‘അന്ന് കൺമുന്നിൽ ഭാര്യ, ഇപ്പോൾ കാതങ്ങൾക്കപ്പുറം പ്രിയമകളും’; പുതിയ വീട്ടിലേക്ക് മാറാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാലിഫോർണിയയിൽ സുഹൃത്ത് കവർന്നത് ആനിന്റെ ജീവൻ; മരവിച്ച് അച്ഛൻ
തിരുവനന്തപുരം: കൺമുന്നിൽ നടന്ന വാഹനാപകടത്തിൽ പ്രിയതമയെ നഷ്ടപ്പെട്ടതിന്റെ ആഘാതത്തിൽ നിന്ന് കരകയറിവന്ന ഒരു അച്ഛനെത്തേടി കാലിഫോർണിയയിൽ നിന്നും ആ ക്രൂരമായ വാർത്തയെത്തി. സുഹൃത്തിന്റെ രൂപത്തിലെത്തിയ കൊലയാളി കവർന്നെടുത്തത് കേശവദാസപുരം സ്വദേശിയായ ആൻമേരി മാത്യുവിന്റെ ജീവനാണ്. സ്വന്തം ഫ്ലാറ്റിലെ മുറിയിൽ വെച്ച് ഉറ്റസുഹൃത്തായ കോട്ടയം സ്വദേശിനി അനിലയാണ് ആനിനെ കൊലപ്പെടുത്തിയത്. ആനിന് പുറമെ തൃശൂർ സ്വദേശിനിയായ അഞ്ജനയെ ഫ്ലാറ്റിന് താഴേക്ക് വിളിച്ചുവരുത്തി കാറിടിപ്പിച്ചും കൊലപ്പെടുത്തി.
മൂന്ന് കുടുംബങ്ങളും ഒരേ ഫ്ലാറ്റിലായിരുന്നു താമസം. വലിയൊരു ദുരന്തത്തിൽ നിന്നും മക്കളെ ചേർത്തുപിടിച്ച് ജീവിതത്തിലേക്ക് തിരികെ നടന്ന ജിജി മാത്യു എന്ന അച്ഛന്, എന്നും തനിക്ക് താങ്ങായിരുന്ന മൂത്ത മകളുടെ ഈ ദാരുണാന്ത്യം ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. വിവരമറിഞ്ഞതുമുതൽ ആരോടും ഒരക്ഷരം പോലും മിണ്ടാനാകാതെ മരവിച്ചിരിക്കുകയാണ് അദ്ദേഹം.
നാല് വർഷം മുൻപാണ് ആനും ഭർത്താവ് ജേക്കബും ബെംഗളൂരുവിൽ നിന്നും കാലിഫോർണിയയിലെ സാൻ ഹോസെയിലേക്ക് മാറിയത്. ചെറിയ കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപികയാകണമെന്ന ആഗ്രഹത്തോടെ വിദേശത്തെത്തിയ ആൻ, ഒപ്പം താമസിച്ചിരുന്ന മലയാളി സുഹൃത്തുക്കളെ എപ്പോഴും ചേർത്തുപിടിച്ചിരുന്നു. അങ്ങനെയാണ് അനിലയുമായും അഞ്ജനയുമായും ആൻ സൗഹൃദത്തിലാകുന്നത്. കാലിഫോർണിയയിൽ സ്ഥിരതാമസമാക്കുന്നതിന്റെ ഭാഗമായി ആനും ഭർത്താവും പണം സ്വരൂക്കൂട്ടി അടുത്തിടെ ഒരു പുതിയ വീട് വാങ്ങിയിരുന്നു.
സുഹൃത്തുക്കൾക്കൊപ്പമുള്ള ഈ ഫ്ലാറ്റിൽ നിന്നും പുതിയ വീട്ടിലേക്ക് മാറാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ആനിന്റെ സ്വപ്നങ്ങളെല്ലാം ബാക്കിവെച്ച് പ്രിയ സുഹൃത്ത് തന്നെ ജീവനെടുത്തത്. പുതിയ വീട്ടിലേക്ക് മാറുന്ന സന്തോഷം ആൻ ദിവസങ്ങൾക്ക് മുൻപ് വീഡിയോ കോളിലൂടെ അച്ഛനുമായി പങ്കുവെച്ചിരുന്നു.
ബാങ്ക് ഉദ്യോഗസ്ഥരായിരുന്ന ജിജി മാത്യുവിന്റെയും ബെസി ടി. മാത്യുവിന്റെയും രണ്ട് പെൺമക്കളിൽ മൂത്തയാളാണ് ആൻ. 2018-ലായിരുന്നു ജിജിയുടെ ജീവിതം തകർത്ത ആദ്യ ദുരന്തം സംഭവിച്ചത്. പിഎംജിക്ക് സമീപം ജിജിക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഭാര്യ ബെസിയെ പിന്നിൽ നിന്നുവന്ന കെഎസ്ആർടിസി ബസ് ഇടിച്ചു വീഴ്ത്തുകയായിരുന്നു. ബസിന്റെ ചക്രം ശരീരത്തിലൂടെ കയറിയിറങ്ങി ഭാര്യ മരിക്കുന്നത് ജിജിക്ക് നിസ്സഹായനായി നോക്കിനിൽക്കേണ്ടി വന്നു. പിന്നീട് മക്കളായ ആനിനും അബനയ്ക്കും വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
വിവാഹവും ജോലിയുമായി ഇരുവരും വിദേശത്തേക്ക് മാറിയതോടെ നാട്ടിലെ വീട്ടിൽ ജിജി ഒറ്റയ്ക്കായെങ്കിലും കാതങ്ങൾക്കപ്പുറത്തുനിന്നും വീഡിയോ കോളിലൂടെ ആൻ എപ്പോഴും അച്ഛന് കൂട്ടായിരുന്നു. കഴിഞ്ഞ ജൂണിൽ ജിജിയുടെ എഴുപതാം ജന്മദിനം ആഘോഷിക്കാൻ മക്കൾ രണ്ടുപേരും നാട്ടിലെത്തി രണ്ടാഴ്ചയോളം കുടുംബത്തോടൊപ്പം സന്തോഷത്തോടെ ചിലവഴിച്ചതിന് ശേഷമാണ് മടങ്ങിയത്. ആ കളിചിരികൾ മാത്രം നിറഞ്ഞ വീട്ടിലേക്ക് ഇത്രപെട്ടെന്ന് ഈ ദുരന്തവാർത്തയെത്തുമെന്ന് നാട്ടുകാരും കരുതിയിരുന്നില്ല. സൗഹൃദങ്ങളെ ജീവനുതുല്യം സ്നേഹിച്ച ആനിനെ ആ സൗഹൃദം തന്നെ ഇല്ലാതാക്കിയെന്ന യാഥാർഥ്യത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കളും ജന്മനാടും.