെയ്യുന്നതിനിടെ വീണത് റഫറി നേരിട്ട് ഫൗൾ വിളിക്കുകയായിരുന്നു. എന്നാൽ നുസൈർ മസ്‌റൂയി ഫൗൾ ചെയ്യുന്നതിനു മുമ്പ് തന്നെ എംബാപ്പെ വീണോ എന്നായിരുന്നു ദുരൂഹത. ഇതേത്തുടർന്ന് പെനാൽറ്റി എടുക്കാൻ തയ്യാറായി നിന്ന എംബാപ്പെയ്ക്ക് മൂന്ന് മിനിറ്റിലേറെ നേരം കാത്തിരിക്കേണ്ടി വന്നു.

ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിലായിരുന്നു ഈ നാടകീയ നിമിഷങ്ങൾ അരങ്ങേറിയത്. റഫറി ഫകുണ്ടോ ടെല്ലോ ഫ്രാൻസിന് അനുകൂലമായി പെനാൽറ്റി അനുവദിച്ചെങ്കിലും, താരത്തിന്റെ വീഴ്ചയിൽ സംശയം ഉയർന്നതോടെയാണ് വാർ (VAR) പരിശോധന ആവശ്യമായി വന്നത്. വ്യക്തമായ ഫൗളുകളിൽ വാർ പരിശോധന സാധാരണയായി നിമിഷങ്ങൾക്കകം പൂർത്തിയാകാറുണ്ടെങ്കിലും ഈ മത്സരത്തിൽ പരിശോധനയ്ക്കായി വലിയ സമയമെടുത്തു. ഇതോടെ പെനാൽറ്റിക്കായി തയ്യാറായി നിന്ന എംബാപ്പെയ്ക്ക് കൃത്യം മൂന്ന് മിനിറ്റും 11 സെക്കൻഡും മൈതാനത്ത് കാത്തുനിൽക്കേണ്ടി വന്നു. ഈ സമയത്ത് താരം റഫറിയുമായി വാക്കുതർക്കത്തിൽ ഏർപ്പെടുന്നതും കാണാമായിരുന്നു. ഇത്രയും നേരം പെനാൽറ്റിക്കായി കാത്തുനിർത്തുന്നതിനെതിരെ നോർവീജിയൻ സൂപ്പർ താരം എർലിങ് ഹാളണ്ടും രൂക്ഷവിമർശനവുമായി രംഗത്തെത്തി. പെനാൽറ്റി എടുക്കാൻ അഞ്ച് മിനിറ്റോളം കാത്തിരിക്കേണ്ടി വരുന്നത് ഒട്ടും ശരിയായ കാര്യമല്ലെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചു.

നീണ്ട പരിശോധനകൾക്കൊടുവിൽ പെനാൽറ്റി സ്ഥിരീകരിച്ചെങ്കിലും, ലക്ഷ്യം പിഴച്ച എംബാപ്പെയുടെ ഷോട്ട് മൊറോക്കോ ഗോൾകീപ്പർ യാസിൻ ബോനു അനായാസം തടുത്തിടുകയായിരുന്നു. വേഗത്തിൽ ഓടിവന്ന് വലതുവശത്തേക്ക് അടിച്ച താരത്തിന്റെ കിക്ക് വളരെ ദുർബലമായിരുന്നു. പെനാൽറ്റി പാഴായതിലും വാർ പരിശോധന വൈകിയതിലും എംബാപ്പെ കടുത്ത നിരാശയും അസ്വസ്ഥതയും പ്രകടിപ്പിച്ചിരുന്നു. സംഭവത്തിൽ ഫുട്ബോൾ വിദഗ്ധരും ശക്തമായ വിയോജിപ്പറിയിച്ചിട്ടുണ്ട്. കിക്കെടുക്കുന്ന താരവും ഗോൾകീപ്പറും തമ്മിൽ വലിയൊരു മാനസിക യുദ്ധം നടക്കുന്ന സമയമായതിനാൽ അവിടെ ഓരോ സെക്കൻഡിനും വലിയ വിലയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. കിക്കെടുക്കാൻ വൈകുന്തോറും ഷൂട്ട് ചെയ്യുന്ന താരത്തിൽ സമ്മർദ്ദം വർധിക്കുമെന്നും, ഈ അധിക സമയം ഗോൾകീപ്പർക്ക് താരത്തിന്റെ ശരീരഭാഷ കൃത്യമായി മനസ്സിലാക്കി തന്ത്രങ്ങൾ മെനയാൻ സഹായകമാകുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ മറുവശത്ത് ഇത് ഫ്രാൻസ് അർഹിച്ച പെനാൽറ്റി അല്ലെന്ന വാദവുമായി നിരവധി ഫുട്ബോൾ നിരീക്ഷകരും രംഗത്തെത്തിയിട്ടുണ്ട്. മൊറോക്കൻ താരം ടാക്കിൾ ചെയ്യുന്നതിന് മുൻപ് തന്നെ എംബാപ്പെ ബോക്സിനുള്ളിൽ ഡൈവ് ചെയ്തിട്ടുണ്ടെന്നാണ് ഇവർ ഉന്നയിക്കുന്ന പ്രധാന വാദം. ഇത് വ്യക്തമാക്കുന്ന പല ആംഗിളുകളിലുള്ള വീഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമിഫൈനലിൽ പ്രവേശിച്ചെങ്കിലും വാർ പരിശോധനയിലെ കാലതാമസവും ഈ പെനാൽറ്റി വിവാദവും ഫുട്ബോൾ ലോകത്ത് വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

Also read: