04/09/2026
[fontresizer_tawhidurrahmandear_widget]

‘മോദിജി, നിങ്ങൾ എന്റെ ജീവിതം നരകതുല്യമാക്കി, എനിക്കിനി നഷ്ടപ്പെടാൻ ഒന്നുമില്ല, ഇനി ഞാൻ പിന്മാറില്ല’; ജന്തർമന്തർ പരാമർശത്തിൽ വേട്ടയാടപ്പെട്ട പെൺകുട്ടിയുടെ വീഡിയോ വൈറലാവുന്നു; ഏറ്റെടുത്ത് പ്രതിപക്ഷം

 ‘മോദിജി, നിങ്ങൾ എന്റെ ജീവിതം നരകതുല്യമാക്കി, എനിക്കിനി നഷ്ടപ്പെടാൻ ഒന്നുമില്ല, ഇനി ഞാൻ പിന്മാറില്ല’; ജന്തർമന്തർ പരാമർശത്തിൽ വേട്ടയാടപ്പെട്ട പെൺകുട്ടിയുടെ വീഡിയോ വൈറലാവുന്നു; ഏറ്റെടുത്ത് പ്രതിപക്ഷം

ന്യൂഡൽഹി: ജന്തർമന്തറിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്കുമെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന പേരില്‍ സൈബർ ആക്രമണം നേരിട്ട കൗമാരക്കാരിയുടെ പുതിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പ്രധാനമന്ത്രി തന്റെ ജീവിതം നരകതുല്യമാക്കിയെന്നും തനിക്കിനി നഷ്ടപ്പെടാൻ ഒന്നുമില്ലാത്തതിനാൽ ഈ വിഷയത്തിൽ പിന്നോട്ടില്ലെന്നും പെൺകുട്ടി വീഡിയോയിൽ വ്യക്തമാക്കുന്നു.

“മോദിജി, നിങ്ങൾ എന്റെ ജീവിതം നരകതുല്യമാക്കി. 15 വയസ്സുള്ള ഒരു പെൺകുട്ടിയെ വേട്ടയാടി അവൾക്ക് എല്ലായിടത്തുനിന്നും നിങ്ങൾ ദുരിതം സമ്മാനിച്ചു. എനിക്കുണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ടു, അതിനാൽ എനിക്കിനി നഷ്ടപ്പെടാൻ ഒന്നുമില്ലെന്ന് ഞാൻ നിങ്ങളോട് പറയുന്നു. എനിക്ക് സ്വാതന്ത്ര്യമില്ല, എവിടേക്കും പോകാനോ എവിടെയും സ്വസ്ഥമായി താമസിക്കാനോ കഴിയുന്നില്ല. എല്ലായിടത്തും മുഖം മറച്ചു നടക്കേണ്ട ഗതികേടിലാണ് ഞാൻ. അതിനാൽ തന്നെ ഇനി ഞാൻ ഇതിൽ നിന്ന് പിന്മാറില്ല,” പെൺകുട്ടി പറയുന്നതായി വീഡിയോയിലുണ്ട്.

ഈ വീഡിയോ നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ തയ്യാറാക്കിയതല്ലെന്ന് പെൺകുട്ടിയുടെ അഭിഭാഷകനായ അനിൽ സിങ് ‘ദി ട്രിബ്യൂണി’നോട് പറഞ്ഞു. എന്നാൽ, ദൃശ്യങ്ങളിൽ കാണുന്നത് പെൺകുട്ടി തന്നെയാണോ എന്ന് സ്ഥിരീകരിക്കാൻ അദ്ദേഹം തയ്യാറായില്ല. പെൺകുട്ടി തന്നെയാണ് ആദ്യം ഈ വീഡിയോ പോസ്റ്റ് ചെയ്തതെന്നും ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഇത് കോൺഗ്രസും ആം ആദ്മി പാർട്ടിയും ഏറ്റെടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വീണ്ടും തിരികൊളുത്തിയിരിക്കുന്നത്. നേരത്തെ പുറത്തുവന്ന പെൺകുട്ടിയുടെ മാപ്പപേക്ഷ ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാണെന്ന് ഇരു പാർട്ടികളും ആരോപിച്ചു. നിരന്തരം വേട്ടയാടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതുവഴിയാണ് ആ പെൺകുട്ടിക്ക് അന്ന് മാപ്പ് പറയേണ്ടി വന്നതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

ജൂലൈ 23-ന് ജന്തർമന്തറിൽ നടന്ന പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയെ നിന്ദ്യമായ ഭാഷയിൽ ആക്ഷേപിച്ചെന്നാരോപിച്ച് സുപ്രീം കോടതി അഭിഭാഷക സ്‌മൃതി സിങ് ചന്ദേൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജൂലൈ 29-ന് നോയിഡയിലെ എക്‌സ്പ്രസ്‌വേ പോലീസ് സ്റ്റേഷനിൽ പെൺകുട്ടിക്കെതിരെ സീറോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. പിന്നീട് ഈ കേസ് അന്വേഷണത്തിനായി ഡൽഹി പാർലമെൻ്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. വിവാദങ്ങൾ ഉയർന്ന സമയത്ത് താൻ പറഞ്ഞ വാക്കുകളിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ട് പെൺകുട്ടി കൈകൂപ്പി മാപ്പപേക്ഷിക്കുന്ന മറ്റൊരു വീഡിയോയും വ്യാപകമായി പ്രചരിച്ചിരുന്നു. ഇത്തരം വിവാദങ്ങളിൽപ്പെടുന്ന ചെറുപ്പക്കാരെ ശിക്ഷിക്കുന്നതിന് പകരം അവർക്ക് സമൂഹത്തിൽ മറ്റൊരു അവസരം നൽകാൻ തയ്യാറാകണമെന്ന് പ്രധാനമന്ത്രി മോദി പിന്നീട് അഭിപ്രായപ്പെടുകയും ചെയ്തു.

എന്നാൽ ഇതിന് ശേഷവും പോലീസും ടെലിവിഷൻ റിപ്പോർട്ടർമാരും അപരിചിതരായ പല വ്യക്തികളും പെൺകുട്ടിയുടെ നോയിഡയിലെ വാടക ഫ്ലാറ്റിലേക്ക് നിരന്തരം അന്വേഷിച്ചെത്തിയിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. തുടർച്ചയായ ഭീഷണികൾക്കും വേട്ടയാടലുകൾക്കുമൊടുവിൽ വീടുവിടാൻ നിർബന്ധിതരായ ആ കുടുംബം നിലവിൽ ഹരിയാനയിലാണുള്ളത്.

Also read: