05/09/2026
[fontresizer_tawhidurrahmandear_widget]

മിനിറ്റുകൾക്കുള്ളിൽ ഗ്യാസ് സിലിണ്ടർ വീട്ടിലെത്തും; പുതിയ സേവനവുമായി സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്

 മിനിറ്റുകൾക്കുള്ളിൽ ഗ്യാസ് സിലിണ്ടർ വീട്ടിലെത്തും; പുതിയ സേവനവുമായി സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്

ബം​ഗളൂരു: ക്വിക്ക് കൊമേഴ്സ് രംഗത്ത് പുതിയൊരു വിപ്ലവത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് പ്രമുഖ പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി സഹകരിച്ച് എൽ.പി.ജി ഗ്യാസ് സിലിണ്ടറുകൾ മിനിറ്റുകൾക്കകം ഉപഭോക്താക്കളുടെ വീട്ടുപടിക്കൽ എത്തിക്കുന്ന സേവനമാണ് കമ്പനി ആരംഭിച്ചിരിക്കുന്നത്. രാജ്യത്തെ ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളിൽ ഇത്തരമൊരു സംരംഭം ഇതാദ്യമായാണ്. നിലവിൽ ബെംഗളൂരുവിലാണ് ഈ സേവനം ലഭ്യമാക്കിയിട്ടുള്ളത്. നിലവിലുള്ള ഗ്യാസ് കണക്ഷൻ ഇല്ലാത്തവർക്കും ആപ്പ് വഴി നേരിട്ട് സിലിണ്ടർ ഓർഡർ ചെയ്യാമെന്നതാണ് ഇതിന്റെ പ്രധാന ആകർഷണം.

എച്ച്.പി.സി.എല്ലിന്റെ പുതിയ 10 കിലോ കമ്പോസിറ്റ് സിലിണ്ടറായ ‘എച്ച്.പി നവ്യ’, 5 കിലോയുടെ സാധാരണ മെറ്റൽ സിലിണ്ടർ എന്നിവയാണ് ഇൻസ്റ്റാമാർട്ട് വഴി ലഭിക്കുക. ഇതിൽ ‘എച്ച്.പി നവ്യ’ സിലിണ്ടറിന്റെ പുറംഭാഗം സുതാര്യമായതിനാൽ സിലിണ്ടറിൽ എത്ര ഗ്യാസ് ബാക്കിയുണ്ടെന്ന് ഉപഭോക്താക്കൾക്ക് ഒറ്റനോട്ടത്തിൽ അറിയാനാകും. പലചരക്ക് സാധനങ്ങൾക്ക് പുറമെ മറ്റ് അവശ്യ സേവനങ്ങളും അതിവേഗം ഉപഭോക്താക്കളിൽ എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് സി.ഇ.ഒ അമിതേഷ് ഷാ വ്യക്തമാക്കി.

സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തി, സ്വിഗ്ഗിയുടെ ഡെലിവറി ടീമിന് പകരം എച്ച്.പി.സി.എല്ലിന്റെ അംഗീകൃത വിതരണക്കാരാണ് സിലിണ്ടറുകൾ വീടുകളിൽ എത്തിക്കുന്നത്. ഉപഭോക്താക്കൾ ആപ്പിൽ ഓർഡർ ചെയ്യുമ്പോൾ അത് അതത് പ്രദേശത്തെ എച്ച്.പി.സി.എൽ വിതരണക്കാർക്ക് കൈമാറുകയും, പരിശീലനം ലഭിച്ച അവരുടെ ജീവനക്കാർ സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ച് സിലിണ്ടർ ഡെലിവറി ചെയ്യുകയുമാണ് ചെയ്യുന്നത്.

ഇൻസ്റ്റാമാർട്ട് വഴി ആദ്യമായി സിലിണ്ടർ ഓർഡർ ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഇതൊരു പുതിയ കണക്ഷനായിട്ടായിരിക്കും പരിഗണിക്കുക. ഇതിനായി തിരിച്ചറിയൽ രേഖകൾ നൽകേണ്ടതുണ്ട്. തുടർന്നുള്ള ബുക്കിങ്ങുകളിൽ, പുതിയ സിലിണ്ടർ വീട്ടിലെത്തിക്കുമ്പോൾ ഒഴിഞ്ഞ സിലിണ്ടർ തിരികെ നൽകുന്ന സ്വാപ്പ് സിസ്റ്റമായിരിക്കും പിന്തുടരുക. ഗ്യാസ് സിലിണ്ടറുകൾക്കായി ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന സാധാരണക്കാർക്ക് വലിയൊരു ആശ്വാസമാവുകയാണ് സ്വിഗ്ഗിയുടെ ഈ പുതിയ സേവനം.

Also read: