05/09/2026
[fontresizer_tawhidurrahmandear_widget]

‘പുതിയ സ്വകാര്യസ്വത്ത് നിയമം, രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി’; പ്രസിഡൻ്റിൻ്റെ തീവ്ര വലതു-കോർപ്പറേറ്റ് നയങ്ങൾക്കെതിരെ തെരുവിലിറങ്ങി അർജന്റീനൻ ജനത

 ‘പുതിയ സ്വകാര്യസ്വത്ത് നിയമം, രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി’; പ്രസിഡൻ്റിൻ്റെ തീവ്ര വലതു-കോർപ്പറേറ്റ് നയങ്ങൾക്കെതിരെ തെരുവിലിറങ്ങി അർജന്റീനൻ ജനത

ബ്യൂണസ് അയേഴ്സ്: അർജന്റീനയിൽ പ്രസിഡന്റ് ഹാവിയർ മിലേയുടെ തീവ്രവലതുപക്ഷ–കോർപ്പറേറ്റ് ഭരണത്തിനെതിരെ രാജ്യവ്യാപകമായി വൻ ജനകീയ പ്രക്ഷോഭം. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കും രാജ്യത്തിന്റെ സ്വത്തുക്കൾ വിദേശികൾക്ക് തീറെഴുതുന്ന പുതിയ ഭൂമി വിദേശവൽക്കരണ നിയമത്തിനുമെതിരെ ആയിരക്കണക്കിന് യുവജനങ്ങളും തൊഴിലാളികളുമാണ് തെരുവിലിറങ്ങിയിരിക്കുന്നത്.

തലസ്ഥാനമായ ബ്യൂണസ് അയേഴ്സിലെ നാഷണൽ കോൺഗ്രസ് (സെനറ്റ്) മന്ദിരത്തിന് പുറത്ത് തടിച്ചുകൂടിയ ആയിരക്കണക്കിന് പ്രതിഷേധക്കാരെ പോലീസ് ലാത്തിച്ചാർജും റബ്ബർ ബുള്ളറ്റുകളും കണ്ണീർവാതകവും ജലപീരങ്കിയും ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിച്ചത് വലിയ സംഘർഷങ്ങൾക്ക് വഴിവെച്ചു. മോശം കാലാവസ്ഥയെപ്പോലും വകവയ്ക്കാതെയാണ് യുവജനങ്ങളും തൊഴിലാളി യൂണിയനുകളും ഇടതുപക്ഷ പ്രസ്ഥാനങ്ങളും സർക്കാരിനെതിരായ പ്രതിഷേധത്തിനായി ഒത്തുകൂടിയത്.

‘സ്വകാര്യ സ്വത്തിന്റെ അലംഘനീയത’ എന്ന പേരിൽ സർക്കാർ കോൺഗ്രസിൽ അവതരിപ്പിച്ച പുതിയ സ്വകാര്യസ്വത്ത് നിയമമാണ് രാജ്യത്തെ വീണ്ടും വലിയ പ്രക്ഷോഭങ്ങളിലേക്ക് തള്ളിവിട്ടിരിക്കുന്നത്. സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നതിൽ സർക്കാരിനുള്ള അധികാരം പരിമിതപ്പെടുത്തുകയും കുടിയൊഴിപ്പിക്കൽ നടപടികൾ കൂടുതൽ വേഗത്തിലാക്കുകയും ഗ്രാമീണ ഭൂവിനിയോഗ ചട്ടങ്ങളിൽ മാറ്റം വരുത്തുകയും ചെയ്യുന്നതാണ് പുതിയ ബിൽ. ഇതിനുപുറമെ രാജ്യത്തേക്ക് വിദേശ നിക്ഷേപം ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ, വിദേശികൾക്കും വിദേശ കമ്പനികൾക്കും അർജന്റീനയിൽ ഭൂമി വാങ്ങാനുള്ള പരിധി നിലവിലുണ്ടായിരുന്ന 15 ശതമാനത്തിൽ നിന്ന് 25 ശതമാനമായി ഉയർത്താനുള്ള നിർണ്ണായക വ്യവസ്ഥയും ഈ ബില്ലിൽ ഉൾപ്പെടുത്തിയിരുന്നു.

എന്നാൽ ഭരണപക്ഷത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള കടുത്ത എതിർപ്പിനെത്തുടർന്ന് ഈ വിവാദ വ്യവസ്ഥ ബില്ലിൽ നിന്ന് ഒഴിവാക്കാൻ സർക്കാർ നിർബന്ധിതരായി. എന്നിരുന്നാലും ബില്ലിലെ മറ്റ് ജനദ്രോഹപരമായ വ്യവസ്ഥകൾ പിൻവലിക്കാത്തതിനാൽ ജനങ്ങൾ ഈ തീരുമാനത്തെ മുഖവിലയ്‌ക്കെടുക്കാതെ പ്രതിഷേധം തുടരുകയായിരുന്നു. ബ്യൂണസ് അയേഴ്സ് സർവകലാശാലയുടെയും മറ്റ് ഗവേഷകരുടെയും പുതിയ പഠനപ്രകാരം അർജന്റീനയുടെ മൊത്തം ഭൂപ്രദേശത്തിന്റെ ഏകദേശം അഞ്ച് ശതമാനത്തോളം (ഇംഗ്ലണ്ടിന്റെ വലുപ്പത്തിന് തുല്യമായ പ്രദേശം) ഇതിനോടകം തന്നെ വിദേശികളുടെ ഉടമസ്ഥതയിലാണുള്ളത്. തുറമുഖങ്ങളും ധാതുസമ്പത്തും കൂടുതലുള്ള പല പ്രധാന പ്രദേശങ്ങളിലും ഈ വിദേശ ഉടമസ്ഥത ഇതിനകം 15 ശതമാനം എന്ന പരിധി മറികടന്നിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

പുതിയ ബിൽ രാജ്യത്തിന്റെ പരമാധികാരത്തെയും പ്രകൃതിവിഭവങ്ങളെയും വിദേശ കുത്തകകൾക്ക് അടിയറവുവെക്കുന്നതിന് തുല്യമാണെന്നും, ഇത് അധിനിവേശത്തിനും ചൂഷണത്തിനും വഴിയൊരുക്കുമെന്നും പ്രതിഷേധക്കാർ വ്യക്തമാക്കുന്നു. ‘ഹോം ലാൻ്റ് ഈസ് നോട്ട് ഫോ‍ർ സെയിൽ’ എന്നെഴുതിയ ബാനറുകളും അർജന്റീനയുടെ ദേശീയ പതാകകളും ഉയർത്തിപ്പിടിച്ചാണ് ജനങ്ങൾ ഭരണകൂടത്തിനെതിരെ അണിനിരന്നത്. അർജന്റീന നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയും നാൾക്കുനാൾ വർദ്ധിച്ചുവരുന്ന വിലക്കയറ്റവും സർക്കാരിന്റെ ജനവിരുദ്ധ സാമ്പത്തിക പരിഷ്കാരങ്ങളും നേരത്തെ തന്നെ ജനങ്ങളെ ഹാവിയർ മിലേ സർക്കാരിനെതിരെ തിരിച്ചിരുന്നു.

രാജ്യത്തെ അടിസ്ഥാന സ്വത്തുക്കൾ വിറ്റഴിക്കാൻ വഴിയൊരുക്കുന്ന പ്രസിഡന്റിന്റെ ഇത്തരം നയങ്ങൾ സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുകയാണെന്നാണ് പ്രധാന ആരോപണം. മിലേ സർക്കാരിന്റെ നയങ്ങളോട് കടുത്ത വിയോജിപ്പുള്ള രാജ്യത്തെ യുവവോട്ടർമാരിൽ 70 ശതമാനവും സർക്കാരിനെതിരാണെന്ന് അടുത്തിടെ പുറത്തുവന്ന ആഗോള സർവേ റിപ്പോർട്ടുകളും വ്യക്തമാക്കുന്നുണ്ട്. വിവാദമായ ഈ സ്വത്ത് നിയമം പൂർണ്ണമായും പിൻവലിക്കുന്നത് വരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകാനാണ് അർജന്റീനൻ ജനതയുടെ തീരുമാനം.

Also read: