04/09/2026
[fontresizer_tawhidurrahmandear_widget]

വിശ്രമിക്കാൻ സമയമില്ല, നേടാൻ ഇനിയും ബാക്കി ;76-ാം വയസ്സിൽ ബിരുദം, ഇപ്പോൾ 78-ൽ പിജി ഫലവും കാത്ത് സരോജിനിയമ്മ

 വിശ്രമിക്കാൻ സമയമില്ല, നേടാൻ ഇനിയും ബാക്കി ;76-ാം വയസ്സിൽ ബിരുദം, ഇപ്പോൾ 78-ൽ പിജി ഫലവും കാത്ത് സരോജിനിയമ്മ

തൊടുപുഴ: സ്വപ്നങ്ങൾ നേടിയെടുക്കാൻ പ്രായം ഒരു തടസ്സമേയല്ലെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുകയാണ് തൊടുപുഴ കുടയത്തൂർ ചേലപ്ലാക്കൽ വീട്ടിൽ കെ.ഐ. സരോജിനി. സർവ്വീസിൽ നിന്നും വിരമിച്ച ശേഷം വിശ്രമജീവിതം നയിക്കേണ്ട സമയത്ത്, തന്റെ എഴുപത്തിയെട്ടാം വയസ്സിൽ ബിരുദാനന്തര ബിരുദത്തിന്റെ പരീക്ഷാഫലവും കാത്തിരിക്കുകയാണ് ഈ അമ്മ. 1966-ൽ പത്താം ക്ലാസ് പാസായ സരോജിനിക്ക് പിന്നീട് ആദായനികുതി വകുപ്പിലാണ് ജോലി ലഭിച്ചത്. ഔദ്യോഗിക തിരക്കുകൾക്കും കുടുംബകാര്യങ്ങൾക്കും ഒപ്പം ജീവിതം മുന്നോട്ടുപോകുന്നതിനിടെ 2008-ൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായാണ് അവർ സർവീസിൽ നിന്ന് വിരമിച്ചത്. വിരസമായ ഒരു വിശ്രമജീവിതത്തിന് പകരം എപ്പോഴും സജീവമായിരിക്കാൻ പഠനം പുനരാരംഭിക്കുകയാണ് നല്ലതെന്ന് സരോജിനിയമ്മ തീരുമാനിക്കുകയായിരുന്നു.

ഉള്ളിലുണ്ടായിരുന്ന പഠനമോഹത്തിന് വീണ്ടും ജീവൻ നൽകിയ ഈ തീരുമാനമാണ് പിന്നീട് വലിയൊരു വിജയഗാഥയായി മാറിയത്. 2020-ൽ പ്ലസ്ടു പാസായ സരോജിനിയമ്മ അതേ വർഷം തന്നെ ബിരുദ പഠനത്തിനും ചേർന്നു. കോവിഡ് മഹാമാരിയുടെ പ്രതിസന്ധിക്കാലത്ത് ഓൺലൈൻ ക്ലാസുകളിലൂടെയും വോയ്സ് നോട്ടുകളിലൂടെയും പഠനം തുടർന്ന അവർ, 2024-ൽ തന്റെ 76-ാം വയസ്സിൽ തൊടുപുഴ എം.ജി. കോളേജിൽ നിന്ന് ബി.എ. ഹിസ്റ്ററിയിൽ ബിരുദം സ്വന്തമാക്കി. ഇതോടെ പഠനം അവസാനിപ്പിക്കാതെ എം.എ കൂടി ചെയ്യണമെന്ന ആഗ്രഹത്താൽ 2024-ൽ തന്നെ ബിരുദാനന്തര ബിരുദത്തിനും ചേർന്നു. പൂർണ്ണമായും ഓൺലൈനിലൂടെയായിരുന്നു എം.എ. പഠനവും. ഈ പഠനവും പൂർത്തിയാക്കി ഇപ്പോൾ നാലാം സെമസ്റ്റർ പരീക്ഷയും എഴുതി ഫലം കാത്തിരിക്കുകയാണ് സരോജിനിയമ്മ.

സ്വന്തം മക്കളുടെ പ്രായമുള്ള അധ്യാപകരും കൊച്ചുമക്കളുടെ പ്രായമുള്ള സഹപാഠികളുമാണ് ഈ പഠനകാലത്ത് സരോജിനിയമ്മയ്ക്ക് ഉണ്ടായിരുന്നത്. എല്ലാവരും വലിയ പിന്തുണ നൽകിയതോടെ ഈ പുതിയ അധ്യയനകാലം അവർ ശരിക്കും ആസ്വദിച്ചു. ആദായനികുതി വകുപ്പിലെ റിട്ടയേർഡ് ഉദ്യോഗസ്ഥനായിരുന്ന പരേതനായ സി.ആർ. അയ്യപ്പനാണ് ഭർത്താവ്. വിമൽ രാജ, വിപിൻ രാജ എന്നിവരാണ് മക്കൾ. വ്യക്തമായ ലക്ഷ്യബോധവും ശക്തമായ മനസ്സുമുണ്ടെങ്കിൽ പ്രായത്തിന്റെ അതിരുകളില്ലാതെ ഏതൊരാൾക്കും സ്വപ്‌നങ്ങൾ കീഴടക്കാമെന്നാണ് തന്റെ ഈ നേട്ടങ്ങളിലൂടെ സരോജിനിയമ്മ സമൂഹത്തിന് നൽകുന്ന സന്ദേശം.

Also read: