04/09/2026
[fontresizer_tawhidurrahmandear_widget]

കാമുകിക്ക് ഐഫോൺ വാങ്ങാനും അടിച്ചുപൊളിക്കാനും സ്വന്തം വീട്ടിലെ ലോക്കർ തകർത്ത് 50 ലക്ഷവും സ്വർണവും കവർന്ന യുവാവ് പിടിയിൽ

 കാമുകിക്ക് ഐഫോൺ വാങ്ങാനും അടിച്ചുപൊളിക്കാനും സ്വന്തം വീട്ടിലെ ലോക്കർ തകർത്ത് 50 ലക്ഷവും സ്വർണവും കവർന്ന യുവാവ് പിടിയിൽ

ദിസ്‌പൂർ: കാമുകിക്ക് വിലകൂടിയ ഐഫോൺ വാങ്ങാനും ഒപ്പം ആഡംബര ജീവിതം നയിക്കാനുമായി സ്വന്തം വീട്ടിലെ ലോക്കർ കുത്തിത്തുറന്ന് 50 ലക്ഷം രൂപയും സ്വർണാഭരണങ്ങളും മോഷ്ട‌ിച്ച യുവാവ് അറസ്റ്റിൽ. അസമിലെ ജോർഹട്ടിലാണ് സംഭവം. ഇരുപത്തിയഞ്ചുകാരനായ യഷ് ധനുക അഗർവാളിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. കുടുംബം വീട്ടിലില്ലാതിരുന്ന ആഗസ്റ്റ് 11-നാണ് മോഷണം നടന്നത്. പിതാവിൻ്റെ മുറിയിലുണ്ടായിരുന്ന ലോക്കർ തകർത്താണ് ഇയാൾ പണവും സ്വർണാഭരണങ്ങളും കവർന്നതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ബിസിനസ് ആവശ്യങ്ങൾക്കായി വീട്ടിൽ വലിയ തുക സൂക്ഷിച്ചിട്ടുള്ള വിവരം കുടുംബ ബിസിനസിൽ പങ്കാളിയായിരുന്ന യഷിന് കൃത്യമായി അറിയാമായിരുന്നു.

മോഷണത്തിന് ശേഷം അഹമ്മദാബാദിലേക്ക് കടന്ന യഷിനെ, പിതാവ് അവിടെയെത്തി കണ്ടെത്തി തിരികെ കൊണ്ടുവന്ന് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. സൈബർ പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് വീടുമായി അടുത്ത ബന്ധമുള്ള യഷിലേക്ക് സംശയമെത്തിയത്. എന്നാൽ താൻ ഒറ്റയ്ക്കല്ല മോഷണം നടത്തിയതെന്നും, സുഹൃത്തുക്കളായ ജിതേന്ദ്ര സോമാനി, രോഹിത് പ്രസാദ് എന്നിവരുമായി ചേർന്ന് പദ്ധതി തയ്യാറാക്കുകയായിരുന്നുവെന്നും യഷ് പൊലീസിന് മൊഴി നൽകി. പണം എങ്ങനെ കൈക്കലാക്കാം എന്നതിനെക്കുറിച്ച് സുഹൃത്തുക്കൾ നിർദേശങ്ങൾ നൽകിയെന്നും, ഇവരുടെ സഹായത്തോടെ ലോക്കർ പൊളിക്കാൻ ഒരു വിദഗ്ധനെ കൊണ്ടുവന്നതായും മൊഴിയിലുണ്ട്. മോഷ്ടിച്ച സ്വർണം വിൽക്കാൻ സഹായിച്ചുവെന്ന് സംശയിക്കുന്ന സുഹൃത്തുക്കളെ പ്രതിചേർത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഇവർ നിലവിൽ ഒളിവിലാണ്.

മോഷ്ടിച്ച തുകയിൽ വലിയൊരു ഭാഗം യഷ് തന്റെ കാമുകിയായ പുബാലി ദത്തയ്ക്ക് വേണ്ടിയാണ് ചെലവഴിച്ചത്. കാമുകിക്കായി 1.5 ലക്ഷം രൂപ വിലവരുന്ന ഐഫോൺ വാങ്ങിയതിനും, പണം നൽകി വിലകൂടിയ ഹോട്ടലുകളിലും റിസോർട്ടുകളിലും ഒന്നിച്ച് താമസിച്ചതിനും പൊലീസിന് സൂചനകൾ ലഭിച്ചിട്ടുണ്ട്. കാമുകിക്ക് വേണ്ടി മാത്രം ഏകദേശം അഞ്ച് ലക്ഷം രൂപയോളം ചെലവാക്കിയെന്നാണ് യഷിന്റെ മൊഴി. പുബാലി ദത്തയെ കേസിൽ നിലവിൽ പ്രതി ചേർത്തിട്ടില്ലെങ്കിലും, മോഷണവിവരം ഇവർക്കറിയാമായിരുന്നോ എന്ന കാര്യം പൊലീസ് വിശദമായി പരിശോധിച്ചേക്കും. ജിതേന്ദ്ര സോമാനി തെറ്റിദ്ധരിപ്പിച്ചതിനാലാണ് താൻ കുറ്റകൃത്യത്തിന് മുതിർന്നതെന്നും ഇതിൽ തനിക്ക് വലിയ ഖേദമുണ്ടെന്നുമാണ് യഷ് അന്വേഷണ സംഘത്തോട് പറയുന്നത്. യഷിന്റെ ഈ അവകാശവാദങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. ഒളിവിലുള്ള പ്രതികളെ പിടികൂടാനും നഷ്ടപ്പെട്ട പണവും സ്വർണവും വീണ്ടെടുക്കാനുമുള്ള ഊർജിതമായ അന്വേഷണം പൊലീസ് തുടരുകയാണ്.

Also read: