04/09/2026
[fontresizer_tawhidurrahmandear_widget]

മലാലയുടെ പുസ്തകം വായിച്ചതിന് അഹമ്മദാബാദിൽ വായനക്കാർക്ക് നേരെ ബജ്‌റംഗ്ദൾ ആക്രമണം; മൂന്ന് പേർ അറസ്റ്റിൽ

 മലാലയുടെ പുസ്തകം വായിച്ചതിന് അഹമ്മദാബാദിൽ വായനക്കാർക്ക് നേരെ ബജ്‌റംഗ്ദൾ ആക്രമണം; മൂന്ന് പേർ അറസ്റ്റിൽ

അഹമ്മ​ദാബാദ്: നൊബേൽ സമാധാന പുരസ്കാര ജേതാവായ മലാല യൂസഫ്‌സായിയുടെയും ആൻ ഫ്രാങ്കിന്റെയും പുസ്തകങ്ങൾ വായിക്കുന്നതിനായി അഹമ്മദാബാദിൽ ഒത്തുകൂടിയ യുവാക്കൾക്കും വിദ്യാർത്ഥികൾക്കും നേരെ ബജ്‌റംഗ്ദൾ പ്രവർത്തകരുടെ ആക്രമണം.

വ്യാഴാഴ്ച വൈകുന്നേരം അഹമ്മദാബാദിലെ വസ്ത്രാപൂർ ഗാർഡനിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയ വഴി സംഘടിപ്പിച്ച വായനാ കൂട്ടായ്മയ്ക്ക് നേരെയാണ് വടികളുമായെത്തിയ സംഘം അക്രമം അഴിച്ചുവിട്ടത്. സ്ത്രീകളുൾപ്പെടെ ഇരുപതോളം പേരാണ് പുസ്തക വായനയ്ക്കായി പാർക്കിൽ ഒത്തുകൂടിയിരുന്നത്. ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

പരിപാടി കഴിഞ്ഞ് ഇവർ മടങ്ങാൻ തുടങ്ങുമ്പോഴാണ് കാവി ഷാളുകൾ ധരിച്ചെത്തിയ ഇരുപതോളം വരുന്ന അക്രമികൾ സംഘം ചേർന്നത്. എന്തിനാണ് മലാലയുടെ പുസ്തകം വായിക്കുന്നതെന്ന് ചോദിച്ച് ഇവർ വായനക്കാരെ തടഞ്ഞുനിർത്തുകയും മർദ്ദിക്കുകയുമായിരുന്നു. സ്ത്രീകൾക്ക് നേരെ അധിക്ഷേപം ഉണ്ടായതായും പുസ്തകം വായിച്ചതിന്റെ പേരിൽ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

വായനക്കാരുടെ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകിയ വ്യവസായി ജയ് താക്കർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. എഫ്.ഐ.ആറിൽ സംഘടനയുടെ പേര് നേരിട്ട് പരാമർശിച്ചിട്ടില്ലെങ്കിലും ഹിരൺ റബാരി, ജിമിത് റബാരി എന്നീ ബജ്‌റംഗ്ദൾ നേതാക്കൾ ഉൾപ്പെടെ 18 പേരെ പ്രതികളാക്കിയിട്ടുണ്ട്. ഇതിൽ ആറ് പേരെ തിരിച്ചറിഞ്ഞതായും മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും വസ്ത്രാപൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജി.എം. ചൗധരി വ്യക്തമാക്കി. കലാപമുണ്ടാക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് അക്രമികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

മലാലയുടെ പുസ്തകങ്ങളിൽ ഇന്ത്യാവിരുദ്ധ ആശയങ്ങളുണ്ടെന്നാണ് ബജ്‌റംഗ്ദളിന്റെ ആരോപണം. കശ്മീർ വിഷയത്തിൽ മലാല യൂസഫ്‌സായി ഇന്ത്യാവിരുദ്ധ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും അതിനാലാണ് അവരുടെ പുസ്തകവായനയെ എതിർക്കുന്നതെന്നും ബജ്‌റംഗ്ദൾ പ്രാദേശിക നേതാവ് ജ്വലിത് മെഹ്ത ഒരു വീഡിയോ പ്രസ്താവനയിലൂടെ ന്യായീകരിക്കുകയും ചെയ്തു.

ആഴ്ചകൾക്ക് മുൻപ് അഹമ്മദാബാദിലെ ഒരു സ്വകാര്യ സ്കൂളിൽ കുട്ടികൾ നിർബന്ധമായും വായിക്കേണ്ട പുസ്തകങ്ങളുടെ പട്ടികയിൽ നിന്ന് മലാലയുടെ ആത്മകഥയായ ‘ഐ ആം മലാല’, ഹോളോകോസ്റ്റ് കാലത്തെ അനുഭവങ്ങൾ വിവരിക്കുന്ന ആൻ ഫ്രാങ്കിന്റെ ‘ദി ഡയറി ഓഫ് എ യംഗ് ഗേൾ’ എന്നീ കൃതികൾ നീക്കം ചെയ്തിരുന്നു. ഹിന്ദുത്വ സംഘടനകളുടെയും ചില രക്ഷിതാക്കളുടെയും കടുത്ത പ്രതിഷേധത്തെ തുടർന്നായിരുന്നു സ്കൂൾ അധികൃതർ ഈ പുസ്തകങ്ങൾ ലൈബ്രറിയിൽ നിന്ന് ഒഴിവാക്കിയത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ പൊതുപാർക്കിൽ വായനക്കാർക്ക് നേരെയും സമാനമായ ആക്രമണം ഉണ്ടായിരിക്കുന്നത്.

Also read: