ഇ20 പെട്രോൾ അടിച്ചപ്പോൾ മൈലേജ് കുറഞ്ഞെന്ന യൂട്യൂബറുടെ ആരോപണം; വിശദീകരണവുമായി മെഴ്സിഡസ് ബെൻസ്
ന്യൂഡൽഹി: പ്രശസ്ത ഇന്ത്യൻ ലൈഫ് സ്റ്റൈൽ വ്ലോഗറായ സൗരവ് ജോഷി അടുത്തിടെ പങ്കുവെച്ച ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. തൻ്റെ ആഡംബര കാറായ മെഴ്സിഡസ് ബെൻസ് ജിഎൽസി എസ് യു വിയിൽ സർക്കാരിന്റെ നിർദേശപ്രകാരമുള്ള ഇ20 (20 ശതമാനം എഥനോൾ ചേർത്ത) പെട്രോൾ അടിച്ചതോടെ മൈലേജ് കുത്തനെ കുറഞ്ഞുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. സാധാരണയായി 16-17 കിലോമീറ്റർ മൈലേജ് ലഭിച്ചിരുന്ന വാഹനത്തിന്, ഇ20 പെട്രോൾ ഉപയോഗിച്ച ശേഷം വെറും 5 കിലോമീറ്റർ മൈലേജ് മാത്രമാണ് ലഭിക്കുന്നതെന്ന് അദ്ദേഹം വീഡിയോയിൽ അവകാശപ്പെട്ടു.
കാറിന്റെ എഞ്ചിൻ തകരാറിലാകുമോ എന്ന ഭയവും, വാഹനം ഹൽദ്വാനിയിൽ നിന്നും ഡൽഹിയിലെ സർവീസ് സെന്ററിലേക്ക് മാറ്റുന്നതിലെ ബുദ്ധിമുട്ടുകളും അദ്ദേഹം വീഡിയോയിൽ പങ്കുവെച്ചു. ഈ അവകാശവാദങ്ങൾ പെട്ടെന്ന് തന്നെ വൈറലായി. എന്നാൽ, വാഹനത്തിന്റെ സാങ്കേതിക പരിശോധന നടത്താതെ ഇത്തരം നിഗമനങ്ങളിൽ എത്തുന്നതിനെതിരെ മെഴ്സിഡസ് ബെൻസ് ഇന്ത്യ തന്നെ നേരിട്ട് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.
ഉപഭോക്താക്കളുടെ ആശങ്കയകറ്റാൻ മെഴ്സിഡസ് ബെൻസ് ഇന്ത്യ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ തങ്ങളുടെ ബിഎസ് 6 പെട്രോൾ വാഹനങ്ങളെല്ലാം ഇ20 ഇന്ധനം ഉപയോഗിക്കാൻ പൂർണ്ണമായും അനുയോജ്യമാണെന്ന് വ്യക്തമാക്കി. ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും വാഹനത്തിന്റെ വിശ്വാസ്യതയ്ക്കും പ്രകടനത്തിനുമാണ് കമ്പനി പ്രാധാന്യം നൽകുന്നതെന്നും സാങ്കേതിക സംശയങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും മെഴ്സിഡസ് ബെൻസ് അറിയിച്ചു. സുസ്ഥിരമായ ഗതാഗത സംവിധാനങ്ങളോടുള്ള തങ്ങളുടെ പ്രതിബദ്ധതയും അവർ എടുത്തുകാട്ടി. ഇ20 പെട്രോൾ അടിച്ചത് മാത്രമാണ് മൈലേജ് 17-ൽ നിന്ന് 5 ആയി കുറയാൻ കാരണമെന്ന യൂട്യൂബറുടെ വാദം തികച്ചും അശാസ്ത്രീയമാണെന്നാണ് റിപ്പോർട്ടുകൾ വിലയിരുത്തുന്നത്.
ആധുനിക വാഹനങ്ങളുടെ ഇന്ധനക്ഷമത നിർണ്ണയിക്കുന്നത് ഇലക്ട്രോണിക് സെൻസറുകൾ, ഡ്രൈവിംഗ് രീതികൾ, വാഹനം വെറുതെ സ്റ്റാർട്ട് ചെയ്ത് നിർത്തുന്ന സമയം, കാലാവസ്ഥ തുടങ്ങി നിരവധി സങ്കീർണ്ണമായ ഘടകങ്ങളെ ആശ്രയിച്ചാണ്. എഞ്ചിൻ പരിശോധിക്കുകയോ ഇന്ധനത്തിന്റെ സാമ്പിൾ പരിശോധിക്കുകയോ ഒബിഡി സ്കാൻ നടത്തുകയോ ചെയ്യാതെ, ഡാഷ്‌ബോർഡിലെ റീഡിങ് മാത്രം നോക്കി ഇന്ധനത്തെ കുറ്റപ്പെടുത്തുന്നത് ജനങ്ങൾക്കിടയിൽ അനാവശ്യ ആശങ്ക സൃഷ്ടിക്കാൻ മാത്രമേ ഉപകരിക്കൂ.
മൈലേജ് കുറയാൻ മറ്റ് പല കാരണങ്ങളും ഉണ്ടാകാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വ്ലോഗ് ഷൂട്ട് ചെയ്യുന്നതിനായി എസി ഓണാക്കി വാഹനം കൂടുതൽ നേരം നിർത്തിയിടുന്നത് മൈലേജ് റീഡിങ് താഴേക്ക് പോകുന്നതിന് കാരണമാകും. ഹൽദ്വാനി പോലെയുള്ള ഉയർന്ന പ്രദേശങ്ങളിലെ ട്രാഫിക്കിലൂടെയുള്ള ഡ്രൈവിംഗും അടിക്കടിയുള്ള ബ്രേക്കിങ്ങും മൈലേജിനെ സാരമായി ബാധിക്കും. ഇതുകൂടാതെ, ഡാഷ്‌ബോർഡിലെ റീഡിങ്ങിനെ തെറ്റായി ബാധിക്കുന്ന തരത്തിലുള്ള ഇലക്ട്രോണിക് സെൻസർ തകരാറുകളും ഇതിന് കാരണമായേക്കാം. യഥാർത്ഥത്തിൽ, സാധാരണ പെട്രോളിനെക്കാൾ ഊർജ്ജം കുറവുള്ള എഥനോൾ കലർന്ന ഇ20 ഇന്ധനം ഉപയോഗിക്കുമ്പോൾ ഇന്ധനക്ഷമതയിൽ 1.5 മുതൽ 3 ശതമാനം വരെ നേരിയ ഇടിവ് മാത്രമേ ഉണ്ടാകാറുള്ളൂ എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കാര്യമാണ്.
എന്നാൽ 17 കിലോമീറ്ററിൽ നിന്നും 5 കിലോമീറ്ററിലേക്കുള്ള വീഴ്ച എന്നത് 70 ശതമാനം കുറവാണ് കാണിക്കുന്നത്. ഇതിനർത്ഥം വാഹനത്തിന് വലിയൊരു മെക്കാനിക്കൽ അല്ലെങ്കിൽ സെൻസർ തകരാർ സംഭവിച്ചിട്ടുണ്ടാകാമെന്നാണ്. അല്ലെങ്കിൽ പെട്രോൾ പമ്പിൽ നിന്നും വെള്ളം കലർന്ന മോശം ഇന്ധനം ഉപയോഗിച്ചതോ, വാഹനം ദീർഘനേരം നിർത്തിയിട്ടതോ ആകാം കാരണം. അതുകൊണ്ട് തന്നെ ഉയർന്ന ശ്രേണിയിലുള്ള ഇത്തരം വാഹനങ്ങൾക്ക് എന്തെങ്കിലും അസാധാരണ പ്രശ്നങ്ങൾ തോന്നുമ്പോൾ, ക്യാമറയ്ക്ക് മുന്നിൽ വന്ന് തെളിയിക്കപ്പെടാത്ത കാര്യങ്ങൾ പറയുന്നതിന് പകരം അംഗീകൃത വർക്ക് ഷോപ്പിൽ കൊണ്ടുപോയി ശാസ്ത്രീയമായ പരിശോധന നടത്തുകയാണ് ആദ്യം വേണ്ടതെന്നാണ് ഈ സംഭവം നൽകുന്ന പാഠം.