സൗദി അറേബ്യയ്ക്ക് യുറേനിയം സമ്പുഷ്ടീകരിക്കാൻ അനുമതി; നിർണായക ആണവ കരാറിന് പച്ചക്കൊടി കാണിച്ച് ട്രംപ്
വാഷിങ്ടൺ: സൗദി അറേബ്യയുടെ സിവിൽ ആണവ പദ്ധതിയുടെ ഭാഗമായി രാജ്യത്ത് യുറേനിയം സമ്പുഷ്ടീകരണത്തിന് അനുമതി നൽകുന്ന നിർണായക കരാറിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അംഗീകാരം നൽകി. വാൾസ്ട്രീറ്റ് ജേർണലാണ് അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഈ സുപ്രധാന റിപ്പോർട്ട് പുറത്തുവിട്ടത്. എന്നാൽ, വൈറ്റ് ഹൗസോ സൗദി ഭരണകൂടമോ ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
30 വർഷത്തെ കാലാവധിയുള്ള ഈ കരാർ പ്രകാരം സൗദിയിലെ ആണവ നിലയങ്ങളുടെ വികസനത്തിൽ അമേരിക്കൻ കമ്പനികളും പങ്കാളികളാകും. ഇരു രാജ്യങ്ങളും സംയുക്തമായി നടത്തുന്ന പഠനത്തിന് ശേഷം സൗദിയിൽ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം സ്ഥാപിക്കാനും ഈ കരാർ വഴിയൊരുക്കും. സൗദിയുമായി അമേരിക്കൻ സാങ്കേതികവിദ്യ പങ്കുവെക്കുന്ന സമാനമായ ആണവ കരാറുകളിലെത്താൻ ഡൊണാൾഡ് ട്രംപും മുൻ പ്രസിഡൻ്റ് ജോ ബൈഡനും മുമ്പും ശ്രമങ്ങൾ നടത്തിയിരുന്നു.
യു.എസ് കോൺഗ്രസിന്റെ പരിഗണനയ്ക്ക് വരുമ്പോൾ ഈ കരാർ കടുത്ത എതിർപ്പുകൾ നേരിടാനാണ് സാധ്യത. സൗദിക്ക് സ്വന്തമായി യുറേനിയം സമ്പുഷ്ടീകരിക്കാൻ അനുമതി നൽകുന്നത് മിഡിൽ ഈസ്റ്റിൽ പുതിയ ആണവ ആയുധ മത്സരത്തിന് കാരണമാകുമെന്നാണ് ജനപ്രതിനിധികളുടെ ആശങ്ക. സമാധാനപരമായ ആവശ്യങ്ങൾക്ക് ആണവോർജ്ജം ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയിൽ (ഐ.എ.ഇ.എ) സൗദി അംഗമാണ്. എന്നാൽ, കൂടുതൽ കടുപ്പമേറിയ പരിശോധനകൾ ഉറപ്പാക്കുന്ന ഐ.എ.ഇ.എയുടെ ‘അഡീഷണൽ പ്രോട്ടോക്കോൾ’ വ്യവസ്ഥകൾ ഈ കരാറിൽ ഉൾപ്പെടുത്തിയിട്ടില്ല എന്ന റിപ്പോർട്ടുകളും ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.
ഇറാൻ്റെ ആണവായുധ ശേഷി തകർക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇസ്രായേലും സംയുക്ത സൈനിക നീക്കങ്ങൾ ശക്തമാക്കുന്നതിനിടെയാണ് ട്രംപിൻ്റെ ഈ പുതിയ പ്രഖ്യാപനം വരുന്നത്. ഇറാൻ ആണവ ബോംബ് വികസിപ്പിച്ചാൽ തങ്ങളും അത് സ്വന്തമാക്കുമെന്ന് സൗദി കിരീടാവകാശി മുൻപ് വ്യക്തമാക്കിയിരുന്നു. അതിനാൽ, പുതിയ കരാർ സൗദിയെ ആണവായുധ പദ്ധതികളിലേക്ക് നയിച്ചേക്കാമെന്ന് ആണവവ്യാപന വിരുദ്ധ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
കഴിഞ്ഞ വർഷം പ്രസിഡൻ്റ് ട്രംപ് സൗദി സന്ദർശിക്കുന്നതിന് തൊട്ടുമുമ്പ് യു.എസ് ഊർജ സെക്രട്ടറി ക്രിസ് റൈറ്റ് റിയാദിലെത്തി സൗദി ഊർജ മന്ത്രിയുമായി ചർച്ചകൾ നടത്തിയിരുന്നു. ഇതിന് പിന്നാലെ, ഖത്തറിൽ വെച്ച് ഹമാസ് നേതാക്കൾക്ക് നേരെ ഇസ്രായേൽ ആക്രമണം നടത്തിയതിന് പിന്നാലെ സൗദി അറേബ്യയും ആണവശക്തിയായ പാകിസ്താനും തമ്മിൽ ഒരു പ്രതിരോധ കരാറിൽ ഒപ്പുവെച്ചിരുന്നു. ആവശ്യമെങ്കിൽ തങ്ങളുടെ ആണവശേഷി സൗദിക്ക് ലഭ്യമാക്കുമെന്ന പാകിസ്താൻ പ്രതിരോധ മന്ത്രിയുടെ പ്രസ്താവന ഇസ്രായേലിനുള്ള വ്യക്തമായ മുന്നറിയിപ്പായാണ് വിലയിരുത്തപ്പെട്ടത്.